Advertisment

ജനസംഖ്യ കുറയുന്നു, അപൂര്‍വ പ്രതിസന്ധി ! സിക്കിമിനു വേണം കൂടുതൽ സന്താനങ്ങൾ; നൽകുന്നത് കൂടുതൽ പണവും ആനുകൂല്യങ്ങളും

New Update

publive-image

Advertisment

സിക്കിം സംസ്ഥാനത്ത് അധിക സന്താനോൽപ്പാദനം നടത്തുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു.

സിക്കിം ജനസംഖ്യ വളരെയധികം കുറയുകയാണ്. ഗർഭവതികളാകാനും പ്രസവിക്കാനും സ്ത്രീകൾ തയ്യാറല്ല എന്നതും കുടുംബഭാരം വഹിക്കാൻ പുരുഷന്മാർ വിമുഖത കാട്ടുന്നതുമാണ് പ്രധാന കാരണങ്ങൾ. ഇതുമൂലം യുവതലമുറയുടെ സംഖ്യ സിക്കിമിൽ ഗണ്യമായി കുറയുന്നു.

സിക്കിമിന്റെ ഫെർട്ടിലിറ്റി നിരക്ക് സമീപ വർഷങ്ങളിൽ ഒരു സ്ത്രീക്ക് ഒരു കുട്ടി എന്ന ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രാദേശിക സാമൂഹികാവസ്ഥ ആകെ തകർക്കുന്ന അവസ്ഥയിലാണ്..

കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിനായി പ്രാദേശിക സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ദക്ഷിണ സിക്കിമിലെ ജോറെതാങ് പട്ടണത്തിൽ ഞായറാഴ്ച മകര സംക്രാന്തി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

publive-image

ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് തടയാനായി കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ സ്ത്രീകളോടും പ്രദേശ വാസികളോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൂടുതൽ സന്താനോൽപ്പാദനത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സിക്കിം സർക്കാർ ഇതിനകം സർവീസിലുള്ള സ്ത്രീകൾക്ക് 365 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാർക്ക് 30 ദിവസത്തെ പിതൃത്വ അവധിയും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കൂടാതെ വനിതാ ജീവനക്കാർക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കുമ്പോൾ ഒരു ഇൻക്രിമെന്റും മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് രണ്ട് ഇൻക്രിമെന്റും നൽകാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്

ഒരു കുട്ടി മാത്രമുള്ള സ്ത്രീകൾക്ക് ഈ സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കില്ലെന്ന് തമാങ് വ്യക്തമാക്കി. ഒന്നിലധികം കുട്ടികളുണ്ടാകുന്നതിനുള്ള സാമ്പത്തിക സഹായത്തിന് എല്ലാ സാധാരണക്കാർക്കും അർഹതയുണ്ടാകുമെന്നും, അവയുടെ വിശദാംശങ്ങൾ ആരോഗ്യ, വനിതാ ശിശു സംരക്ഷണ വകുപ്പുകൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്താനവർദ്ധനവിനായി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ സർക്കാർ സിക്കിമിലെ ആശുപത്രികളിൽ ഐവിഎഫ് സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും ഈ പ്രക്രിയയിലൂടെ പ്രസവിച്ച എല്ലാ അമ്മമാർക്കും 3 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ടെന്നും അതിനിയും തുടരുമെന്നും തമാംഗ് പറഞ്ഞു. ഇതുവരെ 38 സ്ത്രീകൾ ഐവിഎഫ് സൗകര്യത്തിന്റെ സഹായത്തോടെ ഗർഭം ധരിക്കുകയും അവരിൽ ചിലർ അമ്മമാരാകുകയും ചെയ്തു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ജനസംഖ്യാവർദ്ധനവ് മൂലം പൊറുതിമുട്ടുമ്പോൾ ഇതാദ്യമായാണ് ഒരിന്ത്യൻ സംസ്ഥാനം ജനസംഖ്യാ വർദ്ധനവിനായി ഇത്രയേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്.

Advertisment