അർഅർ പ്രവാസി സംഘം നാട്ടിലെത്തിച്ച നിസാറുദ്ദീന്റെ മൃതദേഹം ഖബറടക്കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, April 19, 2021

അർഅർ (സൗദി അറേബ്യ): വടക്കൻ സൗദിയിലെ അതിർത്തി നഗരമായ അർഅറിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. വെഞ്ഞാറമൂട് സ്വദേശി നിസാറുദ്ദീൻ ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പ്രദേശത്തെ സജീവ സാമൂഹ്യ സംഘടനയായ അർഅർ പ്രവാസി സംഘം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ശനിയാഴ്ച നാട്ടിൽ എത്തിക്കുകയായിരുന്നു.

റിയാദിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടു പോയ മൃതദേഹം രാത്രി 12 (ഇന്ത്യൻ സമയം) മണിയോടു കൂടി കൊച്ചിയിലെത്തുകയും അവിടെ നിന്ന് നാട്ടിലെത്തിക്കുകയുമായിരുന്നു. പിന്നീട് സുബഹി നിസ്കാരത്തിന് ശേഷം കിഴക്കേകുഴി മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്യുകയുമുണ്ടായി.

22 വർഷമായി അറാറിൽ നദ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീൻ കാൽനടയായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനം തട്ടിയാണ് അപകടം ഉണ്ടായതും മരണപെട്ടതും.

അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ അർഅർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്ത് ഏറ്റുവാങ്ങി അർഅർ വിമാനത്താവളത്തിൽ എത്തിച്ചു. റിയാദിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എയർ ഇന്ത്യ വിമാനത്തിലാണ് കൊണ്ട് പോയത്.

മൃതദേഹം ഏറ്റുവാങ്ങുന്ന അവസരത്തിൽ പ്രവാസി സംഘം മുഖ്യരക്ഷാധികാരി മൊയ്തുണ്ണി വടക്കാഞ്ചേരി, പ്രസിഡണ്ട് സുനിൽ കുന്നംകുളം,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഷീദ് പരിയാരം,അനു ജോൺ,സംഘം പ്രവർത്തകരായ ഷമീർ,ഹാമിദ്, ജാബിർ വയനാട് നദ കമ്പനിയിലെ സഹപ്രവർത്തകരും പങ്കെടുത്തു

വണ്ടിപുര വീട്ടിൽ അബ്ദുൽ കരീം സൽമാ ബീവി ദമ്പതികളുടെ മകനാണ് മരണപ്പെട്ട നിസാറുദ്ദീൻ. തടത്തിനകത്ത് സലീന യാണ് ഭാര്യ. ഹെന മെഹറിൻ, ഹസ്ബിയ ഫാത്തിമ എന്നിവർ മക്കളാണ്. കബീർ, അബ്ദുൽ ബഷീർ, അബ്ദുൽ റഹീം, ഷാഹിദ്, സജ്ജാദ്, നുസൈഫ, സഫീന, ഫസീല, എന്നിവർ സഹോദരങ്ങളാണ്.

 

×