ആരും കാണാത്ത വിവാഹചിത്രം: നാലാം വിവാഹവാർഷികത്തിന്റെ ഓർമകൾ പങ്കുവച്ച് അനു സിത്താര.

ഫിലിം ഡസ്ക്
Tuesday, July 9, 2019

നാലാം വിവാഹവാർഷികത്തിന്റെ ഓർമകൾ പങ്കുവച്ച് അനു സിത്താര. അധികം ആരും കാണാത്ത തന്റെ വിവാഹ ചിത്രമാണ് ഈ പ്രത്യേക ദിവസം ആരാധകർക്കായി അനു പങ്കുവച്ചത്.

ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അനു സിത്താരയും ഭര്‍ത്താവും. 2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം.

വളരെയധികം ലളിതമായിരുന്നു ഇവരുടെ വിവാഹം. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമാണ് ചിത്രത്തിൽ. കുറിപ്പിനു താഴെ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.

വിവാഹശേഷം സിനിമ വിടുന്നവരാണ് നായികമാരിൽ അധികവും. എന്നാൽ ഇന്നത്തെ മുന്‍നിര നായികമാരിൽ ഒരാളായ അനു സിത്താര വെള്ളിത്തിരയിലേക്കു വന്നതുതന്നെ വിവാഹശേഷമായിരുന്നു. ഭർത്താവ് വിഷ്ണു നൽകുന്ന പിന്തുണ തന്നെയാണ് അനുവിന്റെ വിജയത്തിന് കാരണം.

അനു സിത്താരയ്ക്കും വിഷ്ണുവിനും സിനിമയെ വെല്ലുന്നൊരു പ്രണയകഥയും പറയുവാനുണ്ട്: ‘ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്കൂളിൽനിന്നു മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നിൽ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, പ്രത്യേകിച്ച് അച്ഛനെ.

എന്നാൽ വിഷ്ണുവേട്ടൻ ഒരിക്കലും എന്റെ അടുത്ത് വരുകയോ ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് എനിക്കു മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നിൽക്കുകയാണ്.

ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈൽ ഫോൺ വാങ്ങി അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്തു നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്നമാകുമെന്നും ഞാൻ പറഞ്ഞു.

എന്റെ ആവശ്യം വിഷ്ണുവേട്ടൻ നിരാകരിക്കുമെന്നാണു കരുതിയത്. പക്ഷേ അടുത്ത ദിവസം മുതൽ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയിൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു.

എന്റെ വാക്കുകളെ വില മതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്തോ വീട്ടമ്മയായോ ഒതുങ്ങിപ്പോകുമായിരുന്നു.

എന്നെക്കാൾ അഞ്ചു വയസ്സ് മൂത്തതാണ് വിഷ്ണുവേട്ടൻ. പക്ഷേ ആളുകൾ അദ്ദേഹത്തെ എന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ െചറുപ്പത്തിൽ എനിക്ക് അസൂയയുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രണയബന്ധത്തിന് രണ്ടു വീട്ടുകാരും എതിരായിരുന്നു. എന്നാൽ ഞങ്ങൾ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു. അവർക്ക് സമ്മതിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു.’ – അനു പറയുന്നു.

×