Advertisment

16 വര്‍ഷം മുമ്പ് ദീപകിന്റെ മരണം, ഇപ്പോള്‍ സമാന രീതിയില്‍ അഞ്ജുവും ! പ്രിയതമന്റെ പാത പിന്തുടർന്ന പ്രേയസിയും അതെ രീതിയിൽ മരണം പൂകി

New Update

publive-image

Advertisment

ഞായറാഴ്ച നേപ്പാളിലെ പൊഖാറയിൽ തകർന്ന യെതി എയർലൈൻസ് വിമാനത്തിന്റെ സഹ പൈലറ്റായിരുന്നു അഞ്ജു ഖാതിവാഡ.

ക്രൂ അംഗങ്ങളുൾപ്പെടെ 72 പേരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നേപ്പാൾ അധികൃതരുടെ അനുമാനം. ഇതുവരെ 69 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആ അപകടത്തിൽ മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരുമുണ്ട്.

വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് അഞ്ജുവിന്റെ കഥ. അവരുടെ കുടുംബത്തിനും ഇത് സമാനമായ 'രണ്ടാം ദുരന്തമാണ്'.

ഏകദേശം 16 വർഷം മുമ്പ് 2006 ൽ അഞ്ജുവിന്റെ ഭർത്താവ് പൈലറ്റ് ദീപക് പൊഖറേലും വിമാനാപകടത്തിൽ മരിച്ചിരുന്നു. അതും യെതി എയർലൈൻസിന്റെ വിമാനം. അന്നും ആ വിമാനത്തിൽ യാത്ര ചെയ്ത ആരും രക്ഷപെട്ടിരുന്നില്ല. രണ്ടപകട ങ്ങളും ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു സംഭവിച്ചത്.

ദീപക് മരിക്കുമ്പോൾ അഞ്ജുവിന് 28 വയസ്സായിരുന്നു. ആ സമയത്ത്, ജീവിതത്തിൽ മുന്നോട്ട് പോകാൻ അവർക്കു മുന്നിൽ പിതാവ് വച്ച നിർദേശം ഇന്ത്യയിലേക്ക് പോയി പഠിച്ചു നല്ല ഒരു കരിയർ കണ്ടെത്തണമെന്നായിരുന്നു. എന്നാൽ അഞ്ജു അതിനുവിസമ്മതിച്ചു.

ഭർത്താവ് ദീപക്കിന്റെ പാത പിന്തുടർന്ന് വ്യോമയാന മേഖലയിൽ ചേർന്ന് ഒരു പൈലറ്റാകുക എന്ന സ്വപ്നം അഞ്ജു സഫലമാക്കുകയായിരുന്നു

2010ൽ യെതി എയർലൈൻസിൽ ചേർന്നു. അഞ്ജുവിന്റെ ഭർത്താവ് ദീപക്കും ജോലി ചെയ്തിരുന്ന അതേ എയർലൈൻസ് കമ്പനിയായിരുന്നു ഇത്.

പരിചയ സമ്പന്നനായ പൈലറ്റായിരുന്നു ദീപക്. അദ്ദേഹം നേപ്പാൾ ആർമിയുടെ ഹെലികോപ്റ്ററുകൾ പറത്തിയിരുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ജുവുമായുള്ള വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം യെതി എയർലൈൻസിൽ ചേർന്നു.

2006ൽ നേപ്പാളിലെ ജുംല ജില്ലയിലാണ് അദ്ദേഹം കൊല്ലപ്പെട്ട വിമാനാപകടം നടന്നതെന്ന് യെതി എയർലൈൻസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അന്ന് രണ്ടു പൈലറ്റുമാർ ഉൾപ്പെടെ യാത്രക്കാരായിരുന്ന എല്ലാവരും മരിച്ചു.

യതി എയർലൈൻസ് ഉദ്യോഗസ്ഥരും ജീവനക്കാരും, വളരെ കഴിവുള്ള ഒരു പൈലറ്റായിട്ടാണ് അഞ്ജുവിനെയും ഓർക്കുന്നത്. "ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാനും അവൾ തയ്യാറായിരുന്നു. മുമ്പ് പലതവണ പൊഖാറയിലേക്ക് അഞ്ജു പറന്നിട്ടുണ്ട്. ആറായിരത്തി മുന്നൂറിലധികം മണിക്കൂറുകളോളം അഞ്ജു വിമാനം പറത്തിയ അനുഭവവുമുണ്ടായിരുന്നു.

കാഠ്മണ്ഡു, ഭദ്രാപൂർ, ബിരത്‌നഗർ, ധംഗഡി എന്നിവയ്‌ക്ക് പുറമെ മറ്റ് നിരവധി വിമാനത്താവളങ്ങളിലേക്കും അഞ്ജു വിമാനം പറത്തിയിട്ടുണ്ട്.

ഞായറാഴ്ച അപകടത്തിൽപ്പെട്ട യെതി എയർലൈൻസ് വിമാന ത്തിന്റെ പൈലറ്റ് വളരെയേറെ അനുഭവ പരിജ്ഞാനമുള്ള കമൽ കെ.സി ആയിരുന്നു. അദ്ദേഹത്തിന് 21,000 മണിക്കൂറിലധികം പറക്കൽ അനുഭവമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ അപകടം ഉണ്ടായതെന്ന വ്യക്തമായ വിവരം നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കഴിഞ്ഞ ശേഷമേ അറിയാൻ കഴിയുകയുള്ളു.

2000 മുതൽ നേപ്പാളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നുവീണതുമൂലം ഏകദേശം 350 പേർ മരിച്ചിട്ടുണ്ട് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ എട്ടെണ്ണം നേപ്പാളിലാണ്.

വിമാനാപകടത്തിന്റെ കാര്യത്തിൽ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ് നേപ്പാൾ.

കഴിഞ്ഞ വർഷം മെയ് 30ന് നേപ്പാളിലെ മുസ്താങ്ങിൽ വിമാനാപകടം ഉണ്ടായി. ഇതിൽ താര എയറിന്റെ ഡിഎച്ച്-6 വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചു.

2018ൽ മാർച്ച് 13 ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ വൻ വിമാനാപകടം ഉണ്ടായി. അന്ന് നടന്ന അപകടത്തിൽ 71 യാത്രക്കാരിൽ 50 ലധികം പേരും മരണപ്പെട്ടു.

Advertisment