Advertisment

ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം

author-image
മൊയ്തീന്‍ പുത്തന്‍ചിറ
Updated On
New Update

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ) മീഡിയ ഡയറക്ടര്‍ ഫഹീമ ഹസ്സന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ ആലിസന്‍ മില്ലറുമായി നടത്തിയ അഭിമുഖം.

Advertisment

publive-image

ഫഹീമ ഹസ്സന്‍

? ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. വിലങ്ങണിഞ്ഞു തറയില്‍ കിടക്കുന്ന ഫ്ലോയിഡിന്‍റെ കഴുത്തില്‍ പോലീസ് മുട്ടുകാല്‍ വെച്ചമര്‍ത്തി കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ പ്രതികരണം?

• ഇത് ഞെട്ടിക്കുന്നതായിരുന്നു. ഉടനെ ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറയുകയും ചെയ്തു ‘ഒരു പോലീസുകാരന്‍, തന്‍റെ മുട്ടുകാല്‍ ഒരു കുറ്റാരോപിതന്‍റെ കഴുത്തിലമര്‍ത്താന്‍ ഒരിക്കലും പാടുള്ളതല്ല’. വീണുകിടക്കുന്ന ജോര്‍ജിനെ അങ്ങനെ ചെയ്തത് തെറ്റായ നടപടിയാണ്. മാത്രമല്ല, ദൃക്സാക്ഷികള്‍ പോലീസുകാരനോട് കാല്‍ മാറ്റാന്‍ പറയുന്നുണ്ടെങ്കിലും അത് തുടരുകയാണ് അയാള്‍ ചെയ്യുന്നത്. തികച്ചും വേദനാജനകമായ കാഴ്ചയായിരുന്നു അത്.

? അമേരിക്കയില്‍ വംശീയത വലിയ പ്രശ്നമാണ്. സമാനമായ പല സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. മാത്രമല്ല, കോടതിയും പലപ്പോഴും അയഞ്ഞ സമീപനമാണ് എടുക്കാറുള്ളത്. പ്രത്യേകിച്ച് കറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാകുമ്പോള്‍. വെള്ളക്കാര്‍ കുറ്റവാളികളാകുന്ന സാഹചര്യങ്ങളില്‍ പോലീസ് അവര്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുന്ന കേസുകളുമുണ്ടായിട്ടുണ്ട്. നിങ്ങളുടെ അനുഭവങ്ങള്‍?

• പോലീസുകാര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തത് വലിയ പ്രശ്നമാണ്. ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനത്തെക്കാള്‍ ആളുകളുമായി എങ്ങനെ ഇടപെടണമെന്നുള്ള പരിശീലനം പോലീസുകാര്‍ക്ക് നന്നായി ലഭിച്ചാല്‍, അവര്‍ക്കു കുറെക്കൂടി നന്നായി പ്രശ്നങ്ങളെ നേരിടാന്‍ സാധിച്ചേക്കാം. പ്രത്യേകിച്ച് വംശീയ വൈവിധ്യ പരിശീലനത്തിന്‍റെ അഭാവം ഒരു പ്രധാന പ്രശ്നമാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വെളുത്ത വര്‍ഗ്ഗക്കാരുള്‍പ്പടെ തോക്കുയര്‍ത്തിപ്പിടിച്ചു കോവിഡ് അടച്ചുപൂട്ടലിനെതിരെ തെരുവിലിറങ്ങിയപ്പോള്‍ അവരെ പുഞ്ചിരിയോടെ നേരിട്ട അതേ പോലീസുദ്യോഗസ്ഥന്മാര്‍ ഇപ്പോഴുള്ള സമരത്തെ റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്പ്രേയും മറ്റുമുപയോഗിച്ചാണ് നേരിടുന്നത്.

