Advertisment

ന്യൂഡൽഹിയിലെ അന്ധേരിയ മോഡിൽ പള്ളി തകർത്തതിനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിച്ച് ഫരീദാബാദ് രൂപതാ മെത്രാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹിയിലെ അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ ചർച്ച് തകർത്ത പ്രശ്നത്തിൽ ഇടപെടീൽ ആവശ്യപ്പെട്ട് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ജൂലൈ 16 വെള്ളിയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ട് സംസാരിച്ചു.

ജൂലൈ 12 തിങ്കളാഴ്ച പുലർച്ചെയാണ് ബുൾഡോസറുമായി പോലീസുകാരടങ്ങുന്ന ഒരു വലിയ സംഘം പള്ളി വളപ്പിലേക്ക് പ്രവേശിച്ച് പള്ളി നശിപ്പിച്ചത്. പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കളും അനുഷ്ഠാന സാമഗ്രികളും നീക്കാനുള്ള ഇടവക വികാരിയുടെ അഭ്യർത്ഥനയെ അവർ പൂർണമായും അവഗണിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ പുറത്താക്കി പള്ളി നശിപ്പിക്കുകയായിരുന്നു.

12 വർഷത്തിലേറെയായി രണ്ടായിരത്തിലധികം സിറോ-മലബാർ പ്രവാസി കത്തോലിക്കർ ഈ പള്ളി ദൈനംദിന ആരാധനയ്ക്കായി ഉപയോഗിക്കുന്നു. അന്യായമായി ദേവാലയം തകർക്കുന്നത് ഒരു വിശ്വാസിയുടെ മതം ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ പൂർണമായ ലംഘനമാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ ജൂലൈ 14 ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ദേശീയ തലസ്ഥാനത്തെ ഈ പള്ളി അധികൃതർ തകർത്ത സംഭവത്തിൽ നീതി വാഗ്ദാനം ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റിയാണ് (ഡിഡിഎ) ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ഇക്കാര്യം പഠിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

ജൂലൈ 16 വെള്ളിയാഴ്ച, ആർച്ച് ബിഷപ്പ് കുറിയാക്കോസ് ഭരണികുളങ്ങര, വികാരി ജനറൽ മോൺ. ജോസഫ് ഒഡനാട്ട്, പള്ളി വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവർ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിഷയം ഉന്നയിച്ചു. ഇക്കാര്യത്തിൽ ഉടനടി ഇടപെടണമെന്നും പള്ളി പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപെട്ടു.

രൂപത ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനോ വർഗീയവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നീതി ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്താവിച്ചു.

പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് മുഖ്യമന്ത്രി ഐക്യദാർഡ്യം പ്രകടിപ്പിച്ചു. പള്ളി പുനസ്ഥാപിക്കാനും അതുവഴി കൃസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

പള്ളി പൊളിക്കുന്നത് ഡൽഹി എൻസി‌ആറിലും രാജ്യത്തുടനീളവും നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി. നശിപ്പിക്കപ്പെട്ട പള്ളി സന്ദർശിക്കാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും നൂറുകണക്കിന് ആളുകൾ ദിവസവും വരുന്നുകൊണ്ടിരിക്കുകയും രാജ്യത്തുടനീളം, പ്രത്യേകിച്ച് രൂപതയുടെ എല്ലാ ഇടവകകളിലും പ്രതിഷേധം ശക്തമാവുകയും ചെയ്യുകയാണ്.

അധികൃതരുടെ ഈ മനുഷ്യത്വരഹിതമായ നടപടിയെ രൂപത ശക്തമായി അപലപിക്കുകയും സർക്കാർ ഉടൻ തന്നെ ഇടപെട്ട് നീതി നടപ്പാക്കണമെന്നും രൂപത ആവശ്യപ്പെടുകയും ചെയ്തു.

delhi news
Advertisment