Advertisment

അംബേദ്ക്കറെ കോൺഗ്രസ്സ് എത്രത്തോളം പിന്തുണച്ചിരുന്നു ? ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞുകിടക്കുന്ന ചില അദ്ധ്യായങ്ങളിലൂടെ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഡോക്ടർ ഭീംറാവ് അംബേദ്ക്കറെ കോൺഗ്രസ്സ് എത്രത്തോളം പിന്തുണച്ചിരുന്നു ?

അധികം ചർച്ചചെയ്യപ്പെടാതെപോയ അദ്ധ്യായമാണിത്. നെഹ്രുവും ഗാന്ധിജിയുമായി അദ്ദേഹത്തിന് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ ഇടക്കാല സർക്കാരിൽ അംബേദ്‌കർ നിയമമന്ത്രിയായിരുന്നെങ്കിലും പട്ടികജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നയങ്ങളിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. ഹിന്ദു കോഡ് ബില്ലിൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 1951 സെപ്റ്റംബർ 27-ന് ഇടക്കാല സർക്കാരിൽ നിന്ന് അദ്ദേഹം രാജിവച്ചു.

publive-image

അതിനുശേഷം അദ്ദേഹം നടത്തിയ പ്രസ്താവനയിലൂടെ നെഹ്‌റു തന്റെ നിലപാടുകളിൽനിന്ന് പിന്നോട്ട് പോകുകയാണെന്നും ആരോപിച്ചു. ഇതിനുശേഷം പിന്നോക്ക - പട്ടികവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. പട്ടികജാതി ഫെഡറേഷൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും അതിനെ ഇന്ത്യയൊട്ടാകെ ശക്തിപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.

രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ഭീംറാവു അംബേദ്കറിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടുതവണ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. രണ്ട് തവണയും അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അംബേദ്‌കറിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. സത്യത്തിൽ അദ്ദേഹം ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമാകാൻ പോലും കോൺഗ്രസ് ആഗ്രഹിച്ചിരുന്നില്ല. അതിനായി അക്കാലത്ത് പാർട്ടി എല്ലാ തന്ത്രങ്ങളും സ്വീകരിച്ചു. അംബേദ്കർ ഭരണഘടനയെ ധിക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മറ്റു ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗമാക്കുവാൻ നിർബന്ധിതരായി.

publive-image

ഇടക്കാല സർക്കാർ രാജിവച്ച് ഏകദേശം ഒരു വർഷത്തിനുശേഷം, രാജ്യത്ത് ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുകയും അംബേദ്കറും അതിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പാർട്ടി രാജ്യത്തുടനീളം 35 സ്ഥാനാർത്ഥികളെ നിർത്തി. പക്ഷേ രണ്ട് പേർ മാത്രമാണ് വിജയിച്ചത്. മഹാരാഷ്ട്രയിലെ നോർത്ത് മുംബൈ സീറ്റിൽ നിന്നാണ് അംബേദ്കർ മത്സരിച്ചത്. എൻഎസ് കജോൽക്കറെയാണ് കോൺഗ്രസ് അംബേദ്‌കറിനെതിരെ മത്സരിപ്പിച്ചത്. കജോൾക്കർ ഒരു പാൽ വ്യാപാരിയും അംബേദ്കറുടെ സുഹൃത്തുമായിരുന്നു.

കജോൾക്കറിനുവേണ്ടി നെഹ്‌റു നേരിട്ട് തിരഞ്ഞെടുപ്പ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിനായി അദ്ദേഹം തന്നെ രണ്ട് തവണ ഈ ലോക്സഭാ മണ്ഡലത്തിൽ എത്തിയിരുന്നു. അന്ന് അംബേദ്കർ ഒരു ലക്ഷത്തി 23,576 വോട്ടുകൾ നേടിയപ്പോൾ കജോൾക്കറിന് ഒരു ലക്ഷത്തി 37,950 വോട്ടുകൾ ലഭിച്ചു. അങ്ങനെ 14,000-ത്തിലധികം വോട്ടുകൾക്ക് അംബേദ്കറിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

