Advertisment

വിവാദമായി 'കേരള സ്റ്റോറി' ! ആയിരക്കണക്കിന് ഹിന്ദു പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് മതംമാറ്റി സിറിയയിലേക്ക് അയച്ചുവെന്ന അവകാശവാദത്തിൻ്റെ അടിസ്ഥാനം എന്താണ് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

'ദി കേരള സ്റ്റോറി' ചിത്രത്തിൻറെ ട്രെയിലർ ഏപ്രിൽ 26 ന് പുറത്തിറങ്ങി. 4 പെൺകുട്ടികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ, കോളേജിൽ പോകുന്ന 4 പെൺകുട്ടികൾ എങ്ങനെയാണ് ഒരു തീവ്രവാദ സംഘടനയിൽ ചേരുന്നതെന്ന് വിവരിക്കുന്നു.

കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടിയായ ശാലിനി ഉണ്ണികൃഷ്ണന്റെ ആമുഖത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. എങ്ങനെയാണ് ഒരു സംഘം കേരളത്തിലെ പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്ത് തീവ്ര വാദ സംഘടനയായ ഐഎസിൽ ചേർക്കുന്നതെന്ന് ട്രെയിലറിൽ വിവരിക്കുന്നു.ഇതിനായി ചിലപ്പോൾ ശാരീരിക ബന്ധങ്ങളും മതവിശ്വാസങ്ങളും സമർത്ഥമായി ഉപയോഗിക്കുന്നുവത്രേ.

ആയിരക്കണക്കിന് ഹിന്ദു പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് മതംമാറ്റി സിറിയയിലേക്ക് അയച്ചുവെന്ന അവകാശവാദത്തിൻ്റെ അടിസ്ഥാനം എന്താണ് ?

വളരെ വിവാദമായിരിക്കുകയാണ് ഇപ്പോൾ ഈ സിനിമ. മെയ് 5 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്ര ത്തെക്കുറിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾ ഒരു വശത്തു നടക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ദിനപത്രമായ 'ദൈനിക് ഭാസ്‌ക്കർ' നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഇവിടെ നൽകുന്നത്.

ചോദ്യം-1: പ്രണയത്തിന്റെ കെണിയിൽ അകപ്പെട്ട് പെൺകുട്ടികൾ വൻതോതിൽ ഇസ്ലാം മതം സ്വീകരി ക്കുന്നതായി 'ദി കേരള സ്റ്റോറി'യിൽ കാണിച്ചിട്ടുണ്ട്. കേരളത്തിൽ യഥാർത്ഥത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടോ?

ഉത്തരം: 2009-ൽ കേരള, കർണാടക ഹൈക്കോടതികളിൽ രണ്ട് കേസുകൾ ഫയൽ ചെയ്യപ്പെട്ടു. അതോടെയാണ് ലൗ ജിഹാദ് എന്ന അവകാശവാദം ജനശ്രദ്ധയിൽ വരുന്നത്. രണ്ട് സംഭവങ്ങളിലും തങ്ങളുടെ പെണ്മക്കളെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാക്കൾ നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചുവെന്നു പെൺകുട്ടികളുടെ പിതാക്കന്മാർ ആരോപിച്ചിരുന്നു.

ആദ്യകേസ് : ലൗ ജിഹാദിന്റെയോ റോമിയോ ജിഹാദിന്റെയോ പേരിൽ ഒരു നീക്കം നടക്കുന്നുണ്ടെന്ന് പലർക്കും അറിവുള്ളതാണെന്നും അതുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കേരള ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരൻ കേരള ഡിജിപിക്ക് നിർദ്ദേശം നൽകി.

കോടതി ഉന്നയിച്ച ചില പ്രധാന ചോദ്യങ്ങൾ ഇവയായിരുന്നു.…

നാട്ടിൽ അത്തരത്തിലുള്ള എന്തെങ്കിലും പ്രസ്ഥാനം നടക്കുന്നുണ്ടോ?

