Advertisment

കേരളം ഇത് കണ്ടുപഠിക്കണം, തമിഴ്‌നാട് മുതലെടുക്കുന്നത് ഇവിടുത്തെ സാഹചര്യം തന്നെ! കേരള അതിർത്തിയിൽ മദ്യം വിറ്റു ലാഭം കൊയ്യുന്ന തമിഴ്നാട്

New Update

publive-image

Advertisment
representational image

കേരള അതിർത്തിയിൽ മദ്യം വിറ്റു ലാഭം കൊയ്യുന്ന തമിഴ്നാട്...അതാണ് തമിഴ്‌നാട് ശൈലി. അവിടെ ഉൽപ്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, നേന്ത്രക്കായ, തേങ്ങ, മാമ്പഴം, മുട്ട, കോഴി, കാള, മാക്സി, കൈലി, മുണ്ട്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ പ്രധാനമാർക്കറ്റാണ് നമ്മുടെ കേരളം. തരിശായിക്കിടക്കുന്ന അവിടുത്തെ ലക്ഷക്കണക്കിനേക്കർ സ്ഥലത്ത് ജലലഭ്യത ഉണ്ടായാൽ അവരവിടെ പൊന്നുവിളയിക്കുമെന്നുറപ്പാണ്. അതിനാണവർ കേരളത്തിലെ നദീസംയോജനത്തിനായി നിരന്തരം മുറവിളികൂട്ടുന്നത്.

ഞാൻ പറഞ്ഞുവരുന്നത് അതൊന്നുമല്ല.. ഇക്കഴിഞ്ഞ ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള ശ്രീ പത്മനാഭപുരം കൊട്ടാരം കണ്ടു മടങ്ങും വഴി കേരള അതിർത്തിയായ കളിയിക്കാവിളയിലെ ബെവ്‌കോ ഔട്ട്ലെറ്റിനടുത്തു ഞാൻ വണ്ടി നിർത്തിച്ചു. ആവശ്യം ഒരു കുപ്പി റം വാങ്ങണം എന്നതാണ്.

അവിടുത്തെ ബെവ്കോ ഔട്ട്ലെറ്റ് ശൂന്യം. വാങ്ങാൻ ഒരാളുപോലുമില്ല. ഞാൻ കാരണം തിരക്കിയപ്പോൾ തൊട്ടപ്പുറത്ത് തമിഴ്‌നാടിന്റെ മദ്യക്കട ഉണ്ടെന്നും അവിടെ കേരളത്തേക്കാൾ വലിയ വിലക്കുറവാണെന്നും അടുത്തുള്ള ഒരു കടക്കാരൻ പറഞ്ഞു. എങ്കിൽ അതൊന്നു നേരിട്ട് കാണണമെന്ന് ഞാനും തീരുമാനിച്ചു.

രസകരമായ കാര്യം തമിഴ്‌നാടിന്റെ ഔട്ട്ലെറ്റ് കളിയിക്കാവിളയിൽ നിന്നും വീണ്ടും മുന്നോട്ട് കേരളത്തിലേക്ക് വരുന്ന വഴിയിൽത്തന്നെയാണ്. സംസ്ഥാന അതിർത്തി നിർണ്ണയിച്ചപ്പോൾ തക്കലയില്‍ നിന്നും നെയ്യാറ്റിൻകര വരുന്ന റോഡ് പലതവണ തമിഴ്‌നാട്ടിൽ കൂടെ കയറിയാണ് പോകുന്നത്. ചില സ്ഥലങ്ങളിൽ റോഡിന് ഒരുവശം തമിഴ്നാടും മറുവശം കേരളവുമാണ്.

കളിയിക്കാവിളയില്‍ നിന്നും കാർ നേരെ കേരളത്തിലൂടെ മുന്നോട്ടുവിട്ടപ്പോൾ അതാ റോഡുവക്കിൽ ഇടതു വശത്ത് തമിഴ്‌നാടിന്റെ (Tamil Nadu State Marketing Corporation Limited (TASMAC) ) മദ്യശാല. രണ്ടു കൗണ്ടറുകളുണ്ട്. നല്ല തിരക്കും.

