Advertisment

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വം എന്തുകൊണ്ട് ലഭിച്ചില്ല ? വീറ്റോ അധികാരം നഷ്ടപ്പെട്ടതിന് പിന്നില്‍ നെഹ്‌റുവോ ? ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമെന്ത് ? ചോദ്യങ്ങളും സംശയങ്ങളും അനവധി; ബാക്കിയായത് പൂര്‍ണല്ലാത്ത ഉത്തരങ്ങള്‍ മാത്രം

New Update

publive-image

Advertisment

ഇന്ത്യക്ക് എന്തുകൊണ്ട് വീറ്റോ അധികാരം ലഭിച്ചില്ല ? കാരണക്കാരൻ നെഹ്‌റുവാണോ ? എന്താണിതിലെ യാഥാർഥ്യം ? വളരെ സങ്കീർണ്ണവും സമകാലിക പ്രാധാന്യവുമുള്ള ഈ വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തിലൂടെ.

നമ്മൾ കാലങ്ങളായി കേൾക്കുന്ന ചോദ്യമാണ്, ഇന്ത്യക്ക് വീറ്റോ അധികാരമുള്ള യു എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിര അംഗത്വം ലഭിക്കാതിരുന്നതിനുള്ള കാരണക്കാരൻ ജവഹർലാൽ നെഹ്‌റുവാണോ എന്ന് ?


ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ ശബ്ദം സ്ഥിരമായി അവഗണിക്കാൻ ഐക്യരാഷ്ട്രസഭയ്‌ക്ക്‌ എന്തുകൊണ്ട് കഴിയുന്നു ? അതും ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ?


കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ, ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗത്വത്തിനായി പലവുരു ശ്രമിച്ചിട്ടുണ്ട്. ശക്തമായ ആവശ്യം മുന്നോട്ടുവച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ചൈന അത് വീറ്റോ ചെയ്യുകയായിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്,റഷ്യ എന്നീ രാജ്യങ്ങൾ ഇന്ത്യയെ രക്ഷാസമിതിയിൽ സ്ഥിര അംഗമാക്കുന്നതിനെ പിന്തുണച്ച സന്ദർഭങ്ങളിലൊക്കെ ചൈന ആ പ്രസ്താവ്യം വീറ്റോ ചെയ്യുകയാണുണ്ടായത്. ഒന്നല്ല പല തവണ.

publive-image

നമുക്കറിയാം ചൈന ഇന്ത്യയുമായി കടുത്ത വിദ്വേഷത്തിലാണ്. മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്മാരായ ഭീകരരെ അന്താരാഷ്ട്ര തീവ്രവാദികളായി പ്രഖ്യാപിക്കാൻ അമേരിക്ക നടത്തിയ പല ശ്രമങ്ങളും ചൈന വീറ്റോ ചെയ്തതുമൂലം നടക്കാതെ പോയി. ഭീകരർ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രരായി വിലസുകയാണ്.

ചൈനയുടെ വിരോധത്തിലെ മുഖ്യകണ്ണി ദലൈലാമയും അരുണാചൽ പ്രദേശുമാണ്. മറ്റൊന്ന് ഇന്ത്യ ഈ മേഖലയിൽ കരുത്താർജ്ജിക്കുന്നത് ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ്.

അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്ന നിലയിലാണ് ചൈന നോക്കിക്കാണുന്നത്. ചൈനയുടെ നോട്ടപ്പുള്ളിയായ ടിബറ്റൻ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഒരു പ്രവാസ ടിബറ്റൻ സർക്കാരിന് ഇന്ത്യയിൽ രൂപം നൽകുകയും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അവരുടെ തലസ്ഥാനമാക്കാൻ അനുവദിക്കുകയും ചെയ്തത് ചൈനയെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയിട്ടുള്ളത്..

അതവിടെ നിൽക്കട്ടെ....വിഷയത്തിലേക്ക് വരാം,

2004 ൽ ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം " ഇന്ത്യക്ക് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ അംഗമാകാനുള്ള ക്ഷണം ജവഹർലാൽ നെഹ്‌റു നിരസിച്ചുവെന്നും അത് ചൈനക്ക് നൽകാൻ സാക്ഷാൽ നെഹ്‌റു തന്നെ സഹായിച്ചുവെന്നുമായിരുന്നു " ഈ റിപ്പോർട്ട് ഒരു പത്രസമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് വീണ്ടും ഉന്നയിച്ചത്.

publive-image

ശശി തരൂർ രചിച്ച " Nehru: The Invention of India " എന്ന പുസ്തകത്തിൽ പറയുന്നത് " 1953 ൽ ഇന്ത്യക്ക് ലഭിച്ച യു. എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരമായ അംഗത്വം നെഹ്‌റു ചൈനയ്ക്കു നൽകുകയായിരുന്നു എന്നാണ്. നെഹ്‌റു അംഗത്വം നിരാകരിച്ച ഫയൽ അക്കാലത്ത് ഇന്ത്യയിലെ പല നേതാക്കളും കണ്ടിട്ടുണ്ടെന്നും തായ്‌വാനുശേഷം ചൈനയ്ക്ക് ആ അംഗത്വം നൽകാൻവേണ്ടി അദ്ദേഹം സഹായിച്ചു എന്നുമാണ് തരൂർ തൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.


