Advertisment

ലോകത്തെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാൾ എങ്ങനെ മതേതര രാഷ്ട്രമായി മാറി ? ക്രിസ്തുമതം അവിടെ എങ്ങനെ ശക്തമായി ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നേപ്പാൾ മാറുകയാണ്.. ഹിന്ദുരാഷ്ട്രം എന്ന ലേബൽ അവർ ഉപേക്ഷിച്ചു. ക്രിസ്തുമതം അവിടെ ശക്തമായി വേരൂന്നിക്കഴിഞ്ഞു..240 വർഷത്തെ പാരമ്പര്യമുണ്ടായിരുന്ന നേപ്പാളിലെ രാജഭരണം അവസാനിച്ചത് 10 വർഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവിൽ 2008 ലായിരുന്നു. അതുവരെ ഹിന്ദുരാഷ്ട്രമായി നിലനിന്ന നേപ്പാൾ ആ ലേബൽ ഉപേക്ഷിക്കുകയും 2008 ൽ മതേതരരാഷ്ട്രമായി പ്രഖ്യാപിക്കുകയുമായിരുന്നു. ആർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം, അത് സ്വീകരിക്കാം.

നേപ്പാൾ ജനസംഖ്യയുടെ 82 % ഹിന്ദുക്കളും 9 % ബുദ്ധമതക്കാരും. 4.5 % മുസ്ലീങ്ങളും കേവലം ഒന്നര ശതമാനം ക്രിസ്ത്യാനികളും 3 ശതമാനത്തോളം ഇത്തരവിഭാഗങ്ങളുമാണ്. ഇത് 2010 ലെ കണക്കാണ്. എന്നാൽ ഇന്ന് അതൊക്കെ മാറിയിരിക്കുന്നു.

publive-image

1951 ൽ നേപ്പാളിൽ ഒരൊറ്റ ക്രിസ്തുമത വിശ്വാസിയും ഇല്ലായിരുന്നു. എന്നാൽ 1961 ആയപ്പോഴേക്കും 458 പേർ അവിടെ ക്രിസ്തുമതം സ്വീകരിച്ചു. 2011 ആയപ്പോൾ അവരുടെ ജനസംഖ്യ 3.76 ലക്ഷമായി ഉയർന്നു. ഇപ്പോഴത്തെ നിലയനുസരിച്ച് അവർ 6 ലക്ഷത്തിലധികമാണ്.

നേപ്പാളിൽ വ്യാപകമായ തോതിൽ ക്രിസ്തുമതത്തിലേക്ക് ആളുകൾ മതപരിവർത്തനം ചെയ്യുകയാണ്. നേപ്പാളിൽ ഇപ്പോൾ 300 ലധികം ക്രിസ്ത്യൻ മിഷനിറിമാർ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. കഠ്മണ്ഡുവിന് വെളിയിൽ ദക്ഷിണ നേപ്പാളിൽ മിഷനറിമാർ എത്രയുണ്ടെന്നതിന് കണക്കൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിന്നുള്ള മിഷനറിമാരാണ് ഇവരെല്ലാം.

publive-image

പട്ടികജാതി -പട്ടികവർഗ്ഗ , പിന്നോക്കാവർഗ്ഗത്തിൽ നിന്നുള്ളവരാണ് മതപരിവർത്തനത്തിലൂടെ ക്രിസ്തുമതം സ്വീകരിക്കുന്നവരിൽ കൂടുതലും. ഇവരുടെ ദാരിദ്ര്യമാണ് ഇതിനുള്ള മുഖ്യകാരണം. സാമ്പത്തികനേട്ടവും മെച്ചപ്പെട്ട ജീവിതവും വാഗ്ദാനം ചെയ്താണ് ഇവരെയെല്ലാം മിഷനറിമാർ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നത്.

നേപ്പാളിൽ നിർബന്ധിത മതപരിവർത്തനം ഗുരുതരമായ കുറ്റമാണെങ്കിലും മിഷനറിമാർ അതൊന്നും കാര്യമാക്കുന്നതില്ല. നിർബന്ധമായി ആരെയും മതപരിവർത്തനം ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ വാദം. അതിനുദാഹരണമായി പല ഗ്രാമങ്ങളും ഒന്നടങ്കം കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിക്കുന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

publive-image

പ്രലോഭനങ്ങളിലൂടെയാണ് ഇവർ മതം മാറുന്നത്. ഉത്തരേന്ത്യൻ ഗ്രാമീണ - ആദിവാസി മേഖലകളിൽ കേരളത്തിൽനിന്നുള്ള ക്രിസ്ത്യൻ സഭകൾ മതം മാറ്റത്തിനായി സ്വീകരിക്കുന്നതും ഇതേ രീതിതന്നെയാണ്. ദാരിദ്ര്യത്തിൽ കഴിയുന്ന ജനവിഭാഗങ്ങൾക്ക് നല്ല ജീവിത സാഹചര്യങ്ങളും സൗജന്യമായ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുള്ള പ്രലോഭനങ്ങളിലൂടെയാണ് ഇന്ത്യയിലും നേപ്പാളിലും വ്യാപകമായ മതപരിവർത്തനം നടക്കുന്നത്. ഇതാണ് യാഥാർഥ്യം.