? നിയമനടപടികളിലേക്ക് നോക്കിയാല്‍ കറുത്ത വര്‍ഗ്ഗക്കാരായ പോലീസുകാര്‍ തെറ്റു ചെയ്താല്‍ വലിയ ശിക്ഷയും വെളുത്ത വര്‍ഗ്ഗക്കാരായ പോലീസുകാര്‍ തെറ്റു ചെയ്താല്‍ കേസ് എടുക്കാത്തതുമായ അവസ്ഥയാണുള്ളത്. ഫ്ലോയിഡിന്‍റെ കാര്യത്തില്‍ തന്നെയും വലിയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മുഹമ്മദ് നൂര്‍ എന്ന പോലീസുകാരന്‍ ഒരു വെളുത്ത വര്‍ഗ്ഗക്കാരിയായ യുവതിയെ കൊന്ന കേസില്‍, വീഡിയോ തെളിവുകള്‍ ഇല്ലായിരുന്നിട്ടു കൂടി വലിയ ശിക്ഷയാണ് വിധിച്ചത്. ഇത്തരം വിവേചനത്തെപ്പറ്റി എന്താണഭിപ്രായം?

publive-image

• തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ഇത് ഒരു വംശീയ പ്രശ്നമാണ്. കറുത്ത വര്‍ഗ്ഗക്കാരനും സോമാലിയന്‍ മുസ്ലിമുമായ പോലീസ് ഓഫീസര്‍ നൂറിന്‍റെ കാര്യത്തില്‍ കടുത്ത വിവേചനമാണ് ഉണ്ടായത്. ഒരു ഓഫീസറോട് തെറ്റായ നിലപാട് സ്വീകരിച്ചതിന്‍റെ ഉത്തമോദാഹരണമായിരുന്നു ആ നടപടികള്‍. പോലീസുദ്യോഗസ്ഥന്‍റെ അവിചാരിതമായ വെടിവെപ്പിന് ഇത്തരമൊരു ശിക്ഷ കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ്. നിര്‍ഭാഗ്യവശാല്‍, നിയമപാലകര്‍ പ്രതിയെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തില്ല, എന്നു മാത്രമല്ല കൃത്യസ്ഥലത്തു നിന്നും കൊലപാതകിയെ രക്ഷപ്പെടുത്തുകയും പ്രതിക്കുവേണ്ടി ഒരു നിയമവിദഗ്ദ്ധനെ ഏര്‍പ്പാടാക്കുകയും അതിനുവേണ്ടി പണം ശേഖരിക്കുകയും ചെയ്തു.

? പോലീസ് ഹെല്‍പ് ലൈനില്‍ വിളിച്ചിട്ട് അവര്‍ സംഭവസ്ഥലത്തെത്തിയാല്‍ എങ്ങനെയാണു പെരുമാറേണ്ടത്?

• അവര്‍ എത്തി ഫോണ്‍ വിളിച്ച ആളുമായി സംസാരിച്ചു കുറ്റാരോപിതനെതിരെയുള്ള തെളിവുകള്‍ എടുക്കണം. വിളിച്ചു പറഞ്ഞ ആളില്‍ നിന്നും ആരോപിതനില്‍ നിന്നും മൊഴിയെടുക്കും. കുറ്റാരോപണം കൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യുവാന്‍ കഴിയുകയില്ല. അപ്പോള്‍ വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ ശേഖരിച്ച വിവരങ്ങളുമായി പോലീസുദ്യോഗസ്ഥര്‍ തിരിച്ചുപോവുകയും മതിയായ തെളിവുകള്‍ കിട്ടിയാല്‍ മാത്രം കുറ്റമാരോപിക്കപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു പ്രാദേശിക ജയിലില്‍ കൊണ്ടുപോവുകയും കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി കാത്തിരിക്കുകയും ചെയ്യണം.

? നീതിപൂര്‍വം ഇടപെടാന്‍ പോലീസിന്‍റെ പരിശീലനത്തില്‍ എന്താണ് പുതുതായി ചെയ്യാന്‍ കഴിയുക?

