ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ അമേരിക്കൻ പടക്കപ്പൽ ബഹ്‌റൈനിലെത്തി

ഗള്‍ഫ് ഡസ്ക്
Friday, November 8, 2019

മനാമ : ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ അമേരിക്കൻ പടക്കപ്പൽ ബഹ്‌റൈനിലെത്തി. എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഗൾഫ് മേഖലയിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യസേന ബഹ്‌റൈൻ സമുദ്രാതിർത്തിയിൽ നിലയുറപ്പിച്ചത്. മേഖലയിൽ എണ്ണക്കപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെട്ട പശ്ചാതലത്തിലാണ് നടപടി.

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകൾക്ക് നാവിക കപ്പലുകൾ അകമ്പടി പോകും. സൗദിയുടെ എണ്ണക്കപ്പൽ ഉൾപ്പെടെ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബഹ്‌റൈൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇൻറർനാഷനൽ മരിറ്റൈം സെക്യൂരിറ്റി കൺസ്ട്രക്ടിൻറെ ഭാഗമാകുന്നത്. സെപ്തംബറിൽ സൗദിയും യുഎഇയും അംഗങ്ങളായി. പടിഞ്ഞാറൻ രാജ്യങ്ങളുടെ കൂട്ടത്തിൽ ഓസ്‌ട്രേലിയ, ബ്രിട്ടൻ എന്നിവയും ഗൾഫ് മേഖലയിലെ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കും. എന്നാൽ പല യൂറോപ്യൻ രാജ്യങ്ങളും സഖ്യത്തിൽ ചേരാൻ തയ്യാറായിട്ടില്ല. 2015ൽ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറാണ് ഇതിന് പ്രധാന കാരണം.

×