ഇന്ത്യയിലും വിദേശത്തുമുള്ള ഏതൊക്കെ സംഘടനകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്?

എങ്ങനെയാണ് ഈ പ്രസ്ഥാനത്തിന് ഫണ്ട് ലഭിക്കുന്നത്?

ഇത് ഇന്ത്യ മുഴുവൻ നടക്കുന്നുണ്ടോ ?

കഴിഞ്ഞ 3 വർഷത്തിനിടെ എത്ര വിദ്യാർത്ഥികൾ ഇസ്ലാം മതം സ്വീകരിച്ചു?

ലൗ ജിഹാദും കള്ളപ്പണവും കള്ളക്കടത്തും തീവ്രവാദ പ്രവർത്തനങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?

രണ്ടാമത്തെ കേസ് : തന്റെ മകൾ സിൽജ രാജിനെ ഒരു മുസ്ലീം ആൺകുട്ടി കാമരാജനഗറിൽ നിന്ന് കേരള ത്തിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി നിർബന്ധപൂർവ്വം വിവാഹം കഴിച്ചെന്നും സി സെൽവരാജ് എന്ന വ്യക്തി കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് മകൾ സിൽജ രാജ് കോടതിയിലെത്തി സ്വന്തം ഇഷ്ടപ്രകാരമാണ് താൻ മതംമാറി വിവാഹം കഴിച്ചതെന്ന് ബോധിപ്പിച്ചു.

ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് എന്ന നീക്കത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം എസ്‌ഐടി രൂപീകരിച്ചത്.

ഇരു സംസ്ഥാനങ്ങളിലെയും ഡിജിപിമാരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ രണ്ടിടത്തും 'ലൗ ജിഹാദ്' എന്ന സംഭവം അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെട്ടു.

കർണാടകയിലെ എല്ലാ ജില്ലകളിലേക്കും 24 പ്രത്യേക സംഘങ്ങളെ അയച്ചെങ്കിലും ലൗ ജിഹാദിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് കർണാടകയിൽ രൂപീകരിച്ച എസ്ഐടിയുടെ റിപ്പോർട്ട്. മതം മാറിയതിന് ശേഷമുള്ള സിൽജ രാജിന്റെ വിവാഹം ലൗ ജിഹാദല്ലെന്ന് എസ്ഐടി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിൽജയ്ക്ക് ഭർത്താവിനൊപ്പം ജീവിക്കാമെന്നും ഇഷ്ടമുള്ളിടത്തേക്ക് പോകാമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടത്.

കർണ്ണാടക എസ്‌ഐടിയുടെ കണ്ടെത്തലുകൾ ഇപ്രകാരമായിരുന്നു.

2005 നും 2009 നുമിടയിൽ കാണാതായ 21890 യുവതികളെപ്പറ്റിയുള്ള അന്വേഷണത്തിൽ ...,

ഇതിൽ 229 യുവതികൾ അന്യമതസ്ഥരെ വിവാഹം കഴിച്ചു.അതിൽ 63 പേർ മതം മാറി.

149 ഹിന്ദു യുവതികൾ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ചു.

38 മുസ്‌ലിം യുവതികൾ ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചു.

20 ക്രിസ്ത്യൻ യുവതികൾ ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചു.

10 ഹിന്ദു യുവതികൾ ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിച്ചു..

11 ക്രിസ്ത്യൻ യുവതികൾ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ചു.

ഒരു മുസ്‌ലിം യുവതി ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചു.

കർണ്ണാടക എസ്‌ഐടി നടത്തിയ അന്വേഷണത്തിൽ ലവ് ജിഹാദിന്റെ ഒരു തെളിവും കണ്ടെത്താനായില്ല.