• പലതരത്തിലും വംശത്തിലുമുള്ള ആളുകളുമായി ഇടപെടാനുള്ള ബഹുസ്വര (diversity), സാംസ്കാരിക സംവേദന (cultural sensitivity) പരിശീലനങ്ങള്‍ ആവശ്യമാണ്. കുറെയധികം വെളുത്ത വര്‍ഗ്ഗക്കാരായ പോലീസുകാര്‍ക്ക് മറ്റു വിഭാഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നറിയില്ല. മാത്രമല്ല, കുറ്റാന്വേഷണ സംവിധാനത്തിലും നിയമപാലന വകുപ്പിലും കറുത്ത വര്‍ഗ്ഗക്കാരെയും മറ്റു വിഭാഗങ്ങളെയും കൂടുതല്‍ ഉള്‍പ്പെടുത്തുകയും വേണം.

? നീതിന്യായ വ്യവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്താം?

• നീതിന്യായ സംവിധാനം വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കണം.ഇപ്പോള്‍ നടക്കുന്ന സമരങ്ങളും അവരുടെ ആവശ്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ നമുക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയും.

? യു.എസ്. പോലീസുകാര്‍ ഇസ്രായേലില്‍ പരിശീലനത്തിനു പോവുുണ്ടോ? അവരുടെ രീതികളില്‍ പ്രതിയോഗിയുടെ സുരക്ഷക്ക് പ്രധാനമല്ലാത്ത രീതികളില്‍ പെട്ടതാണോ കഴുത്തില്‍ മുട്ടമര്‍ത്തിയ രീതി ?

• ഉണ്ട്. ഇസ്രായേല്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തിലേറെയായി ഫലസ്തീനികള്‍ക്കെതിരെ ഉപയോഗിക്കുന്ന മുറകള്‍, പ്രത്യേകിച്ച് ചില മര്‍മ്മ മുറകള്‍ അമേരിക്കന്‍ പൊലീസുകാരെ പരിശീലിപ്പിക്കുന്നുണ്ട്. ക്രാവ് മഗാ (Krav Maga) മര്‍ദ്ധസ്ഥല രീതികള്‍/നാഡീ തളര്‍ത്തല്‍ രീതികള്‍ വളരെ ക്രൂരമെങ്കിലും ഫലപ്രദമായ ഇസ്രായേല്‍ രീതിയാണ്. എങ്ങനെ ആയുധം തിരികെ കൈവശപ്പെടുത്താം, ഷര്‍ട്ടില്‍ പിടിച്ചു ഒരാളെ എങ്ങനെ കൈപ്പിടിയിലൊതുക്കാം, പ്രതിയോഗിയെ കുറഞ്ഞ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുതെങ്ങനെ തുടങ്ങിയ പരിശീലനങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. ഫ്ലോയിഡിന്‍റെ കാര്യത്തില്‍ പോലീസുകാരന്‍ തന്‍റെ കൈകള്‍ പോക്കറ്റിലിട്ട് ഇരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. പോലീസ് സംരക്ഷകരും ജനസേവകരുമാണ്, ആയോധന കലാകാരന്മാരല്ല. ഒരു പരിധിക്കപ്പുറം ക്രാവ് മഗാ ഉപയോഗിക്കുന്നത് ഭൂഷണമല്ല.

? കൈകള്‍ പിന്നില്‍ ബന്ധിച്ചു നിലത്തു കിടത്തിയിരുന്ന ഫ്ലോയിഡ് ഓടി രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലാഞ്ഞിട്ടും പോലീസ് കൊലപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ പോലീസിന്‍റെ ക്രൂരതകളില്‍ നിന്നും ജനങ്ങള്‍ക്ക് സഹായകരമായ എന്തെങ്കിലും സംവിധാനമുണ്ടോ?

• നിര്‍ഭാഗ്യവശാല്‍ അങ്ങിനെ ഒന്നുമില്ല. ചില ഓണ്‍ലൈന്‍ സംഘടനകളുടെ ഇടപെടലുകള്‍ കണ്ടിട്ടുണ്ട്. തെരുവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ സഹായിക്കാനൊന്നും അവര്‍ക്ക് കഴിയില്ലെങ്കിലും കോടതി നടപടികളില്‍ സഹായിക്കുവാനും നിയമവിദഗ്ധരെ ഏര്‍പ്പാടാക്കുവാനും അവരുടെ സഹായം ലഭ്യമാവും. അത് വളരെ ഉപകാരപ്രദമാണ്.