ഞാൻ അവിടെ നിന്നും ഓൾഡ് മങ്ക് റം ഒരു ഫുൾ വാങ്ങി വില 720 രൂപ. ഇതേസാധനം തൊട്ടപ്പുറത്ത് ബെവ്‌ കോ ഔട്ട്ലെറ്റിൽ 980 രൂപ. അതായത് 260 രൂപയുടെ വ്യത്യാസം. മറ്റു ചില ബ്രാൻഡുകൾക്ക് ഇതിലും വില ക്കുറവാണ്. അവിടെ മദ്യശാലയോട് ചേർന്ന് ഏകദേശം 50 പേർക്ക് ഇരുന്നു മദ്യപിക്കാൻ ഉള്ള ഷെഡ് ഉണ്ടാക്കിയിട്ടുമുണ്ട്. അവിടെ മുട്ട, കപ്പലണ്ടി,ഗ്ളാസ് വെള്ളം എന്നിവ വിൽക്കുന്ന ഷോപ്പുമുണ്ട്. ഇതേ രീതിതന്നെ തമിഴ്‌നാട് വാളയാർ ചെക്ക് പോസ്റ്റ് കഴിയുമ്പോഴും തുടരുന്നുണ്ട്. അവിടെയും മദ്യം വാങ്ങിയാൽ ഇരുന്നു കഴിക്കാനുള്ള ഷെഡും നിർമ്മിച്ചിട്ടുണ്ട്.

publive-image

കേരളത്തിലോ ??

ഇന്ത്യയിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വിലയുള്ള കേരളത്തിൽ അത് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയാൽ പിന്നെ പോലീസിന്റെ ശല്യമാണ് ഏറ്റവും ദുഷ്ക്കരം. വീട്ടിൽക്കൊണ്ടുപോയി കഴിക്കാൻ പലർക്കും ബുദ്ധിമുട്ടുകളുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തോ ചായക്കടകളിലോ ഇരുന്നുകഴിക്കാൻ പോലീസ് സമ്മതിക്കില്ല.ഇത് ബാർ മുതലാളിമാരെ സഹായിക്കാനല്ലെങ്കിൽ പിന്നെന്താണ് ?

നിങ്ങൾ കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര ഒക്കെ പോയി നോക്കുക. അവിടെങ്ങും ഇതുപോലൊരു ബുദ്ധിമുട്ടുമില്ല. ഒരു വിലപേശലും നടത്താതെ അന്യായവിലയ്ക്ക് സാധനം വാങ്ങാൻ നിർബന്ധിതനാകുന്ന കേരളത്തിലെ ഒരു കസ്റ്റമാർക്ക് അപമാനമാണ് ഇവിടെ മിച്ചം. ഏതു പാർട്ടി ഭരിച്ചാലും ഇതിനൊരു മാറ്റവുമില്ല.

കുറേ ബാർ മുതലാളിമാരുടെയും അവരുടെ തലതൊട്ടപ്പന്മാരായ ചില മതപുരോഹിതരുടെയും കണ്ണുരുട്ടലിൽ വീണുപോകുകയാണ് സർക്കാർ. ബഹു.ഹൈക്കോടതി പലതവണ പറഞ്ഞിട്ടും കേരളത്തിലെ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ അടിസ്ഥാനസൗകര്യം പോലും ഇനിയും ഒരുക്കിയിട്ടില്ല. ഇത്രയേറെ ലാഭം കൊയ്തുവാരുന്ന ഈ പ്രസ്ഥാനത്തിന്റെ ഔട്ട്ലെറ്റുകളുടെ പരിസരം ഇന്നും വൃത്തിഹീനമാണ്.

