Advertisment

ന്യൂഡൽഹിയിലെ അന്ധേരിയ മോഡ് പള്ളി അന്യായമായി തകർത്തതിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരണമെന്ന് ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

New Update

publive-image

Advertisment

ന്യൂ‍ഡല്‍ഹി: അന്ധേരിയ മോഡിലെ സിറോ മലബാർ ദേവാലയം അന്യായമായി അധികൃതർ തകർത്തത് സംബന്ധിച്ച് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഇടയലേഖനം പുറത്തിറക്കി.

പള്ളി തകർത്ത നിർഭാഗ്യകരമായ സംഭവത്തിൽ അദ്ദേഹം വേദനയും ദുഖവും പ്രകടിപ്പിക്കുകയും അധികാരികളുടെ അതിക്രമങ്ങൾ നിമിത്തം ദേവാലയം നഷ്ടപ്പെട്ട വിശ്വസ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

പള്ളി തകർത്തതിൽ അധികൃതരുടെ ഭാഗത്തുനിന്ന് നിയമനടപടി ക്രമങ്ങളുടെ ഗുരുതരമായ ലംഘനമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിയമപരമായും ശരിയായ രീതിയിലും നോട്ടീസ് പോലും നൽകാതെയാണ് ജൂലൈ 12 തിങ്കളാഴ്ച രാവിലെ അവർ ഈ ക്രൂരകൃത്യം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈ 9 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയുടെ ഗേറ്റിൽ ബി‌ഡി‌ഒ ഒപ്പിട്ട ഒരു നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഇടവക വികാരിയോ ഇടവകയിലെ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ അത് ഒപ്പിട്ട് കൈപ്പറ്റിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ ഒൻപതാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഗേറ്റിൽ നോട്ടീസ് പതിപ്പിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളായ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിവസങ്ങളായതിനാൽ നിയമ സഹായം തേടുന്നതിൽ അധികൃതർ മനപൂർവം തടസം സൃഷ്ടിക്കുകയായിരുന്നു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇടവകക്കാരിൽ ഒരാൾ ഇടവകയ്ക്ക് ഇഷ്ടദാനം നൽകിയതാണ് ഈ ഭൂമി എന്നും അദ്ദേഹം മുൻ ഉടമയിൽ നിന്ന് വില നൽകി നിയമപരമായി ഇത് വാങ്ങിയതാണെന്നും അതിനാൽ ഭൂമി കൈയേറ്റം ചെയ്യപ്പെട്ടുവെന്ന സോഷ്യൽ മീഡിയയിൽ അടുത്തിടെയായി നടക്കുന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കി.

2000-ലധികം അംഗങ്ങളുള്ള ഈ ഇടവക പത്ത് വർഷത്തിലേറെയായി ആത്മീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു എന്നും അതിന്റെ നിയമപരമായ എല്ലാ നികുതികളും വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകളും കൃത്യമായി അടച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഭവത്തിൽ തലസ്ഥാന നഗരത്തിലുള്ള പ്രവാസി സമൂഹത്തിന് നീതി നിഷേധിക്കപ്പെട്ടുവെന്നത് നഗ്നസത്യമാണെന്നും സർക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ രൂപത പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്യായമായ പള്ളി തകർത്ത അധികൃതരുടെ ഈ നടപടിക്കെതിരെ രൂപത തലത്തിലും രൂപതയിലെ ഇടവകകൾ വഴിയും സംഘടനകൾ വഴിയും പ്രതിഷേധങ്ങൾക്ക് പദ്ധതി ഒരുക്കിയിട്ടുണ്ടെന്നും രൂപതയുടെ എല്ലാ പരിശ്രമങ്ങളിലും ഏവരും സഹകരിക്കണമെന്നും എല്ലാത്തിലും ഉപരിയായി പ്രശ്ന പരിഹാരത്തിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സഭാ അധികാരികളെയും കേരളത്തിലും പുറത്തുമുള്ള രൂപതകളെയും ഇടവകകളെയും സംഘടനകളെയും മറ്റെല്ലാവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

delhi news
Advertisment