കുവൈറ്റ് : കുവൈറ്റിലെ ഫഹാഹീല്‍ മുതല്‍ കുവൈറ്റ് സിറ്റി വരെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് എന്ന നീണ്ട പരസ്യം കാണാം . വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ ഒന്നടങ്കം കുവൈറ്റ് ഉപേക്ഷിക്കുന്നതു മൂലം രാജ്യത്തെ അപ്പാര്‍ട്ട്‌മെന്റുകള്‍ എല്ലാം തന്നെ താമസിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് .
വര്‍ധിച്ചു വരുന്ന ജീവിത ചെലവുകള്‍ , തുച്ഛമായ വരുമാനം , സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങള്‍ എന്നിവയെല്ലാമാണ് കുവൈറ്റ് വിടാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്.
കുവൈറ്റിലുള്ള ഫിലിപ്പൈനികള്‍ , ഇന്ത്യാക്കാര്‍, ഈജിപ്തുകാര്‍ എന്നിവരുടെ എണ്ണം കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലുള്ള ഫിലിപ്പൈന്‍കാരുടെ എണ്ണം 243400ല്‍ നിന്ന് 216200 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ 27000 ഫിലിപ്പൈനികളാണ് കുവൈറ്റ് ഉപേക്ഷിച്ചത്.
രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ ഫിലിപ്പൈന്‍ സമൂഹമാണ് നാലാം സ്ഥാനത്ത് ഉള്ളത്. 889000 പ്രവാസികളോടു കൂടി ഇന്ത്യാക്കാരാണ് ഒന്നാം സ്ഥാനത്ത്. 484000 പ്രവാസികളോടു കൂടി ഈജിപ്തുകാര്‍ രണ്ടാം സ്ഥാനത്തും 271000 പ്രവാസികളുമായി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ് .
കുവൈറ്റില്‍ വര്‍ധിച്ചു വരുന്ന ജീവിതചെലവുകള്‍ കാരണം ഇന്ത്യയിലും മറ്റും ഉയര്‍ന്ന പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കളും മറ്റും കുവൈറ്റിലേക്ക് ജോലിക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
കുവൈറ്റില്‍ നിന്നും ജീവിത ചെലവുകള്‍ താഹ്ങാനാകാതെ പ്രവാസികള്‍ തിരികെ പോരുന്നതാണ് കുവൈറ്റിലേക്ക് ജോലിക്കായി പോകേണ്ടതില്ലെന്ന യുവാക്കളുടെ തീരുമാനത്തിന് കാരണമെന്നാണ് നിഗമനം.
വൈദ്യുത ചാര്‍ജ്ജ് വര്‍ധനയും ഉയര്‍ന്ന വാടകയും മൂലം പ്രവാസികള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉപേഷിക്കുന്ന സാഹചര്യത്തിലാണ് താമസത്തിനാളില്ലാതെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്.വൈദ്യുത ചിലവ് വര്‍ധിച്ച സമയത്ത് റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ഉയര്‍ന്ന വാടകയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് കെട്ടിട സൂക്ഷിപ്പുകാരും വെളിപ്പെടുത്തുന്നു .ഉയര്‍ന്ന വാടകയെ തുടര്‍ന്ന് വരുമാനം കുറഞ്ഞ പ്രവാസികള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ പങ്കിട്ട് താമസിക്കുന്നതും മേഖലയെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തി .