കേരളത്തിലെ ബീവറേജ് ഔട്ട്ലെറ്റുകളിൽ നടക്കുന്ന മറ്റൊരു തട്ടിപ്പുകൂടി എനിക്ക് ബോദ്ധ്യമായി. പല ഇനങ്ങളുടെയും ഫുൾ ബോട്ടിൽ മദ്യം പലപ്പോഴും ഔട്ട്ലെറ്റുകളിൽ ലഭ്യമല്ല. ലിറ്ററിനും മിക്കപ്പോഴും ക്ഷാമമാണ്. ലിറ്റർ ചോദിച്ചാൽ അരലിറ്റർ വീതമുള്ള രണ്ടെണ്ണം തരാമെന്ന മറുപടിയാണ് ലഭിക്കുക. ഇതുതന്നെയാണ് ഫുൾ ചോദിച്ചാലും ലഭിക്കുന്നത്.

ഒരു ഉദാഹരണം പറയാം. ഇപ്പോൾ റം ഒരു ലിറ്ററിന്റെ വില 1200 രൂപയാണ്. അര ലിറ്ററിന് 620 രൂപയും. ഒരു ലിറ്റർ വാങ്ങാൻ പോയ വ്യക്തി അരലിറ്റർ വീതമുള്ള രണ്ടെണ്ണം വാങ്ങുമ്പോൾ 40 രൂപകൂടി അധികം നല്കണം. അതുപോലെ റം ഫുൾ ബോട്ടിൽ (750 ml) വില 980 രൂപയാണ്. അതിൻ്റെ പകുതിയുള്ള (375 ml) പൈന്റിന് വില 520 രൂപ. ഫുൾ ലഭ്യമല്ലാത്ത അവസ്ഥയിൽ രണ്ടു പെയിന്റ് വാങ്ങിയാൽ അധികം നൽകേണ്ടി വരിക 60 രൂപ.

ഇതാണിപ്പോൾ നടക്കുന്ന കൊള്ള. അടിക്കടി വിലകൂട്ടിയാൽ ഉണ്ടായേക്കാവുന്ന നാണക്കേടും ജനരോഷവും ഭയന്ന് ഇപ്പോൾ മിക്ക ഔട്ട് ലൈറ്റുകളിലും അരലിറ്ററും പൈന്റുകളുമാണ് വിൽക്കുന്നത്. പരസ്യമായി വില വർദ്ധിപ്പിക്കാതെ ജനത്തെ സമർത്ഥമായി പോക്കറ്റടിക്കുന്ന ഈ തട്ടിപ്പ് അധികമാരുമറിയുന്നില്ല.

വെയർ ഹൗസിൽ ഫുള്ളും ലിറ്ററും സ്റ്റോക്കില്ല എന്ന മറുപടിയാണ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്നും ലഭിക്കുക. പ്രത്യക്ഷത്തിൽ വിലവർദ്ധന പ്രഖ്യാപിക്കാതെ ഇത്തരത്തിൽ ഒരു കുപ്പിക്ക് 40 രൂപാ വീതം അധികം ലഭിക്കുന്ന ഈ വിദ്യ ആരുടെ തലയിലുദിച്ച അപാരബുദ്ധിയാണോ ആവോ ? കേരളത്തിൽ ഇന്ന് വ്യാപകമായിരിക്കുന്ന മയക്കുമരുന്നും കഞ്ചാവുമൊക്കെ മദ്യത്തിന്റെ അമിത വിലവർദ്ധനയുടെ അനന്തര ഫലങ്ങളാണ്.

ഇതൊക്കെയാണ് അതിസമർത്ഥമായി തമിഴ്നാട് മുതലെടുക്കുന്നതും നമ്മുടെ അതിർത്തിയോട് ചേർന്ന് അവർ ബാർ ഉൾപ്പെടെയുള്ള മദ്യശാലകൾ സ്ഥാപിച്ചിരിക്കുന്നതും.

( മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം )

-പ്രകാശ് നായര്‍ മേലില

Advertisment