? സാമൂഹ്യ മാധ്യമങ്ങളില്‍ വംശവെറിയും സൈനോഫോബിയയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന പല പോലീസുകാരുടെയും പോസ്റ്റുകള്‍ കാണുന്നുണ്ട്. ഇതു തടയാന്‍ യാതൊരു ഇടപെടലുകളും കാണുന്നില്ല. ഇത് തടയേണ്ടതല്ലേ?

• ദൗര്‍ഭാഗ്യവശാല്‍ അങ്ങിനെ പല സാമൂഹ്യമാധ്യമ ഗ്രൂപ്പുകളും പോസ്റ്റുകളുമുണ്ട്. ഞാന്‍ തന്നെ അത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ വര്‍ണ്ണവെറി തമാശകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുമ്പ് സാക്ഷിയായിട്ടുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്ത് അതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ചെയ്തത്. ഇത്തരം ഗ്രൂപ്പുകളില്‍ അതിനെതിരെ ശബ്ദിച്ചാല്‍ നമ്മളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതും സ്ഥിരമാണ്. എന്നെ പലരും തീവ്രവാദിയെന്നു പോലും വിളിച്ചിട്ടുണ്ട്. ഇതിനെതിരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. ഭൂരിഭാഗം പേരും ജോലിയില്‍ തുടരുന്നുമുണ്ട്.

? പറയുമ്പോള്‍ തങ്ങള്‍ അവിടെ നിന്നു മാറാമെന്നു പറഞ്ഞതിനു ശേഷവും സിഎന്‍എന്‍ ലേഖകന്‍ ഒമര്‍ ജിമനസും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസിഡണ്ട് ട്രംപ് പറയുന്നത് മാധ്യമങ്ങള്‍ അപകടകാരികളാണെന്നാണ്. ഇത് പോലീസിന് അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുന്നുണ്ടോ?

• ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡണ്ടിന്‍റെ മനോഭാവം പോലീസുകാരില്‍ പ്രതിഫലിക്കുന്നുണ്ട്. അതവര്‍ക്ക് മാധ്യമങ്ങളെ നേരിടുന്നതിനുള്ള പ്രോത്സാഹനവുമാവുന്നുണ്ട്. മാത്രമല്ല, പോലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.

? കഴിഞ്ഞ ആഴ്ച ഫോട്ടോഗ്രാഫര്‍ ലിന്‍ഡയെ ഇടതുകണ്ണില്‍ വെടിവെച്ചു. ലിന്‍ഡ പറഞ്ഞത് താനൊരു പത്രപ്രവര്‍ത്തകയാണെന്ന് പോലീസിന് അറിയാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ലെന്നാണ്. റോയിട്ടേഴ്സിനെതിരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കുരുമുളക് സ്പ്രേയും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . പോലീസ് ഇത് അന്വേഷിക്കാറുണ്ടോ?

• ഇതും ഫലസ്തീനില്‍ സംഭവിക്കുന്നത് പോലെയാണ്. ഇസ്രായേല്‍ പട്ടാളക്കാരുടെ കിരാത നടപടികള്‍ പുറംലോകത്തെത്തിക്കുന്ന പത്രപ്രവര്‍ത്തകരോട് അവര്‍ ചെയ്യുന്നതും ഇതുതന്നെയാണ്. അവിടെ നിന്നും പരിശീലനം ലഭിച്ച ഇവിടുത്തെ പോലീസുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ ഇരകളാവുകയാണ്. പത്രപ്രവര്‍ത്തകര്‍ തെരുവില്‍ ഇരയാക്കപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗൗരവമായ നടപടികള്‍ ഉണ്ടാവാറില്ല. അങ്ങിനെത്തന്നെ തുടരാനാണ് സാധ്യത.

? കുറെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത് ലഹളകളായാണ് പ്രചരിക്കപ്പെടുന്നത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ ഒരേ സമയം കൊറോണ മൂലമുള്ള ദുരന്തങ്ങളും വംശീയതയും നേരിടുകയാണ്. പലയിടത്തും പോലീസ് പ്രതിഷേധക്കാര്‍ക്കൊപ്പം നിലയുറപ്പിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പോലീസ് എത്ര മാത്രം പ്രതിഷേധക്കാരെ അനുകൂലിക്കണം?

• പോലീസുകാര്‍ പ്രതിഷേധക്കാരുടെ കൂടെ നിലകൊള്ളുന്നത് വളരെ നല്ല കാര്യമാണ്. വര്‍ണ്ണ വിവേചനത്തിനെതിരെ പോലീസുദ്യോഗസ്ഥര്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നു. അവര്‍ അങ്ങിനെ തുടരുമെന്നാഗ്രഹിക്കുന്നു. ഇന്‍ശാ അല്ലാഹ്!

? കൊള്ളയടിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് മിസ്സോറിയിലെ റിപ്പബ്ലിക്കനായ സ്റ്റേറ്റ് പ്രതിനിധിയും ‘കൊള്ള തുടങ്ങിയാല്‍ വെടിവെപ്പും തുടങ്ങും’ എന്ന് ട്രംപും ട്വീറ്റ് ചെയ്യുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നുള്ള ഇത്തരം പ്രകോപന പ്രസ്താവനകള്‍ നിയമത്തിനു പുറത്തുള്ള കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ? തോക്ക് വാങ്ങുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടതല്ലേ?

• ഓണ്‍ലൈനായി വരുന്ന എല്ലാ ഭീഷണികളെയും പോലെ ഇതിനെയും കാണണം എന്നാണെനിക്കു തോന്നുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ) പോലെയുള്ള ഏജന്‍സികള്‍ അതിനുവേണ്ടി ശ്രമിക്കേണ്ടിയിരിക്കുന്നു. മിസ്സോറിയില്‍ ഒരു മണിക്കൂറിനുള്ളില്‍ ഒരാള്‍ക്ക് കൈത്തോക്ക് വാങ്ങാം. ഫലപ്രദമായ മാനസിക പരിശോധനയോ ഡോക്ടറുടെ സാക്ഷ്യപത്രമോ ഇല്ലാതെയാണ് പലപ്പോഴും തോക്കുകള്‍ വില്‍പ്പന നടത്തുത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇത്തരം പരിശോധനകളും അത്ര ഫലപ്രദമല്ല. ഇത്തരം ആളുകളോടാണ് തോക്കുപയോഗിക്കാന്‍ ജനപ്രതിനിധികള്‍ പറയുന്നത്. ഇതില്‍ കുറേക്കൂടി നിയന്ത്രണം കൊണ്ടുവരുന്നത് സുരക്ഷക്ക് ആവശ്യമാണ്.

? ഇപ്പോഴത്തെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്ലോയിഡിന്‍റെ അവസ്ഥയിലോ ദൃക്സാക്ഷിയുടെ അവസ്ഥയിലോ നമുക്കെന്ത് ചെയ്യാന്‍ പറ്റും?

• ഇത് തികച്ചും സങ്കടകരമായ ചോദ്യമാണ്. കയ്യുയര്‍ത്തിപ്പിടിച്ചു നിന്നിട്ടുപോലും കൊല ചെയ്യപ്പെടുന്ന പല കേസുകളും നമുക്കറിയാം. പോലീസാണ് അവരുടെ രീതി മാറ്റേണ്ടത്, സാധാരണക്കാരല്ല. പോലീസിന് മാസങ്ങളോളം പരിശീലനവും കിട്ടുന്നുണ്ട്. മാത്രമല്ല, അവര്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുമാകുന്നു. ഫ്ലോയിഡിന്‍റെ കാര്യത്തില്‍ അത് തടയാന്‍ ശ്രമിക്കുന്ന യുവതിക്കെതിരെ പോലീസ് കുരുമുളക് സ്പ്രേ അടിക്കാന്‍ തുനിയുകയായിരുന്നു. പോലീസിന്‍റെ അതിക്രമത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടി ശബ്ദിക്കുകയും സാധ്യമെങ്കില്‍ ക്യാമറയില്‍ പകര്‍ത്തുകയും വേണം.

