യുഎഇയില്‍ ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച മലയാളി യുവാവ് അനില്‍ നൈനാന്റെ സംസ്‌ക്കാരം നാളെ

ഗള്‍ഫ് ഡസ്ക്
Sunday, February 23, 2020

ഉമ്മൽഖുവൈൻ : ഭാര്യയെ ഫ്ലാറ്റിലെ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ പൊള്ളലേറ്റു മരിച്ച ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാന്റെ (32)എംബാമിങ് ഇന്ന് വൈകിട്ട് നാലിന് സോനാപൂർ മെഡിക്കൽ സെന്ററിൽ നടക്കും. രാത്രി തന്നെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ 12 ചെങ്ങന്നൂർ പുത്തൻകാവ് മതിലകം മാർത്തോമ്മാ ദേവാലയത്തിൽ നടത്തും.

കഴിഞ്ഞ ആഴ്ചയാണ് വീട്ടിലെ ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് തീപിടിത്തം ഉണ്ടായത്. ഭാര്യ നീനുവിന് പൊള്ളലേൽക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അനിലിന്റെ വസ്ത്രത്തിലേക്കും തീപടർന്നത്.

തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ അനിലിനെ ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ് ആശുപത്രിയിലും തുടർന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പൊള്ളലേറ്റ നീനു സുഖംപ്രാപിച്ചു വരുന്നു. ഏക മകൻ ഏതൻ മറ്റൊരു മുറിയിലായിരുന്നതിനാൽ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

×