അംബേദ്കറുടെ പരാജയ പരമ്പര ഇവിടെയും അവസാനിച്ചില്ല. 1954-ലെ ബണ്ടാര ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംബേദ്കറെ വീണ്ടും പരാജയപ്പെടുത്തി. ആ തോൽവിയിൽ അംബേദ്കർ വളരെ നിരാശനായിരുന്നു. 1952ൽ കജോൾക്കറുടെ വിജയം തീർത്തും അപ്രതീക്ഷിതമായിരുന്നു. അംബേദ്കർ സോഷ്യൽ പാർട്ടിക്കൊപ്പമാണെന്ന് കോൺഗ്രസ് പ്രചാരണം നടത്തി. അതുകൊണ്ട് അദ്ദേഹത്തെ എതിർക്കുകയല്ലാതെ കോൺഗ്രസിന് മറ്റു മാർഗങ്ങളില്ലായിരുന്നു എന്നാണ് അന്ന് പറഞ്ഞിരുന്നത്.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുത, അംബേദ്കറെ തോൽപ്പിച്ച് 18 വർഷങ്ങൾക്ക് ശേഷം 1970ൽ കോൺഗ്രസ് സർക്കാർ സാമൂഹ്യസേവനരംഗത്ത് പത്മശ്രീ നൽകി കജോൾക്കറെ ആദരിച്ചു എന്നതാണ്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം അന്നത്തെ ബോംബെ പ്രവിശ്യയിൽ നിന്ന് ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള അംബേദ്ക്കറുടെ പ്രവേശനം തടസ്സപ്പെട്ടുവെന്ന് പറയപ്പെടുന്നു.

അംബേദ്കറുടെ സാമൂഹിക പരിഷ്കർത്താവ് എന്ന പ്രതിച്ഛായയിൽ കോൺഗ്രസ് ആശങ്കാകുലരായിരുന്നു. അദ്ദേഹത്തെ ഭരണഘടനാ നിർമ്മാണ സഭയിൽ നിന്ന് അകറ്റി നിർത്താനും പാർട്ടി പദ്ധതിയിട്ടിരുന്നു. ഇതിനായി കോൺഗ്രസ് എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു. ഭരണഘടനാ അസംബ്ലിയിലേക്ക് ആദ്യം തെരഞ്ഞെടുത്ത 296 അംഗങ്ങളിൽ അംബേദ്കർ ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെ സ്വാധീനം മൂലം ബോംബെയിലെ പട്ടികജാതി സംഘടനയുടെ പിന്തുണ പോലും അംബേദ്കറിന് നേടാനായില്ല.

അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ അന്നത്തെ ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി ജി ഖേർ എല്ലാ ശക്തിയും പ്രയോഗിച്ചു. ഇതിനുശേഷം ബംഗാളിലെ ദളിത് നേതാവ് ജോഗേ ന്ദ്രനാഥ് മണ്ഡൽ അംബേദ്കറെ അകമഴിഞ്ഞ് സഹായിച്ചു. ഒടുവിൽ മുസ്ലീം ലീഗിന്റെ സഹായത്തോടെയാണ് അദ്ദേഹം അംബേദ്കറെ ഭരണഘടനാ നിർമ്മാണ സഭയിലെത്തിച്ചത്.

എങ്കിലും , അംബേദ്കറുടെ പ്രശ്‌നങ്ങൾ അവിടെയും അവസാനിച്ചില്ല. അദ്ദേഹം ഭരണഘടനാ നിർമ്മാണ സഭയിൽ വോട്ടുകൾ നേടിയെത്തിയ ജില്ലകൾ ഹിന്ദു ആധിപത്യം ഉണ്ടായിരുന്ന കിഴക്കൻ പാകിസ്ഥാന്റെ ( ബംഗ്ളാദേശ് ) ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അംബേദ്കർ പാകിസ്ഥാൻ ഭരണഘടനാ അസംബ്ലിയിൽ അംഗമാകുകയും ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തു.

ഒടുവിൽ ഒരു പോംവഴിയും കാണാതെ വന്നപ്പോൾ താൻ ഭരണഘടനയെ അംഗീകരിക്കില്ലെന്നും അതിനെ രാഷ്ട്രീയ വിഷയമാക്കുമെന്നും അംബേദ്കർ പരസ്യമായി ഭീഷണി മുഴക്കി. അത് ഫലം കണ്ടു. തുടർന്ന് മാർഗ്ഗങ്ങളില്ലാതെ അദ്ദേഹത്തിന് സ്ഥാനം നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർബന്ധിതമാകുകയായിരുന്നു. തുടർന്ന് ബോംബെയിൽ നിന്നുള്ള അംഗം എം.ആർ.എം ആർ ജയകർ ഭരണഘടനാ നിർമ്മാണ സഭയിലെ തന്റെ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന് പകരം അംബേദ്കറെ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് അയക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിക്കുകയും ചെയ്തു.

ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞുകിടക്കുന്ന ഈ സംഭവങ്ങൾ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് പോലും മറക്കാൻ ആഗ്രഹിക്കുന്നവയാകാം.

-പ്രകാശ് നായര്‍ മേലില

Advertisment