Advertisment

ഊതിവീര്‍പ്പിച്ച വിവാദങ്ങളിലൂടെ ഫാക്കല്‍റ്റികള്‍ രാജിവച്ചു പോയി ! നഷ്ടം വിദ്യാർത്ഥികൾക്കോ വിപ്ലവ നേതാവിനോ ? ഇത് മനസ്സിലാക്കാനോ ഇടപെടാനോ നമ്മുടെ ഭരണ കർത്താക്കൾക്ക് കഴിയാത്തതെന്താണ് ? കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഉദാഹരണം മാത്രം-പ്രതികരണത്തില്‍ തിരുമേനി

publive-image

Advertisment

സി.പി.എം. ഭരിക്കുമ്പോൾ കേരളത്തിൽ എന്ത് തോന്നിവാസവും ഇടത് അനുകൂലികൾക്ക് നടത്താമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കോട്ടയത്ത് പാമ്പാടിയിലുള്ള കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലേത്. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും ശങ്കർ മോഹൻ ഡയറക്ടറും ആയിട്ടുള്ള ഭരണ സമിതി ആയിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്നത്.

ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഒരു ആരോപണം ഉണ്ടാകുന്നു. ആരോപണത്തിൽ പറയുന്നത് ശങ്കർ മോഹൻ ജാതി പറഞ്ഞു എന്നാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നത തസ്തികയിൽ ഇരുന്നിരുന്ന ശങ്കർ മോഹനെ കേരളത്തിലേക്ക് വിളിച്ച് കൊണ്ടുവന്നതാണ്. അതേ പോലെ അവിടെയുള്ള എല്ലാ ഫാക്കൽറ്റികളും ഉന്നത നിലവാരം പുലർത്തുന്നവരാണ്.

ഇടതുപക്ഷ സംഘടനയിലെ ഒരു ഉദ്യോഗസ്ഥന് ഫയൽ വച്ച് താമസിപ്പിച്ചതിന്റെ പേരിൽ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് സംഭവങ്ങളുടെ തുടക്കം. ഭരണകക്ഷിയായ സി.പി.എം. നേതാവിന് ഇത് പിടിച്ചില്ല. അയാൾ മെനഞ്ഞെടുത്ത കുതന്ത്രമാണോ ഈ ജാതിക്കളി ? ജാതിവിഷയവും സ്ത്രീ വിഷയവും ആണ് വിപ്ലവത്തിന്റെ ആചാര്യന്മാർ ശത്രുക്കളെ വീഴ്ത്താൻ നമ്മുടെ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്നത്.

അദ്ഭുതപ്പെടുത്തുന്ന വസ്തുത ഇവരുടെയൊക്കെ കൈകളിലെ പാവകളായി വിദ്യാർത്ഥികൾ മാറുന്നു എന്നതാണ്. വിവേചന ബുദ്ധിയില്ലാത്ത വിദ്യാർത്ഥികൾ ഇത്തരം സാമൂഹ്യ വിരുദ്ധൻമാർക്ക് വേണ്ടി വിടുപണി ചെയ്യുന്നു. പരിണിതഫലമായി സംഭവിച്ചത് എല്ലാ നല്ല ഫാക്കൽറ്റികളും രാജിവച്ച് പോയി. നഷ്ടം വിദ്യാർത്ഥികൾക്കോ വിപ്ലവ നേതാവിനോ ?

ഇത് മനസ്സിലാക്കാനോ ഇടപെടാനോ നമ്മുടെ ഭരണ കർത്താക്കൾക്ക് കഴിയാത്തതെന്താണ് ? ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉടൻ യോഗം വിളിച്ച് ഡയറക്ടറെ നീക്കി. ഇങ്ങനെയാണോ ഒരു ഭരണകർത്താവ് ചെയ്യേണ്ടത് ? സകല സ്ഥാപനങ്ങളും ഓഫീസുകളും കൈപ്പിടിയിലൊതുക്കുക എന്ന പാർട്ടി നയം എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കി കഴിയുമ്പോഴേക്കും വൈകിയിരിക്കും.

കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതിർന്ന ഒരു കോൺഗ്രസ് നേതാവ് തിരുവനന്തപുരത്തെ ശ്രീചിത്രാ മെഡിക്കൽ സെന്ററിൽ ഐ.എൻ.ടി.യു.സി യൂണിറ്റ് തുടങ്ങാനുള്ള അനുവാദത്തിന് അദ്ദേഹത്തെ സമീപിച്ചു. ലീഡർ പറഞ്ഞത് ഇങ്ങനെയാണ്- വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു സ്ഥാപനമാണ് അത്. അവിടെ ട്രേഡ് യൂണിയൻ പ്രവർത്തനം ഞാൻ സമ്മതിക്കില്ല -ഇതാണ് നാടിനോട് സ്നേഹമുള്ള ഭരണാധികാരി. ഐ.എൻ.ടി.യു.സിൽ കൂടി വളർന്ന് വന്ന ലീഡർക്ക് അതിന്റെ ഗുണവും ദോഷവും നന്നായറിയാം.

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഉദാഹരണം മാത്രം. സി.പി.എം. അധ്യാപക സംഘടനയായ കെ.എസ്.ടി.എ. നേതാക്കളെ പേടിച്ചാണ് പാവപ്പെട്ട അധ്യാപകർ സ്ക്കൂളുകളിൽ ജോലി ചെയ്യുന്നത്. ഇത് തന്നെയാണ് കോളേജുകളിലേയും സർവകലാശാലകളിലേയും സ്ഥിതി.

ഇത് തന്നെയല്ലേ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിലും . രാഷ്ട്രീയ പാർട്ടികൾ നേരിട്ട് രംഗത്ത് വരാതെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളെ ഇളക്കിവിടുന്നു. ഒരു നൂറ്റാണ്ട് ഭാരതത്തെ വിഭജിച്ച് ഭരിച്ച് കൊള്ളയടിച്ച ഒരു സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനിലെ തികച്ചും മുൻവിധിയുള്ള ഒരു മാധ്യമമാണ് ബി.ബി.സി. അവർ നിർമ്മിച്ച ഒരു ഡോക്യുമെന്ററി ഇവിടെ പ്രദർശിപ്പിച്ച് സംതൃപ്തി അടയുകയാണ് കോൺഗ്രസും ഇടത് പക്ഷവും. ഇവർക്ക് എന്ത് കൊണ്ട് മൗലികമായ കാരണങ്ങൾ നിരത്തി മോദിയെ എതിർത്ത് കൂടാ?

ജനാധിപത്യ സംവിധാനത്തിൽ ഭരണത്തിൽ വന്ന സർക്കാരിനെ അംഗീകരിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്. അതിന് തയ്യാറാവാതെ മോദി വിരുദ്ധത മാത്രം പറയുന്നതാണ് രാഹുൽ പരാജയപ്പെടാൻ കാരണം. നരേന്ദ്ര മോദിയിൽ ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട് എന്ന അടിസ്ഥാനപരമായ വസ്തുത അംഗീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ കോൺഗ്രസിനും ഇടതിനും മുമ്പോട്ട് പോകാൻ പറ്റു.

മുസ്ലീം പ്രീണനം കൊണ്ട് അധിക നാൾ മുമ്പോട്ട് പോകാൻ കഴിയില്ല. കേരളത്തിലെ തുടർ ഭരണം കൊട്ടിഘോഷിക്കുന്ന സഖാക്കന്മാർ മോദിയുടെ തുടർ ഭരണത്തെക്കുറിച്ച് അറിഞ്ഞ ഭാവം നടിക്കില്ല. ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പഠിക്കുക. തിരഞ്ഞെടുത്ത സർക്കാരിനെ അംഗീകരിക്കുക. പിന്നീട് സ്വന്തം പാർട്ടിയെ സ്നേഹിക്കുക. ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുകയും ആദ്ധ്യക്ഷം വഹിക്കുകയും ചെയ്യുന്ന ഭാരതം ലോകത്തിന്റെ നെറുകയിലേക്കെത്തുന്നത് സഹിക്കാൻ പറ്റാത്തവർ ഇനിയും പല ഡോക്യുമെന്ററികളുമായി വരും.

Advertisment