Advertisment

ഇപ്പോഴത്തെ വിലവർദ്ധന പിടിച്ചുപറിക്കു തുല്യം; യാതൊരു ദീർഘവീക്ഷണവുമില്ലാതെ തീർത്തും പിന്തിരിപ്പനായ ഒരു ജനദ്രോഹ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്

New Update

publive-image

Advertisment

ബജറ്റ് അവതരിപ്പിച്ച ധാനാഢ്യനായ വ്യക്തിക്ക് വിലക്കയറ്റും ഒരു വിഷയമല്ലായിരിക്കാം..?

സർക്കാർ ഉദ്യോഗസ്ഥരും , ക്വാറി മുതലാളിമാരും, രാഷ്ട്രീയ ക്കാരും മാത്രം ഇവിടെ ജീവിച്ചാൽ മതിയെന്നാണോ ?

തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രത്തെ കുറ്റം പറഞ്ഞവർ ഇവിടെ ജനത്തെ പരസ്യമായി കൊള്ളയടിക്കുകയാണ്.

പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്ക് നേരത്തെതന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോഴത്തെ വിലവർദ്ധന പിടിച്ചുപറിക്കു തുല്യമാണ്.

കടമെടുക്കാനുള്ള പരിധി കേന്ദ്രം ഉയർത്താത്തതിലുള്ള പ്രതികാരമാണോ സർവതിനും വിലകൂട്ടി പൊതുജനത്തിന്റെ നടുവൊടിക്കുന്ന ഈ ബജറ്റ് ?

കടമെടുത്തിട്ട് ഇവിടെന്തു വികസനമാണ് നിങ്ങൾ നടത്തിയത് ? ആളെണ്ണി മാസാമാസം കടമെടുക്കാനാണെങ്കിൽ നിങ്ങൾ ഭരിക്ക ണമെന്ന് ആർക്കാണിത്ര നിർബന്ധം ?

തലയെണ്ണി കടം വാങ്ങുകയാണെന്ന് മുൻപ് നിങ്ങൾ കേന്ദ്രസർക്കാരുകളെ വിമർശിച്ചിരുന്നത്‌ സൗകര്യപൂർവ്വം മറന്നിട്ടാണോ അതേ പണി നിങ്ങളും നടത്തുന്നത് ?

1,35,419 കോടി രൂപയാണ് ബജറ്റിലെ ആകെ റവന്യൂ വരുമാനം. അതിൽ പകുതിയിലധികം ശമ്പളത്തിനും പെൻഷനും (70,480) മാത്രമാണ് ചെലവാകുന്നത്. ആകെ ചെലവ് വരുന്നത് 1,76,080 കോടി രൂപ. ധനക്കമ്മി 39,662 കോടി രൂപ. ഈ കമ്മി എവിടെനിന്നും നികത്തും.

ഒന്നുകിൽ കടമെടുക്കും അല്ലെങ്കിൽ മദ്യത്തിനും പെട്രോളിനും വീണ്ടും വർഷാവസാനം വിലകൂട്ടും. അതാണല്ലോ സ്ഥിരമായി കണ്ടുവരുന്നത്. ഇവിടെ വ്യവസായങ്ങൾ ഒന്നും വരുന്നില്ല, നിക്ഷേപകർ ഈ വഴി വന്നിട്ട് കാലങ്ങളായി. ഉള്ളവരാകട്ടെ തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളിലേക്ക് വലിയുകയാണ്.

യാതൊരു ദീർഘവീക്ഷണവുമില്ലാതെ തീർത്തും പിന്തിരിപ്പനായ ഒരു ജനദ്രോഹ ബജറ്റാണ് നമ്മുടെ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലം അതിജീവിച്ച് ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന ഒരു ജനതയെ കൊല്ലാക്കൊല ചെയ്യന്നതിന് തുല്യമാണ് ഇതെന്ന് നിസ്സംശയം പറഞ്ഞേ മതിയാകൂ..

പെട്രോളിനും ഡീസലിനും വിലകൂടിയാലുടൻ എണ്ണ തൊട്ടു കർപ്പൂരം വരെ മാർക്കറ്റിൽ വിലക്കയറ്റമുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും നേതാക്കൾക്കില്ലാതെപോയി.

മദ്യത്തിന് ആറു മാസത്തിനുള്ളിൽ വീണ്ടും വിലകൂട്ടിയത് പകൽക്കൊള്ളയാണ്. ബഹു. ഹൈക്കോടതി ഈ വിഷയം ദയവായി ശ്രദ്ധിക്കണം. തികച്ചും അന്യായവും മറ്റൊരു നാട്ടിലുമില്ലാത്ത ഈ വിലവർദ്ധനവിനെതിരേ പരാതിപ്പെടുന്നവർക്ക് പിഴ വിധിക്കുന്നത് എത്രത്തോളം നീതിയാണ് ? തൊട്ടടുത്ത സംസ്ഥാനങ്ങളിൽ വരെ ഇവിടുത്തെതിലും പകുതി വിലയ്ക്ക് കിട്ടുന്ന മദ്യത്തിന് ഓരോ മുടന്തൻ ന്യായങ്ങൾ നിരത്തി വീണ്ടും വീണ്ടും വിലകൂട്ടുകയാണ്. മദ്യം വാങ്ങുന്നവർ മനുഷ്യരല്ലേ ? അവർക്കുമില്ലേ മൗലികാവകാശങ്ങൾ ? ഈ അന്യായവിലവർദ്ധനയ്‌ക്കെതിരേ എവിടെയാണ് പരാതിപ്പെടേണ്ടത് ? ബീവറേജ് ഔട്ട്ലെറ്റുകളിൽ കസ്‌റ്റമേഴ്സിനുവേണ്ടി ചില അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബഹു. ഹൈക്കോടതി നിർദ്ദേശിച്ചിട്ട് അത് നടപ്പിലായോ ? ഇല്ല. ഇതുവരെ നടന്നിട്ടില്ല.

