ആവേശരാവുകള്‍ക്ക് ഇന്ന് ഫൈനല്‍ വിസില്‍; സ്വപ്‌നകിരീടത്തിനായി മിശിഹ, വിട്ടുകൊടുക്കാതിരിക്കാന്‍ ഫ്രഞ്ചുപട

New Update

publive-image

Advertisment

ദോഹ: ലോകകിരീടത്തിനായുള്ള കലാശപ്പോര് ഇന്ന്. കാല്‍പ്പന്തിന്റെ മഹാമാമാങ്കത്തിന്റെ അവസാന മത്സരത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ ലോകം മുഴുവന്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങും. ഫുട്‌ബോള്‍ ആരാധകരുടെ നാലാണ്ടിന്റെ കാത്തിരുപ്പും ഒരു മാസം നീണ്ട രാവുകളുടെ ആവേശത്തിനും ഇന്ന് ഫൈനല്‍ വിസില്‍ മുഴങ്ങുകയാണ്. ഫുട്‌ബോളിന്റെ മിശിഹയ്ക്ക് ഇപ്പോഴും കിട്ടാക്കനിയായി തുടരുന്ന ലോകകിരീടം നേടിക്കൊടുക്കാനുള്ള അവസാന അവസരത്തിനായി ആല്‍ബിസെലസ്റ്റുകള്‍ ഇന്ന് ഇറങ്ങും. മെസ്സിപ്പടയെ കീഴടക്കി നിലവിലെ ലോകകിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സും ഇറങ്ങും. ഇന്ന് രാത്രി 8.30നാണ് കിക്കോഫ്.

ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത്. 36 വര്‍ഷമായി അന്യം നില്‍ക്കുന്ന ലോകകപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ആല്‍ബിസെലസ്റ്റുകള്‍ മറ്റൊരു ഫൈനലിന് ഇറങ്ങുകയാണ്. അവരുടെ പ്രതീക്ഷകളത്രയും മറ്റൊരു ഇതിഹാസ താരത്തിന്റെ സ്വര്‍ണനിറമുള്ള ബൂട്ടുകളിലാണ്, ലയണല്‍ മെസ്സി. മെസ്സിയുടെ കീഴില്‍ അര്‍ജന്റീനക്ക് ഒരു ലോകകിരീടം എന്നതിലുപരി മെസ്സിയുടെ കരിയറിലെ ഒരേയൊരു ലോകകിരീടത്തിനായുള്ള പോരാട്ടമെന്നായിരിക്കും ചരിത്രത്തില്‍ ഖത്തര്‍ ലോകകപ്പ് എഴുതിച്ചേര്‍ക്കപ്പെടുക.

2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നാലു വര്‍ഷം മുന്‍പ് റഷ്യന്‍ ലോകകപ്പില്‍ നേര്‍ക്കുനേരെ വന്നപ്പോള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തിരുത്തിക്കുറിച്ചാണ് ഫ്രാന്‍സ് ഇത്തവണ ഫൈനലിലെത്തുന്നത്. കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്.

ഏറെ അട്ടിമറികള്‍ക്ക് ശേഷം സ്വപ്‌നസമാനവും ആവേശകരവുമായ ഫൈനലിനാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. സമവാക്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ടീമുകള്‍ വീഴുകയും പ്രതീക്ഷകള്‍ താരതമ്യേന കുറവായ കുഞ്ഞന്‍ ടീമുകള്‍ വാഴുകയും ചെയ്തു. അതുകൊണ്ടു തന്നെ ഖത്തറിലെ അന്തിമവിധി പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായിത്തന്നെ തുടരും.

Advertisment