സ്വാശ്രയകേരളമെങ്കില്‍ കിഫ്ബി വേണമായിരുന്നോ?

സത്യം ഡെസ്ക്
Sunday, March 28, 2021

-അഡ്വ. ജേക്കബ് പുളിക്കന്‍

‘ദേശങ്ങളുടെ സ്വയം നിര്‍ണയാവകാശം’ എന്ന അടിസ്ഥാനരേഖയുടെ പശ്ചാത്തലത്തില്‍ ‘സ്വാശ്രയകേരളം’ എന്ന ആശയം ഉന്നയിച്ചിരുന്ന കെ.എസ്.പി.യെ ‘സങ്കുചിതരാഷ്ട്രീയ കാഴ്ചപ്പാടിന്‍റെ പാര്‍ട്ടി’ എന്ന് ആക്ഷേപിച്ചിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ഇ.ഡി.യുടെയും കസ്റ്റംസിന്‍റെയും ആദായ നികുതി വകുപ്പിന്‍റെയും നടപടികള്‍ക്കെതിരായി, സ്വര്‍ണ കള്ളക്കടത്തിന്‍റെയും ഡോളര്‍ കടത്തിന്‍റെയും കേരളത്തിന്‍റെ സമ്പത്ത് പലവിധത്തില്‍ കെള്ളയടിക്കാന്‍ വിദേശശക്തി കള്‍ക്ക് തീട്ടൂരം എഴുതിക്കൊടുത്തതിന്‍റെയും മറ്റും പേരില്‍പോലും കേന്ദ്രഗവണ്‍മെന്‍റിനെ തെറി വിളിക്കുന്നതു കാണുമ്പോള്‍ കടിച്ചേല്പിച്ച വിഷം ഇറക്കാന്‍ നിര്‍ബന്ധിതനാകുന്ന മുര്‍ഖന്‍റെ ഗതിയാണ് ഓര്‍മ്മ വരുന്നത്.

വിദേശകാര്യം, രാജ്യരക്ഷ, വാര്‍ത്താവിനിമയം, സുപ്രീംകോടതി, റിസര്‍വ് ബാങ്ക്-നാണയം എന്നിവ ഒഴികെ മുഴുവന്‍ അധികാരങ്ങളും സംസ്ഥാനങ്ങള്‍ക്കായി നിര്‍ണയിച്ചുകൊണ്ട് ഒരു ‘ഫെഡറല്‍ ഇന്ത്യയും സ്വാശ്രയ സംസ്ഥാനങ്ങളും’ എന്ന തത്വത്തില്‍ ഭരണഘടന തന്നെ ഉടച്ചുവാര്‍ക്കേണ്ടതാണ് കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും പരമപ്രധാനമായ പ്രശ്നം.

അങ്ങനെയായിരുന്നെ ങ്കില്‍ ഒറ്റനോട്ടത്തില്‍ തന്നെ നിലവിലെ സാമ്പത്തിക സംവിധാനങ്ങള്‍ക്കു പുറത്തുള്ള ഒരു തട്ടിപ്പുസ്ഥാപനം എന്നു തോന്നുന്ന ‘കിഫ്ബി’ പോലുള്ള ഏര്‍പ്പാടുകളൊന്നും പടച്ചൊരുക്കേണ്ടിവരുമായിരുന്നില്ല. ഇപ്പോള്‍ ഏറ്റുമുട്ടുന്നതാകട്ടെ, മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരുമൊക്കെ ഉള്‍പ്പെടുന്ന സ്വര്‍ണ കള്ളക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപോലും വേദിയൊരുക്കുന്ന ഡോളര്‍ കടത്ത്, അമേരിക്കയിലും ഇതര രാജ്യങ്ങളിലും മലയാളി തട്ടിപ്പുവീരന്മാര്‍ ചെന്നുണ്ടാക്കുന്ന കമ്പനി തട്ടിപ്പുകളും മറ്റും കണ്ടുപിടിക്കുമ്പോഴുണ്ടാകുന്ന വെപ്രാളങ്ങളും കോപ്രായങ്ങളും മാത്രവുമാണുതാനും.

ഇതെല്ലാം നിര്‍ത്തി കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുമെല്ലാം സ്വാശ്രയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനുവേണ്ടി ഇന്ത്യയുടെ ഭരണഘടന തന്നെ പുന:ക്രമീകരിക്കേണ്ട ആവശ്യകതയിലേക്ക് ജനങ്ങളെ ബോധവത്കരിക്കാന്‍ തയ്യാറാവുകയാണുവേണ്ടത്…

×