ബെവ്കോയിൽ വ്യാപകമായ അഴിമതിയും തട്ടിപ്പും പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങളും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. 70 രൂപയുടെ സാധനം ഏകദേശം 1000 രൂപയ്ക്ക് വിറ്റിട്ടും സർക്കാരിന് നഷ്ടമാണത്രേ. ഇതിലെ ഉദ്യോഗസ്ഥന്മാർക്കൊക്കെ മുന്തിയ ശമ്പളമാണ് നൽകുന്നത്. ട്രേഡ് യൂണിയനുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് പറയപ്പെടുന്നു. ബെവ്കോ സ്വകാര്യവൽക്കരിച്ചാൽ മദ്യത്തിന് ഇപ്പോൾ വിൽക്കുന്ന വിലയുടെ പകുതി വിലയ്ക്ക് വിറ്റാലും വിൽപ്പനയുടെ 75 % സർക്കാരിന് ലാഭമായിരിക്കും. ഗോഡൗൺ വേണ്ട. മുന്തിയ വാടകയ്ക്കുള്ള കെട്ടിടം വേണ്ട, വാഹനങ്ങളും സെക്യൂരിറ്റിയും ഒന്നും ആവശ്യമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും ആവശ്യമില്ല.

കെഎസ്ആര്‍ടിസിക്ക്‌ 3000 കോടി വീണ്ടും സർക്കാർ കൊടുക്കുന്നു. ഈ വെള്ളാനയെ ആർക്കുവേണ്ടിയായാണ് സർക്കാർ തീറ്റിപ്പോറ്റുന്നത് ? ഒരു പറ്റം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ഈ പ്രസ്ഥാനം തകർത്തത്. ഇത് സ്വകാര്യ വൽക്കരിച്ചാൽ സർക്കാർ ഖജനാവിന് വലിയ നേട്ടമാകും ഉണ്ടാകുക.

വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി.27,000 ജോലിക്കാർക്കുവേണ്ടി മാത്രമാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. ഇപ്പോൾ 6000 പേരെക്കൂടി നിയമിക്കാൻ പോകുന്നുവത്രേ. ഇവരാരും പറയത്തക്ക ജോലിയൊന്നും ചെയ്യുന്നില്ല. ഒരു ഡ്രൈവർക്കു വരെ ഒരു ലക്ഷത്തിലധികം ശമ്പളമാണ്. പത്താം ക്ലാസ്സ് യോഗ്യതപോലുമില്ലാത്ത ഒരു ഓവർസീയർക്ക് 1.30 ലക്ഷമാണ് ശമ്പളം. കൊള്ളയാണവിടെ നടക്കുന്നത്. നമ്മളുടെ പണം കാർന്നുതിന്നുകയാണ്. ഏറ്റവും ശ്രദ്ധേയമായ വസ്തുത, അവിടെ ജോലി മുഴുവൻ ചെയ്യുന്നത് കരാർ ജോലിക്കാരാണത്രേ.

വൈദ്യുതി വിതരണച്ചെലവ് ദേശീയ ശരാശരി 1 രൂപ 68 പൈസ യൂണിറ്റിന് ആണെന്നിരിക്കെ കേരളത്തിൽ അത് 2 രൂപ 89 പൈസയാണ്. നോക്കുക. എന്തന്യായമാണിതെന്ന് ? നമ്മുടെ പണം ഉദ്യോഗസ്ഥരും കുറെ രാഷ്ട്രീയക്കാരും ചേർന്ന് വീതം വച്ചെടുക്കുകയാണ്. 2200 കോടി രൂപാ നഷ്ടത്തിലാണ് കെഎസ്ഇബി ഇപ്പോൾ പ്രവർത്തിക്കുന്നത്. അതായത് ഇനിയും വിലകൂടും എന്ന് സാരം.

കുറഞ്ഞപക്ഷം കെഎസ്ഇബി ,ബെവ്‌കോ, കെഎസ്ആര്‍ടിസി എന്നീ മൂന്നു സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചാൽ കേരളത്തിന്റെ ഖജനാവ് നിറയും. ഒരു രൂപ കടമെടുക്കേണ്ടിവരില്ല. പക്ഷേ അത് നടക്കില്ല. ട്രേഡ് യൂണിയൻകാർക്കും രാഷ്ട്രീയനേതാക്കൾക്കും ഈ വെള്ളാനകളെ ഇങ്ങനെ നിലനിർത്തുവാനാണ് താൽപ്പര്യം. അതവരുടെ ആവശ്യവുമാകാം.

ജനത്തെ പറ്റിക്കുകയാണ് നമ്മുടെ നേതാക്കൾ. നാളെ യുഡിഎഫ്‌ അധികാരത്തിൽ വന്നാലും മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല. ഒരു നാണയത്തിൻ്റെ രണ്ടുവശങ്ങളാണ് ഇവർ. ഇവരെ അധികാരത്തിലേറ്റാതെ ജനത്തിനുമുന്നിൽ മറ്റു പോംവഴികളിലെന്ന വസ്തുത നമ്മെക്കാൾ കൂടുതൽ അവർക്കറിയാം. അതാണ് ഇതുപോലുള്ള ജന ദ്രോഹ ബജറ്റുകൾ അവതരിപ്പിക്കാൻ ഇവർക്ക് ലഭിക്കുന്ന ഊർജ്ജവും.

-പ്രകാശ് നായര്‍ മേലില

Advertisment