? ഫ്ലോയിഡിന്‍റെ കാര്യത്തില്‍ രണ്ടാമതും എമര്‍ജന്‍സി നമ്പറായ 911ലേക്ക് വിളിക്കുന്നതില്‍ കാര്യമുണ്ടോ?

• ഇല്ല. അതുകൊണ്ട് കാര്യമൊന്നുമില്ല. ആദ്യത്തെ വിളിയില്‍ ഇത് ഏല്‍പ്പിക്കുന്ന പോലീസുകാര്‍ക്കാവും രണ്ടാമതും ഏല്‍പ്പിക്കപ്പെടുക. ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കു പിന്നീട് ഇത് എത്തുമ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാവും. റെക്കോര്‍ഡില്‍ രണ്ടു പ്രാവശ്യം വിളിച്ചത് രേഖപ്പെടുത്തുമെന്നുള്ളത് മാത്രമാണ് നല്ല കാര്യം.

? നമ്മളെ പോലീസ് വളഞ്ഞാല്‍ കൈകള്‍ തുറന്നു കാണിക്കണമെന്നത് അവരുടെ അവകാശമാണോ? എന്തൊക്കെയാണ് പോലീസിന്‍റെ അവകാശങ്ങള്‍?

• ഇത് അവകാശമല്ല. രണ്ടു ഭാഗത്തിന്‍റെയും സുരക്ഷക്കാണ്. സന്ദര്‍ഭത്തിനനുസരിച്ചു പോലീസിന് ബലം പ്രയോഗിക്കാനുള്ള അനുവാദമുണ്ട്. അവര്‍ നിര്‍ദേശിക്കുതിനനുസരിച്ചു തിരിച്ചറിയല്‍ രേഖ കൊടുക്കണം. കാര്‍ തുറന്നു പരിശോധിക്കണമെങ്കില്‍ പോലീസിന് വാറണ്ട് ആവശ്യമാണ്.

? മുസ്ലിംകള്‍ക്ക് കറുത്ത വര്‍ഗ്ഗക്കാരെ എങ്ങനെയാണ് സഹായിക്കാന്‍ കഴിയുക?

• നീതിക്കു വേണ്ടി നിലകൊണ്ട് നമുക്ക് സഹായിക്കുവാന്‍ കഴിയും. ഇവിടെ നിയമപരമായി സഹായിക്കാന്‍ CAIR (Council on American-Islamic Relations) ഉണ്ട്.

? താങ്കള്‍ ഒരു വെളുത്തവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്നു, അഞ്ചു വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണല്ലോ. താങ്കളുടെ അമ്മയുമായുള്ള സ്നേഹബന്ധം വളരെ മനോഹരമാണ്. താങ്കള്‍ ഇസ്ലാം സ്വീകരിച്ചെങ്കിലും നിങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹം ഇപ്പോഴും തുടരുന്നുണ്ട്. എന്താണ് ചെറുപ്പത്തിലെ സാഹചര്യങ്ങള്‍?

• ഞാന്‍ എന്‍റെ അമ്മയോട് കൂടെയാണ് വളര്‍ന്നത്. വളരെ നല്ല രീതിയില്‍, പരസ്പര ബഹുമാനത്തോടെ ജീവിക്കാനാണ് അമ്മ എന്നെ പഠിപ്പിച്ചത്. വംശീയതയുടെ അനുഭവങ്ങള്‍ ചെറുപ്പത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനോടുള നിലപാട് കാരണം കുറച്ചു സുഹൃത്തുക്കളെയെങ്കിലും എനിക്ക് നഷ്ടപ്പെട്ടിട്ടുമുണ്ട്.