കേരള ഡിജിപി ജേക്കബ് പുന്നോസ് 2009 ഒക്ടോബർ 18ന് കേരള ഹൈക്കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. എല്ലാ ജില്ലകളിലെയും എസ്പിമാരുടെ 14 റിപ്പോർട്ടുകളും സംസ്ഥാന സിഐഡി, പോലീസ് ഇന്റലിജൻസ്, സ്‌പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച് മേധാവികളുടെ നാല് റിപ്പോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ഇതിൽ കേരള ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം NO എന്ന ഉത്തരമാണ് സമർപ്പിക്കപ്പെട്ടത്. അതായത് ലൗ ജിഹാദ് പോലെയുള്ള ഒരു പ്രസ്ഥാനവും കേരളത്തിൽ നടക്കുന്നില്ല എന്നും അതിനു പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളിലും ആരോപണങ്ങളിലും ലവ് ജിഹാദിനെ കുറിച്ചുള്ള പരാമർശങ്ങൾ വന്നിട്ടുണ്ടെന്നും പോലീസിന്റെ ഇന്റലിജൻസ് സെൽ എല്ലാ സ്‌കൂളുകളിലും കോളേജുക ളിലും ജാഗ്രത പുലർത്തുകയും ഭാവിയിൽ ഇത്തരം കേസുകളെപ്പറ്റി കർശനമായി നിരീക്ഷിക്കുകയും ചെയ്യു മെന്നും കോടതിയെ ബോധിപ്പിച്ചു.

2009 നവംബർ 9-ന് കേരളത്തിലെ ഡിജിപി സമർപ്പിച്ച 18 റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള സത്യവാങ്മൂ ലത്തിലും ഇത്തരം പ്രവർത്തങ്ങളുടെയോ അതുമായി ബന്ധപ്പെട്ട സംഘടനകളുടെയോ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നു ബോധിപ്പിച്ചു.

രാജ്യത്ത് ലൗ ജിഹാദ് പ്രസ്ഥാനമോ സംഘടനയോ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാ ലയവും 2009 ഡിസംബർ ഒന്നിന് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

എന്നാൽ , 2009 ഡിസംബർ 9-ന് ജസ്റ്റിസ് ശങ്കരൻ തന്റെ നീണ്ട വിധിയിൽ ജില്ലാ എസ്പിമാരും സമർപ്പിച്ച 14 റിപ്പോർട്ടുകളും റദ്ദാക്കി. പ്രത്യേക മതത്തിൽപ്പെട്ട പെൺകുട്ടികളെ മറ്റ് മതങ്ങളിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്ന ചില സംഘടനകളുടെ പ്രേരണയാലാണ് ഇത് ചെയ്യുന്നതെന്നും ആ വിധിന്യായത്തിൽ പറഞ്ഞിരുന്നു.

2016ൽ കേരളത്തിൽ ലൗ ജിഹാദ് വിഷയം വീണ്ടും ഉയർന്നുവന്നു. വൈക്കം നഗരത്തിൽ ഹോമിയോ പ്പതി യിൽ ബിരുദാനന്തര ബിരുദം നേടിയ 25 കാരിയായ അഖില, ഇസ്ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിക്കുകയും മാതാപിതാക്കളെ അറിയിക്കാതെ ഷഫിൻ എന്ന മുസ്ലീം യുവാവിനെ വിവാഹം കഴി ക്കുകയും ചെയ്തതോടെയായിരുന്നു അത്.

പെൺകുട്ടിയുടെ പിതാവ് എം അശോകൻ ഇത് ലവ് ജിഹാദ് ആണെന്നവകാശപ്പെട്ട് 2016 ൽ കേരള ഹൈ ക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. തന്റെ മകളെ നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചുവെന്നും കാണാതായെന്നും അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നു.

പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ 2017 മെയ് 24 ന് കേരള ഹൈക്കോടതി അവരുടെ വിവാഹം റദ്ദാക്കി. ഹാദിയയെ മാതാപിതാക്കളോടൊപ്പം കഴിയാനും ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് ഷഫിൻ സുപ്രീംകോടതിയെ സമീപിച്ചത്. പെൺകുട്ടിയെ ഹാജരാക്കാൻ പെൺകുട്ടിയുടെ പിതാവിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്ന് താൻ ഒരു മുസ്ലീമാണെന്നും മുസ്ലീമായി തുടരാൻ ആഗ്രഹിക്കുന്നു വെന്നും ഷഫിൻ ജഹാന്റെ ഭാര്യയായി ജിവിക്കാൻ അനുവദിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

.

തുടർന്ന് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹാദിയയ്ക്കും ഷഫിനും ഭാര്യാഭർത്താ ക്കന്മാരായി ജീവിക്കാമെന്നും കോടതി ഉത്തരവിട്ടു. ഇതോടൊപ്പം ലൗ ജിഹാദ് ഗൂഢാലോചനയുടെ അന്വേ ഷണം തുടരാൻ എൻഐഎയോട് സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു..

കേരളത്തിലെ ലൗ ജിഹാദ് കേസിന്റെ അന്വേഷണം എൻഐഎ അവസാനിപ്പിച്ചതായി 2018 ഒക്ടോബർ 18 ന് ഹിന്ദുസ്ഥാൻ ടൈംസ് അതിന്റെ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേരളത്തിൽ നടന്ന വിവാദമായ 11 വിവാഹങ്ങളെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തിയിരുന്നു. ഒരു സാഹചര്യത്തിലും അതിൽ യുവാവോ യുവതിയോ നിർബന്ധിക്കപ്പെട്ടതായോ നിർബന്ധത്തിനു വഴങ്ങിയതായോ എന്‍ഐഎയ്ക്ക്‌ കണ്ടെത്താനായില്ല. അതായത്, ലൗ ജിഹാദിന്റെ ശക്തമായ തെളിവുകളൊന്നും രാജ്യത്ത് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന് സാരം.

ചോദ്യം-2: കേരളത്തിൽ 32,000-ത്തിലധികം പെൺകുട്ടികളെ കാണാതായിട്ടുണ്ടെന്ന് 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ ടീസർ അവകാശപ്പെടുന്നു. ട്രെയിലറിൽ പോലും ആയിരക്കണക്കിന് പെൺകുട്ടികളോട് മതം മാറിയ ശേഷം ഐഎസിൽ ചേരാൻ പറഞ്ഞിട്ടുണ്ട്. ഈ വാദത്തിൽ എത്രമാത്രം സത്യമുണ്ട്?

ഉത്തരം: 2011-നും 2015-നുമിടയിൽ കോഴിക്കോട്ടും മലപ്പുറത്തുമുള്ള രണ്ട് അംഗീകൃത മതപരിവർത്തന കേന്ദ്രങ്ങളിലായി 5,793 പേർ ഇസ്ലാം മതം സ്വീകരിച്ചതായി 2016 ജൂലൈ 15-ന് ടൈംസ് ഓഫ് ഇന്ത്യ കേരളത്തി ലെ ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അംഗീകാരമില്ലാത്ത കേന്ദ്രങ്ങളിൽ നടക്കുന്ന മതപ രിവർത്തനങ്ങളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും റിപ്പോർട്ട് പറയുന്നു..

ഇസ്ലാം സ്വീകരിക്കുന്നവരിൽ പകുതിയോളം സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട് . കൂടാതെ, ഈ സ്ത്രീ കളിൽ ഭൂരിഭാഗവും അതായത് 76% 35 വയസ്സിന് താഴെയുള്ളവരാണ്. മതം മാറിയവരിൽ 4,719 ഹിന്ദുക്കളും 1,074 ക്രിസ്ത്യാനികളുമാണ്.

2006 മുതൽ 2667 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചതായികേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2012 ജൂൺ 25ന് നിയമസഭയിൽ പറഞ്ഞു.

