പ്രധാനമന്ത്രി മോദിക്ക് കാലിടറി തുടങ്ങിയോ ? രാഹുലും ഈ സംഭവ വികാസങ്ങളില്‍ നിന്നും പാഠം പഠിക്കാനുണ്ട്

New Update

publive-image

Advertisment

പ്രധാനമന്ത്രിമോദിക്ക് കാലിടറി തുടങ്ങിയോ ? ദീര്‍ഘ വീക്ഷണത്തോടെയും, നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പുള്ളവനായാണ് മോദി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആഭ്യന്തര, വിദേശ, ധനകാര്യ രാഷ്ട്രിയ വിഷയങ്ങളില്‍ അടുത്ത കാലത്ത് മോദി സര്‍ക്കാര്‍ കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്ത തീരുമാനങ്ങളില്‍ പലതും ലക്ഷ്യങ്ങള്‍ കൈവരിച്ചോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

വൈകാരികതക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലക്ഷ്യ പ്രാപ്തിയില്‍ എത്താനുള്ള സാധ്യത കുറയും എന്നുമാത്രമല്ല തിരിച്ചടികളും നേരിടേണ്ടി വരും. മുന്‍കാല അനുഭവങ്ങള്‍ അതാണു സാക്ഷ്യപ്പെടുത്തുന്നത്. ഏതെങ്കിലും മഹത്വവല്‍ക്കരണ പ്രസ്ഥാനക്കാരില്‍ നിന്നും ലഭിക്കുന്ന മംഗളപത്രം കൊണ്ട് സ്വന്തം നഗ്നത അധികകാലം മറച്ചു വയ്ക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. ഈ തത്വം മോദിക്കും, പിണറായി വിജയനും മറ്റെല്ലാ അധികാര കേന്ദ്രങ്ങള്‍ക്കും ബാധകമാണ്.

തനിക്കു ചുറ്റും കൃത്രിമമായ ഒരു പ്രഭാവലയം സൃഷ്ടിച്ച് അതിലഭിരമിക്കുക എന്നത് പല രാഷ്ട്രീയ നേതാക്കളുടേയും പ്രത്യേകതയാണ്. ആ പ്രഭാവലയത്തിനു മങ്ങലേല്‍ക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കും. അധികാരത്തിന്‍റെ പിന്‍ബലവും ഒപ്പമുണ്ടാവുമ്പോള്‍ ഈ അസ്വസ്ഥത പ്രകടനം രൂക്ഷമാവും. ഇന്ത്യയുടെ ചരിത്രം പരിശേധിച്ചാല്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഇത്തരക്കാരെ ധാരാളമായി കാണാം.

ഇവര്‍ തങ്ങളുടെ അപകര്‍ഷതാ ബോധം മറച്ചു വയ്ക്കുന്നത് അതിരു കടന്ന അപ്രമാദിത്യ ബോധത്തിലൂടെയായിരിക്കും. മോദി സമുദായത്തെ വിമര്‍ശിച്ചു എന്നതിനേക്കാള്‍ പ്രധാനമന്ത്രിയുടെ പേരുമായി അതിനെ ബന്ധപ്പെടുത്തി എന്നതായിരിക്കണം കേസിന്‍റെ ഗൗരവം വര്‍ദ്ധിപ്പിച്ചത്.
2019-ല്‍ രാഹുല്‍ ഗാന്ധി മോദി വിഭാഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ഒരു മാനനഷ്ട കേസായി ഗുജറാത്തിലെ സൂറത്ത് കോടതിയിലെത്തുക ഉണ്ടായി.

