ബാറ്ററി ചാർജ് തീരുമ്പോൾ പകരം വേറൊന്ന് മാറ്റിവയ്ക്കാവുന്നസാങ്കേതിക വിദ്യയോടുകൂടിയ രാജ്യത്തെ പ്രഥമ ഇലക്ട്രിക് ഓട്ടോ പിയാജിയോയുടെ ആപേ ഇ-സിറ്റി തിരുവനന്തപരം വിപണിയിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 22, 2020

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഹ്രസ്വദൂര യാത്രയെ സംബന്ധിച്ചേടത്തോളം വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുംവിധം അത്യാധുനിക ലിഥിയം അയോൺ ബാറ്ററികള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ-സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.

പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുന്നത്.

ആധുനിക ലിഥിയം അയോൺ ബാറ്ററി, ഓട്ടോമാറ്റിക് ഗിയർ ബോക്സ്, മികച്ച കരുത്ത്, മികച്ച ടോർക്ക് എന്നിവ ഇ-സിറ്റിയുടെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഗിയറും ക്ലെച്ചും ഇല്ല, സേഫ്റ്റി ഡോർ, പൂർണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

വിപണിയിലിറക്കൽ ചടങ്ങിൽ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിലെ എം.ആർ  നാരായണനും പിയാജിയോയുടെ തിരുവനന്തപുരത്തെ ഡീലർ സ്വാമി റെജിൻ കെ. ദാസും സംബന്ധിച്ചു.

മാറ്റിവയ്ക്കാവുന്ന ബാറ്ററിയോടുകൂടിയ രാജ്യത്തെ പ്രഥമ ത്രിചക്ര വാഹനമാണ് ഇ-സിറ്റി. സാൻ മൊബിലിറ്റിയുടെ സഹകരണത്തോടുകൂടിയാണ് മാറ്റിവയ്ക്കാവുന്ന ബാറ്ററി അവതരിപ്പിച്ചത്. കൂടാതെ ബാറ്ററി ചാർജ് നില അറിയാനും ബാറ്ററി ചാർജ് ചെയ്യാനും സഹായകമായ ആപ്പുമുണ്ട്.

ബാറ്ററി മാറ്റിവയ്ക്കാൻ സൗകര്യമുള്ള സ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.

×