Advertisment

വിലയില്ല ! കർഷകർ കൃഷിയിടത്തിൽത്തന്നെ സവാള നശിപ്പിച്ചുകളയുന്ന കാഴ്ച നാസിക്ക് മേഖലയിൽ വ്യാപകം; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ളവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുന്നതും നിരവധി പേര്‍; കര്‍ഷകരുടെ രോദനം സര്‍ക്കാര്‍ കേള്‍ക്കണം; സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കാം

New Update

publive-image

Advertisment

കർഷകരുടെ രോദനം. വിളകൾക്ക് വിലയില്ല. ഉരുളക്കിഴങ്ങ് കിലോ 2 മുതൽ 4 രൂപവരെ. സവാള വാങ്ങാൻ ആളില്ലാത്ത അവസ്ഥ.. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര,ഗുജറാത്ത് ,ബീഹാർ സംസ്ഥാങ്ങളിലെ കർഷകരുടെ അവസ്ഥ വളരെ ദയനീയമാണ്.

വിലയില്ലാത്തതിനാലും വാങ്ങാൻ മണ്ടികളിൽ വ്യാപാരികളില്ലാത്തതിനാലും കർഷകർ കൃഷിയിടത്തിൽത്തന്നെ സവാള നശിപ്പിച്ചുകളയുന്ന കാഴ്ച നാസിക്ക് മേഖലയിൽ വ്യാപകമാണ്. ചിലർ സവാള കൂട്ടിയിട്ട് കത്തിക്കുന്നതും കാണാവുന്നതാണ്.

മാർക്കറ്റിൽ കിലോക്ക് മൊത്തവില 1 രൂപ അല്ലെങ്കിൽ 2 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ഉരുളക്കിഴങ്ങിന് ചില കമ്പോളങ്ങളിൽ 4 രൂപയാണ് കര്ഷകന് ലഭിക്കുന്ന അധികവില. വിലയില്ലാത്തതിനാലും വാങ്ങാൻ വ്യാപാരികൾ തയ്യാറാല്ലാത്തതിനാലും പലരും ഇപ്പോൾ ഇവ മാർക്കറ്റിൽ ഉപേക്ഷിച്ചുപോകുകയാണ്.

ലോണെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. 8 മുതൽ 12 % വരെയാണ് പലിശ. കാർഷികവിപണിയിൽ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകാനിടയുണ്ട്.

publive-image

സവാളയും ഉരുളക്കിഴങ്ങും പാക്കിസ്ഥാനിലേക്ക് കയറ്റി അയയ്ക്കാനനുവദിക്കണമെന്ന് പഞ്ചാബിലെ കർഷകർ സർക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനിൽ സവാള കിലോ 400 രൂപയും ഉരുളക്കിഴങ്ങു് 500 - 600 രൂപയുമാണ് വില. ഇന്ത്യയിൽ നിന്നുള്ള ഗോതമ്പുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിലകുറച്ച് ലഭിക്കാനുള്ള ശ്രമങ്ങൾ പാക്കിസ്ഥാൻ സർക്കാരും ആരംഭിച്ചിട്ടുണ്ടെങ്കിലും അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഗോതമ്പ് പാക്കിസ്ഥാനിൽ ക്വിന്റൽ 4100 രൂപ വിലയുണ്ട്.

ഒരു കിലോ സവാള ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് വരുന്ന ചെലവ് 8 രൂപ മുതൽ 15 രൂപ വരെയാണ്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിലാണ് ഇന്ത്യയിലെ സവാളയുടെ 60 % വുംഉൽപ്പാദനം നടക്കുന്നത്.

ഒരു ഹെക്ടറിൽ ഉരുളക്കിഴങ്ങു കൃഷിചെയ്യാൻ വരുന്ന ചെലവ് വിളവെടുപ്പുവരെ ഏകദേശം ഒന്നരലക്ഷം രൂപയാണ്. ഒരു ഹെക്റ്ററിൽ ഏകദേശം 2000 - 2500 കിലോ വിളവ് ലഭിക്കും. ആ കണക്കനുസരിച്ച് നോക്കു മ്പോൾ കർഷകന് ഒരു കിലോയ്ക്ക് കുറഞ്ഞത് 10 -15 രൂപ വില ലഭിച്ചില്ലെങ്കിൽ ആ കൃഷി ഒട്ടും ആദായകരമല്ല എന്ന് കണക്കാക്കപ്പെടുന്നു.

വിളകൾ കോൾഡ് സ്റ്റോറേജുകളിൽ വയ്ക്കാനുള്ള സംവിധാനം എല്ലായിടത്തും ലഭ്യവുമല്ല. സർക്കാർ ഇടപെടലിൽ ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് താങ്ങുവില നൽകി ശേഖരിക്കുകയും അവ കയറ്റുമതി ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കുകയും ചെയ്‌താൽ ഇപ്പോഴത്തെ ദുരവസ്ഥയിൽ നിന്നും കർഷകരെ രക്ഷിക്കാൻ കഴിയും.

Advertisment