'എല്ലാ കള്ളന്മാര്‍ക്കും എന്തു കൊണ്ട് മോദി എന്ന പേരു വന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ കോലാറില്‍ വച്ചു നടത്തിയ ഈ പരാമര്‍ശം ആണ് ഇത്തരമൊരു മാനനഷ്ട കേസിനു വഴിവച്ചത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയാണ് ഈ കേസില്‍ സൂറത്ത് കോടതി രാഹുലിന് വിധിച്ചത്. അതോടൊപ്പം തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറി നില്‍ക്കേണ്ടിയും വരും. അതുവരെ മേല്‍ക്കോടതികളുടെ അപ്പീല്‍ വിധികള്‍ക്കായി കാത്തിരിക്കേണ്ടി വരും.

രാഹുലിനെ തളക്കാന്‍ ബിജെപിക്കു കിട്ടിയ ആയുധമാണോ ഈ വിധി. അതോ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിലനിറുത്തുനുള്ള തന്ത്രമാണോ?  ഇത്തരം സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ആവേശത്തോടെ ആഘോഷമാക്കുമ്പോള്‍, അതും ഗുജറാത്തില്‍, അത് രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തെ ക്ഷണിച്ചു വരുത്തും.

ജനങ്ങളെ ഈ കേസിന്‍റെ ഗൗരവം മനസിലാക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം കേസുകളില്‍ എതിര്‍ കക്ഷിയിലുള്ളവരെ വേട്ടയാടുമ്പോള്‍ ജനങ്ങള്‍ക്ക് അവരോടുള്ള സഹാതാപം വര്‍ദ്ധിക്കാനേ കാരണമാവൂ. രാഹുലിന്‍റെ രാഷ്ട്രീയ മൈലേജിലും മാറ്റം വരുത്തും.

കഴിഞ്ഞ കാലത്ത് ജനശ്രദ്ധ നേടിയ സമാനമായ ചില കേസുകള്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അടിയന്തിരാസ്ഥയെ തുടര്‍ന്ന് ജയപ്രകാശ് നാരയണന്‍റേയും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ചന്ദ്രശേഖറിന്‍റേയും അറസ്റ്റകളായിരുന്നു ഇവയില്‍ പ്രധാനം.

അടിയന്തിരാവസ്ഥ വിരുദ്ധ പ്രക്ഷോഭങ്ങളെ ആളിക്കത്തിച്ച സംഭവമായിരുന്നു അത്. തുടര്‍ന്ന് ഇന്ദിര ഗാന്ധിക്ക് അടിയന്തിരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യപിക്കേണ്ടി വന്നു. ഫലം പരമ ദയനീയമായ തോല്‍വി. ഇന്ദിരയേയും കൂട്ടരേയും രാഷ്ട്രീയ വനവാസം തുറിച്ചു നോക്കിയ ദിവസങ്ങളായിരുന്നു അവ. നേതാക്കളുടെ പ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ജനങ്ങളുടെ സജീവ ശ്രദ്ധയിലേക്ക് വരും എന്ന ബാലപാഠം ജനതാ സര്‍ക്കാരും വളരെ വേഗം മറന്നു.

1977-ല്‍ ഒക്ടോബര്‍ 3-നു ഇന്ദിര അറസ്റ്റു ചെയ്യപ്പെട്ടു. ആ സംഭവത്തെ അതിന്‍റെ സാങ്കേതികത നോക്കാതെ നാടകീയമാക്കുവാന്‍ ഇന്ദിരക്കു കഴിഞ്ഞു. വില്ലിംഗ്ടണ്‍ ക്രസന്‍റില്‍ തന്നെ അറസ്റ്റു ചെയ്യുവാനെത്തിയ ഉദ്യോഗസ്ഥരോട് മാന്യമായാണ് ഇന്ദിര സഹകരിച്ചത്. തന്നെ വിലങ്ങണിയിച്ചേ പുറത്തേക്കു കൊണ്ടു പോകാവൂ എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെട്ടുക തന്നെ ചെയ്തു.

