കരിമ്പ: കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണം 2021- 22 ന്‍റെ ഭാഗമായി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ഉൾപ്പെടെയുള്ള വിവിധ കാർഷിക വികസന പദ്ധതികൾക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് പരിധിയിൽ കൃഷി ചെയ്യുന്ന ചെറുകിട നാമമാത്രകർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നതായി കരിമ്പ കൃഷി ഓഫീസർ
പി. സാജിദലി അറിയിച്ചു.
പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവ സൗജന്യമായും ഗ്രോ ബാഗ് പച്ചക്കറി കൃഷി യൂണിറ്റുകൾ 75 ശതമാനം സബ്‌സിഡി നിരക്കിലും വിതരണം ചെയ്യുന്നതിനുള്ള സുഭിക്ഷ കേരളം പുരയിട പച്ചക്കറി കൃഷി വികസന പദ്ധതി; പുരയിടങ്ങളിലേക്ക് കിഴങ്ങു വർഗ്ഗ വിളകളുടെ നടീൽ വസ്തുക്കളുടെ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള സുഭിക്ഷ കേരളം പുരയിട കിഴങ്ങു കൃഷി വികസന പദ്ധതി; പുരയിടങ്ങളിൽ നടുന്നതിനായി വിവിധ ഇനം ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റ്/ലെയർ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള സുഭിക്ഷ കേരളം ഫലവൃക്ഷ തൈ വിതരണ പദ്ധതി; തെങ്ങു, കവുങ്ങ്, റബ്ബർ മുതലായ ദീർഘ കാല വിളകളുടെ ഇടയിൽ പയർ, വെണ്ട, ചീര, പാവൽ, പടവലം, കുമ്പളം, മത്തൻ, മുളക്, തക്കാളി, വഴുതിന, ശീത കാല പച്ചക്കറികൾ, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, ഇഞ്ചി, മഞ്ഞൾ , കുവ മുതലായ ഹ്രസ്വ കാല ഇടവിളകൾ കൃഷി ചെയ്യുന്നതിനുള്ള സുഭിക്ഷ കേരളം ഇടവിള കൃഷി വികസന പദ്ധതി; നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും പുറത്തിറക്കിയ അത്യുല്പാദന ശേഷിയുള്ള നെല്ല് വിത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനും കൂലിച്ചിലവ് സബ്‌സിഡി നല്കുന്നതിനുമായുള്ള സമഗ്ര നെൽകൃഷി വികസന പദ്ധതി; കേരഗ്രാമം പദ്ധതിയുടെ തുടർ പദ്ധതി എന്ന നിലക്ക് തെങ്ങുകളുടെ ശാസ്ത്രീയ വള പ്രയോഗം ഉറപ്പു വരുത്തുന്നതിനായി കുമ്മായം/ഡോളമൈറ്റ്, രസവളങ്ങൾ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി, കവുങ്ങിന്റെ രോഗ നിയന്ത്രണം ലക്ഷ്യമാക്കി സബ്‌സിഡി നിരക്കിൽ കുമ്മായവും ,തുരിശും വിതരണം ചെയ്യുന്നതിനുള്ള കവുങ്ങ് കൃഷി വികസന പദ്ധതി; റാഗി, ചാമ മുതലായ ചെറുധാന്യങ്ങൾ, പയർ, ഉഴുന്ന് തുടങ്ങിയ പയറു വർഗ്ഗവിളകൾ എന്നിവയുടെ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനും കൂലിച്ചിലവ് സബ്‌സിഡി നല്കുന്നതിനുമായുള്ള പോഷക സമൃദ്ധിക്ക് ചെറുധാന്യങ്ങളുടെയും പയറുവർഗ്ഗ വിളകളുടെയും കൃഷി പ്രോത്സാഹന പദ്ധതി; വനിതകൾക്കിടയിൽ ചെറുതേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡി നിരക്കിൽ തേനീച്ച കോളനികളുടെ വിതരണവും പരിശീലനവും നൽകുന്നതിനുള്ള കരിമ്പ ചെറുതേൻ ഗ്രാമം വനിതാ ഘടക പദ്ധതി എന്നീ പദ്ധതികൾക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.
വാർഡ് മെമ്പർമാരിൽ നിന്നും വാർഡ് തല കേര ക്ലസ്റ്ററുകൾ, പഴം പച്ചക്കറി ക്ലസ്റ്ററുകൾ ,കരിമ്പ ഇക്കോ ഷോപ്പ്, കൃഷിഭവൻ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണെന്നും കൃഷിഭവൻ പത്രക്കുറിപ്പിൽ അറിയിച്ചു