കേരളത്തിൽ നിന്ന് 100-120 പേർ ഐഎസിൽ ചേരുകയോ ചേരാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ കണക്ക്. അവരിൽ ചിലർ മിഡിൽ ഈസ്റ്റിൽ നിന്ന് സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയി, അവിടെ അവർ ഐഎസിനായി പ്രവർത്തിച്ചു.

അവരിൽ പലരും കൊല്ലപ്പെട്ടു. 2019 ഓഗസ്റ്റിൽ, മലപ്പുറം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുഹമ്മദ് മുഹ്‌സിന്റെ കുടുംബത്തിന്, അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അവരുടെ ഏക മകൻ കൊല്ലപ്പെട്ടുവെന്ന സന്ദേശം ലഭിക്കുകയുണ്ടായി..

2014-15ൽ ഐഎസിൽ ചേർന്നതായി സംശയിക്കുന്ന 17 ഇന്ത്യക്കാരെ സുരക്ഷാ ഏജൻസികൾ തിരിച്ചറി ഞ്ഞിരുന്നു. ഇവരിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്തിരുന്ന ഇവർ 2013-14 കാലയളവിലാണ് സിറിയയിലേക്ക് കുടിയേറിയത്.

2016 മെയ്-ജൂൺ മാസങ്ങളിൽ കേരളത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം രണ്ട് ഡസനോളം പേർ ഐഎസിൽ ചേരാൻ പോയിരുന്നു. അന്വേഷണത്തിൽ ഐഎസിന്റെ കാസർകോട് മൊഡ്യൂൾ കണ്ടെത്തി. കാണാതായവരിൽ ഭൂരിഭാഗവും ഇതേ ജില്ലയിൽ നിന്നുള്ളവരാണ്.

അതായത്, മതംമാറി ഐഎസിൽ ചേരുന്ന കേസുകൾ കേരളത്തിൽ ഉണ്ടെങ്കിലും ഇവ വളരെ കുറവാണ്. ആയിരമോ 32 ആയിരമോ ഒരിക്കലുമില്ല.

ചോദ്യം-3: കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികൾ ഐഎസിൽ ചേർന്നതായി 'ദി കേരള സ്റ്റോറി'യിൽ കാണിക്കുന്നു. ഇതിൽ എത്രമാത്രം സത്യമുണ്ട്?

ഉത്തരം: 2016-18 ൽ കേരളത്തിൽ നിന്നുള്ള 4 സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്കൊപ്പം അഫ്ഗാനി സ്ഥാനിലെ നംഗർഹാറിൽ എത്തിയിരുന്നു. അവരുടെ ഭർത്താക്കന്മാർ അഫ്ഗാനിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

2019 നവംബർ, ഡിസംബർ മാസങ്ങളിൽ അഫ്ഗാൻ അധികാരികൾക്ക് മുന്നിൽ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് പോരാളികളിൽ ഈ സ്ത്രീകളും ഉൾപ്പെടുന്നു.

2021-ൽ, ഈ നാല് സ്ത്രീകളെയും ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഇന്ത്യാ ഗവണ്മെന്റ് വ്യക്തമാക്കുകയുണ്ടായി.

ചോദ്യം-4: ഇതിനെല്ലാം പിന്നിൽ ഏതെങ്കിലും സംഘടിത സംഘമുണ്ടോ?

ഉത്തരം: 2009-ൽ കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, ലൗ ജിഹാദുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു സംഘടിത സംഘമില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതിന് പിന്നിൽ 3 മൊഡ്യൂ ളുകൾ സജീവമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാസർകോട് മൊഡ്യൂൾ, കണ്ണൂർ മൊഡ്യൂൾ, ഉമർ-അൽ-ഹിന്ദ് മൊഡ്യൂൾ എന്നിവയാണത്രെ ഇവ.

കടപ്പാട് - ദൈനിക് ഭാസ്‌ക്കർ


-പ്രകാശ് നായര്‍ മേലില

Advertisment