പിന്നീട് ഇന്ദിരയുടെ തിരിച്ചുവരവിന്‍റെ നാളുകളാണ് ഇന്ത്യ കണ്ടത്. അദ്വാനിയുടെ രഥയാത്ര അതിന്‍റെ നിരോധനത്തിലൂടെയാണ് ജനശ്രദ്ധ നേടിയത്. അതെങ്കിലും ബി ജെ പി ഓര്‍ക്കുന്നത് നന്നായിരിക്കും.
രാഹുല്‍ ഗാന്ധിക്കെതിരായ കോടതിവിധി സാങ്കേതികമായി ശരിയായിരിക്കാം.

ഒരേ വ്യക്തിക്കെതിരായി വിവിധ തരത്തിലുള്ള കേസുകള്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും അത്തരം പക്ഷപാതിത്വം സംശയിക്കും. എ ഐ സിസി സ്രെക്രട്ടറിയെ കോണ്‍ഗ്രസ് സമ്മേളന കാലത്ത് വിമാനത്തില്‍വച്ച് അറസ്റ്റ് ചെയ്യുവാന്‍ ശ്രമിച്ചതും ഛത്തീസ്ഗഢില്‍ നടത്തിയ റെയിഡുകളും മോദി സര്‍ക്കാരിന്‍റെ ജനാധിപത്യ ബോധത്തെ ജനങ്ങളുടെ മുന്നില്‍ സംശയ നിഴലില്‍ നിറുത്തും .

ബി ജെ പി ഇതര സര്‍ക്കാറുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ഒള്ളൂ എന്നതോന്നലും പലര്‍ക്കും ഉണ്ടാവും. ഒരു നേതാവിനെ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് മുദ്രകുത്തുകയും പിന്നീട് അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഭരിക്കുകയും ചെയ്താല്‍ അത് രാജ്യത്തിന്‍റെ മാനംതന്നെ പണയം വയ്ക്കുന്നതിന് തുല്യമല്ലേ.

രാഹുലും ഈ സംഭവ വികാസങ്ങളില്‍ നിന്നും പാഠം പഠിക്കാനുണ്ട്. തന്‍റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ പറ്റിയ സംഘടനാ സംവിധാനം രൂപീകരിക്കേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെന്താണെന്ന് ജനങ്ങള്‍ക്കു മനസിലുകുന്നില്ല എന്നതാണു വസ്തുത. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായി പല കേസുകളും പല പ്രതികൂല വിധികളും കീഴ്ക്കോടതികളില്‍ നിന്നുമുണ്ടാകാറുണ്ട്. പലപ്പോഴും മേല്‍ക്കോടതികള്‍ അവരെ കുറ്റവിമുക്തരാക്കുകയോ, വിചാരണ അനിശ്ചിതമായി നീണ്ടു പോവുകയോചെയ്യും. മാന നഷ്ടക്കേസുകളേക്കാല്‍ പ്രധാനപ്പെട്ടതല്ലേ രാഷ്ട്രിയ നേതൃത്വം ഉള്‍പ്പെടുന്ന അഴിമതി ക്കേസുകളും, വഞ്ചനാ കേസുകളും.?

ഇത്തരം കേസുകള്‍ ലാഘവബുദ്ധിയോടെയാണോ കൈകാര്യം ചെയ്യപ്പെടുന്നത്. കേരളത്തില്‍ നിന്നു തന്നെയുള്ള ചില കേസുകള്‍ എത്ര പ്രാവിശ്യം മറ്റിവച്ചുവെന്നോ എന്നു വാദം കേള്‍ക്കുമെന്നോ വാദിക്കോ, പ്രതിക്കോ നിശ്ചയം ഉണ്ടാകില്ല. കേസുകള്‍ ഉയര്‍ത്തുന്ന ആരവങ്ങള്‍ തനിയേകെട്ടടങ്ങും. 2023- പല രാഷ്ട്രീയ നാടകങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. നായകരേയും വില്ലന്‍മാരേയും താമസിയാതെ തിരിച്ചറിയാം.

Advertisment