? പോലീസില്‍ ചേരാനുള്ള സാഹചര്യം എന്താണ്?

• എന്‍റെ കറുത്ത വര്‍ഗ്ഗക്കാരായ സുഹൃത്തുക്കള്‍, പോലീസിനെപ്പറ്റി പരാതി പറയാറുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരേപോലെ, വിവേചനരഹിതമായി സേവനം ചെയ്യുന്നതിന് വേണ്ടി കൂടിയാണ് ഞാന്‍ പോലീസ് അക്കാഡമിയില്‍ ചേര്‍ന്നത്. അങ്ങിനെ സേനയിലെ കുറച്ചു വിദ്വേഷമുള്ളവരുടെയെങ്കിലും തെറ്റിദ്ധാരണ മാറ്റുവാന്‍ കഴിയും എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്.

? ഒരു പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ഏറ്റവും നല്ല നിമിഷമേതാണ്?

• ഒരു കുട്ടിയുടെ ശ്വാസം നിലച്ച സന്ദര്‍ഭമായിരുന്നു അത്. കുട്ടികളുടെ അമ്മ വീട്ടിലില്ലായിരുന്നു. അച്ഛന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പോലീസിനെ വിളിച്ചു. ഞങ്ങള്‍ എത്തിയപ്പോള്‍ കുഞ്ഞു ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ സി പി ആര്‍ കൊടുത്തപ്പോള്‍ കുട്ടി കരഞ്ഞു. അതു കണ്ടപ്പോള്‍ കുട്ടിയുടെ അച്ഛന്‍ കരയുന്നത് ഞങ്ങളെയും ഈറനണയിച്ചു. അതായിരുന്നു എന്‍റെ നല്ല നിമിഷവും അതുപോലെ വിഷമിപ്പിച്ച നിമിഷവും.

? ഹിജാബ് ധരിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടായഏതെങ്കിലുംസന്ദര്‍ഭമുണ്ടായിരുന്നോ ?

• എവിടെ നിന്നാണ് ഭീകരവാദികള്‍ നിങ്ങളുടെ പള്ളിയില്‍ എത്തിയതെന്നു കൂടെ ജോലി ചെയ്യുന്ന ചിലര്‍ ചോദിച്ചത് വിഷമകരമായിരുന്നു. ചോദിച്ചത് സഹപ്രവര്‍ത്തകരായതുകൊണ്ട് കൂടുതല്‍ വിഷമമുണ്ടാക്കി.

? നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു?

• ഞാന്‍ അവരോടും കുറച്ചു മോശമായ രീതിയിലാണ് പ്രതികരിച്ചത്. കുട്ടികളെ ഉപദ്രവിക്കുന്ന പാതിരിമാര്‍ എവിടേക്കാണ് പോകുന്നതെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ഇത്തരം ദുരുദ്ദേശപരമായ ചോദ്യങ്ങള്‍ നല്ലതല്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്‍റെ കൂടെ ജോലി ചെയ്യുന്ന പലരും നമസ്കാരത്തിലും നോമ്പിലും എനിക്ക് കൂട്ടായിരുന്നു. അപൂര്‍വം ചിലര്‍, ഞാന്‍ മുസ്ലിമാണെന്നറിഞ്ഞപ്പോള്‍ അവഗണനയോടെ നോക്കാന്‍ തുടങ്ങിയത് എന്നെ വേദനിപ്പിച്ചിരുന്നു.

? എല്ലാവരോടുമായി എന്തെങ്കിലും സന്ദേശം?

• പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നത് സമൂഹത്തിനു സേവനം ചെയ്യാനാണ്. സ്വസുരക്ഷയുടെ കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. എവിടെയാണ് പോകുന്നതെന്ന് വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ പരസ്പരം അറിയിക്കണം, പ്രത്യേകിച്ചും പുറത്തു നടക്കുമ്പോള്‍. പോലീസില്‍ പരിഷ്കാരങ്ങള്‍ വരുമെന്നും അവര്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

Advertisment