/sathyam/media/media_files/DjpT2GN2CWafZNQzC3WD.jpg)
തിരുവനന്തപുരം : ബി ജെ പി യുടെ തിരുവനന്തപുരം ജില്ലയിലെ മൂന്ന് സംഘടനാ ജില്ലകളിൽ ഒന്നായ തിരുവനന്തപുരം നോർത്ത് ജില്ല വി.മുരളീധര പക്ഷം പിടിച്ചെടുത്തു . വി. മുരളീധരൻ്റെ തട്ടകമായ ആറ്റിങ്ങൽ പാർലമെൻ്റിൽ ഉൾപ്പെടുന്ന ജില്ലയാണ് നോർത്ത് ജില്ല .
ഇവിടെ ജില്ലാ പ്രസിഡൻ്റ് ആയി എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹിയായ എസ്.ആർ. റെജി കുമാറിനെ കൊണ്ട് വന്ന് വി.മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് ഇലകമൺ സതീശനെ ജനറൽ സെക്രട്ടറി ആക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ ജനറൽ സെക്രട്ടറിയായ അഡ്വ.എസ്. സുരേഷാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
ജില്ലാ പ്രസിഡൻ്റായ റെജി കുമാർ മുരളീധര പക്ഷത്ത് എത്തിയതോടെയാണ് മണ്ഡലം പ്രസിഡൻ്റ് മാരുടെ അടക്കം കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തു കൊണ്ട് ജില്ലയിൽ പുനഃസംഘടന നടത്തിയത്. കിളിമാനൂർ സംഘടനാ മണ്ഡലത്തിൽ മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് അഡ്വ. ഷൈൻ ദിനേശാണ് പ്രസിഡൻ്റ് . പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് നിശ്ചയിച്ച പ്രായ പരിധി മാനദണ്ഡം പോലും മറി കടന്നാണ് മുരളീധര പക്ഷത്തെ പ്രമുഖനെ മണ്ഡലം പ്രസിഡൻ്റ് പദം ഏൽപ്പിച്ചത്.
ആറ്റിങ്ങലിൽ സ്വരാജ്. ടി എൻ ആണ് പുതിയ പ്രസിഡൻ്റ് .സ്വരാജ് മുരളീധര പക്ഷത്തെ പ്രമുഖ നേതാവ് അഡ്വ . പി.സുധീറിൻ്റെ താല്പര്യം കൊണ്ടാണ് പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയത്. നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റായി തീരുമാനിച്ച കനക രാജനും മുരളീധര പക്ഷത്തെ നേതാവാണ് . മണ്ഡലം പ്രഭാരിമാരായി നിശ്ചയിക്കപ്പെട്ടവരിൽ നല്ലൊരു പങ്കും മുരളീധര പക്ഷക്കാരാണ്. പുനസംഘടനാ സമയത്ത് അഡ്വ . എസ്. സുരേഷിനോട് അടുപ്പം പുലർത്തിയവർ ഇപ്പോൾ മുരളീധര പക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us