ഇത് നിർബന്ധിച്ചുള്ള മതപരിവർത്തനമെന്ന് പറയാൻ കഴിയില്ല. അവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ സമർത്ഥമായി മുതലെടുക്കുകയാണ് ഇവർ ചെയ്യുന്നത്. ആദിവാസി ഗോത്രവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദു ആരാധനാ രീതികളിൽ നിന്നും വ്യത്യസ്തമാണ്. മതപരിവർത്തനത്തിലൂടെ ചർച്ചിന്റെ ഭാഗമായി അവർ മാറിയാലും ഈ ആചാരങ്ങൾ പലതും അവർ അതേപടി പിന്തുടരുകയും ചെയ്യുന്നുണ്ട്.

publive-image

മറ്റൊന്ന് നേപ്പാളിൽ നിന്ന് ഓരോ വർഷവും 2000 ത്തിലധികം വിദ്യാർഥികൾ ദക്ഷിണ കൊറിയയിൽ ഉപരിപഠനത്തിനു പോകുന്നുണ്ട്. ഇവരെല്ലാം അവിടെ ചർച്ചുമായി ബന്ധപ്പെടാൻ നിർബന്ധിതരാക്കപ്പെടുന്നു. അങ്ങനെ മടങ്ങിവന്ന പലരും ക്രിസ്തുമതം സ്വീകരിക്കുകയോ അതിൽ ആകൃഷ്ടരാകുകയോ ചെയ്യുന്നു.

ലോകത്ത് ക്രിസ്തുമത പ്രചാരണവും മതപരിവർത്തനവും നടത്തുന്നതിന് ചുക്കാൻ പിടിക്കുന്നത് സൗത്ത് കൊറിയൻ വേൾഡ് മിഷൻ അസോസിയേഷനാണ്. വിദേശത്തെ പല രാജ്യങ്ങളിലായി 22000 ത്തിൽപ്പരം കൊറിയൻ മിഷനറിമാരാണ് ക്രിസ്തുമത പ്രചാരണം നടത്തുന്നത്.

publive-image

നേപ്പാളിലെ ഒട്ടുമിക്ക മലനിരകളിലും ഇപ്പോൾ ക്രിസ്ത്യൻ പള്ളികൾ കാണാവുന്നതാണ്. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിൽ ഇപ്പോൾ 7758 ചർച്ചുകളുണ്ട്. ഈ ചർച്ചുകളിലെല്ലാം മറ്റു രാജ്യ ങ്ങളിൽ നിന്നുള്ള മിഷനറിമാർ മതപ്രചാരണത്തിനായി സ്ഥിരമായി വരുന്നുമുണ്ട്. ചർച്ചുകൾ നിർമ്മിക്കാനായി സ്ഥലവും പണവും തദ്ദേശവാസികളാണ് നൽകുന്നതെന്ന മിഷനറിമാരുടെ വാദം പലരും അംഗീകരിക്കുന്നില്ല.

നേപ്പാളിലെ മുൻ പ്രധാനമന്ത്രി കമൽ ഥാപ്പയുടെ അഭിപ്രായത്തിൽ നേപ്പാളിൽ ക്രിസ്തുമതം കാട്ടുതീ പോലെയാണ് പടരുന്നതെന്നും രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഇല്ലാതാക്കാനുള്ള സംഘടിതമായ ആക്രമണം തന്നെയാണ് കൊറിയൻ മിഷനറിമാർ നടത്തുന്നതെന്നുമാണ്. നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ കൊറിയൻ മിഷനറിമാർക്കെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിൽപ്പോലും ഇതുവരെ ശിക്ഷയുണ്ടായിട്ടില്ല. കാരണം തെളിവുകൾ ഇല്ലാത്തതിനാൽ അപ്പീൽ പോലും കോടതിയിൽ തള്ളിപ്പോകുകയാണ്.

publive-image

ഒരു കാര്യം വ്യക്തമാണ്. നേപ്പാളിലെ നല്ലൊരു വിഭാഗം യുവതലമുറ ഇപ്പോൾ ക്രിതുമതത്തിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ്. കഴുത്തിൽ കുരിശുമാലയണിഞ്ഞ യുവതീ യുവാക്കൾ " യേശു ജയിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുന്നതും അവിടിപ്പോൾ സാധാരണമാണ്.

-പ്രകാശ് നായര്‍ മേലില

Advertisment