മുൻ കേന്ദ്രമന്ത്രിയായിരുന്ന അന്തരിച്ച അരുൺ ജെറ്റ്ലിയും ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗത്വം ലഭിക്കാൻ നെഹ്‌റുവാണ് കാരണക്കാരൻ എന്ന് പറഞ്ഞിരുന്നു. ചൈന, കശ്മീർ വിഷയങ്ങളിൽ നെഹ്‌റുവിന്റെ നിലപാടുകൾ തെറ്റായിരുന്നെന്നും 1955 ൽ നെഹ്‌റു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തു ചൂണ്ടിക്കാട്ടി ജെറ്റ്ലി വെളിപ്പെടുത്തൽ നടത്തിയിരുന്നു.


അന്ന് ജെയ്റ്റ്‌ലി തന്റെ ട്വീറ്റിൽ കുറിച്ചു. " 1955 ഓഗസ്റ്റ് രണ്ടിന് നെഹ്‌റു മുഖ്യമന്ത്രിമാർക്ക് ഇങ്ങനെ കത്തെഴുതി, ചൈനയ്ക്ക് യുഎൻ അംഗത്വവും , ഇന്ത്യക്ക് രക്ഷാസമിതിയിലും ഇടം നൽകണമെന്ന് അമേരിക്ക അനൗപചാരികമായി പറഞ്ഞിട്ടുണ്ട്. നമുക്ക് ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തം. കാരണം രക്ഷാസമിതിയിൽ ചൈന ഇല്ലാത്തത് അവരോടുള്ള അനീതിയാകും ".

publive-image

1950 കൾ മുതൽ ചൈനക്ക് രക്ഷാസമിതിയിൽ അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. ഈ സീറ്റ് തായ്‌വാന്റെ പക്കലായിരുന്നു. 1949 ൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഉദയത്തോടെ ചിയാംഗ് കൈഷേഖിന്റെ റിപ്പബ്ലിക് ഓഫ് ചൈന ഇല്ലാതായെങ്കിലും രക്ഷാസമിതി അംഗത്വം ചിയാംഗ് കൈഷേഖിന്റെ നേതൃത്വത്തിനായിരുന്നു. എന്നാൽ ഐക്യ രാഷ്ട്രസഭ ഈ സീറ്റ് ചൈനയ്ക്ക് നൽകാൻ വിസമ്മതിച്ചതുകൊണ്ടാണ് ഇന്ത്യക്ക് അത് ലഭിക്കാൻ അർഹത കൈവന്നത്.

ശശി തരൂർ തൻ്റെ പുസ്തകത്തിൽ ആധികാരികമായിത്തന്നെ വ്യകതമാക്കുന്നത് " ഈ വിഷയത്തിൽ ചൈനക്ക് വേണ്ടി ജവഹർലാൽ നെഹ്‌റു വാദിച്ചു എന്നാണ് " അങ്ങനെ ഇന്ത്യയുടെ നിലപാടുമൂലം ഒടുവിൽ ചൈനയ്ക്ക് വീറ്റോ പവറുള്ള രക്ഷാസമിതയിലെ സ്ഥിരാംഗത്വം നൽകാൻ യു.എൻ നിർബന്ധിതമാകുകയായിരുന്നു"

നെഹ്‌റു എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നിലപാട് കൈക്കൊണ്ടത് എന്നതിൽ ഇന്നും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ചൈനയുമായി സംഘർഷം ഇല്ലാതാക്കാനും ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്താനും ഈ ത്യാഗത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്താനുമൊക്കെയാകാം നെഹ്‌റു ഈ തീരുമാനത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പലരുടെയും അനുമാനം.

അപ്പോഴും ഇതുമായി ബന്ധപ്പെട്ട് എല്ലാവരും യോജിപ്പിലെത്തുന്ന ഒരു വസ്തുത, ചൈന ഒരുകാലത്തും ഇന്ത്യയുടെ സുഹൃദ് രാജ്യമായി മാറിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ രക്ഷാസമിതിയിൽ അവർക്കായി നാം ഉപേക്ഷിച്ച സ്ഥിരാംഗത്വം ഇന്ത്യക്ക് വലിയ ആഘാതമായി ഇന്നും നിലനിൽക്കുന്നു എന്നതുമാണ്.

-പ്രകാശ് നായർ മേലില 

Advertisment