മണൽക്കാടും മരുപ്പച്ചയും (രണ്ടാം ഭാഗം)

സണ്ണി മണര്‍കാട്ട്
Thursday, June 10, 2021

-ഹസ്സൻ തിക്കോടി

(3) ദിവാനിയ

എണ്ണയുടെ കണ്ടുപിടുത്തതോടെയാണ് മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യർ ഈ മരുഭൂമിയിലേക്ക് ധാരാളമായി വരാൻ തുടങ്ങിയത്. വെന്തുരുകുന്ന ഈ മണൽക്കാട്ടിലെ ചൂടിനെകുറിച്ചോ അവർ ചെയ്യേണ്ട ജോലിയെക്കുറിച്ചോ യാതൊരു മുൻധാരണയുമില്ലാതെയാണ് അധികമാളുകളും എത്തിപ്പെട്ടത്.

വിസയും പ്രവേശനാനുമതിയും ലഭിച്ചവർ അക്കാലത്തു വളരെ ചുരുക്കമായിരുന്നു. ഏഷ്യൻ പ്രവിശ്യയിൽ നിന്നുള്ളവരായിരുന്നു അധികവും. ഉരുവിലും പത്തേമാരികളും കയറി അക്കരെപറ്റാൻ വെമ്പൽപൂണ്ട അതിസാഹസിക്കയാത്ര ചെയ്തവരായിരുന്നു പലരും.

അതിൽ ഇന്ത്യക്കാരും, പാക്കിസ്ഥാനികളും, ബലൂചിസ്ഥാനികളും ധാരാളമായെത്തി. സ്വന്തം ഭൂമിയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്റ്റീനികൾ എണ്ണനാട്ടിലേക്കൊഴുകിയെത്തിയത്
അഭയാർത്ഥികളായിട്ടായിരുന്നു, കൂടെ ധാരാളം ഈജിപ്തുകാരും കുവൈറ്റിൽ അഭയംതേടിയെത്തി.

അറബികളുടെ ജീവിത ശൈലികൾ പൊടുന്നനെ മാറിമറിഞ്ഞു. “കേമൽ ടു കാഡില്ലാക്” എന്ന
പദപ്രയോഗം അന്വർത്ഥമാകും വിധം അവരുടെ ജീവിത സാഹചര്യങ്ങൾ ഉയരങ്ങളിൽ നിന്നും
ഉയരങ്ങളിലേക്ക് കുതിച്ചെത്തിയത് ജെറ്റിന്റെ വേഗതയിലായിരുന്നു.

(മണലാരണ്യത്തിലെ പുരാതന അറബികളുടെ യാത്രാ വാഹനം)

അക്കാലത്തു കുവൈറ്റിലെത്തുന്ന ഇന്ത്യക്കാർക്ക് പ്രത്യകിച്ചും മലയാളികൾക്ക് ഇടത്താവളമായതു ഷർക്കിലെ കടൽത്തീരത്തുള്ള കോഴിക്കോട്ടുകാരൻ മുഹമ്മദ്ക്കയുടെ “കാലിക്കറ്റ് റെസ്റ്റോറന്റ്” ആയിരുന്നു. 1920-കളിലായിരുന്നു മുഹമ്മദ്ക്ക കോഴിക്കോടുനിന്നും പുറപ്പെട്ട പത്തേമാരിയിൽ കുവൈറ്റിൽ എത്തിയതെന്ന് ഉപ്പ പറഞ്ഞിരുന്നു.

ഉപ്പക്കും ആദ്യം ആതിഥ്യം നൽകിയത് കാലിക്കറ്റ് റെസ്റ്റോറന്റിലായിരുന്നു. കൂവൈറ്റിൽ എത്തുന്ന പത്തേമാരികളും ഉരുവും നങ്കൂരമിട്ടിരുന്നത് ഷർക്കിലെ കടലിലാണ്. അവിടുന്ന് ചെറു തോണിയിൽ കയറ്റി കരക്കെത്തിച്ചുകൊണ്ടു അവർ ആദ്യം ചൂണ്ടിക്കാട്ടുന്നത് “കാലിക്കറ്റ്
റെസ്റ്റോറെന്റിലേക്കു”ള്ള വഴി ചോദിച്ചു പോവാനായിരുന്നു.

പലരുടെയും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത് ഈ കേന്ദ്രത്തിൽ നിന്നായിരിക്കും. യാത്രയുടെ ക്ഷീണവും തളർച്ചയും മാറിയ ഒരു വൈകുന്നേരം ഉപ്പയോടൊപ്പം ജോലിചെയ്യുന്ന
ഓഫിസിലെ അറബിയുടെ വീട്ടിലേക്കു പോയി.

“കദസ്സിയ”യിലായിരുന്നു അൽ-ബദർ കുടുംബം താമസിച്ചിരുന്നത്. രണ്ടു നിലകളുള്ള വലിയ വീട്. ഇറാനിൽ നിന്നിറക്കുമതി ചെയ്ത പേർഷ്യൻ കാർപെറ്റ് വിരിച്ച അകത്തളം. തുർക്കിയിൽ നിന്നും കൊണ്ടുവന്ന അലങ്കാര വിളക്കുകളുടെ വെളിച്ചത്തിൽ വീടിന്നകവും പുറവും വർണ്ണാഭമായി തിളങ്ങി. പകൽവെളിച്ചം ഇരുട്ടിലേക്ക് വഴിമാറിയെങ്കിലും വീടിനുചുറ്റിലും നിയോൺ വെളിച്ചം ഉച്ചസൂര്യനെ പോലെ പ്രകാശപൂരിതമായി.

വീടിനു പുറത്തു പുൽത്തകിടികളില്ലാത്ത മണ്ണിന്റെ മണമുള്ള മുറ്റത്തു ചതുരാകൃതിയിലിട്ടിരിക്കുന്ന വലിയ മരബെഞ്ചുകൾ, ചാരുകളുള്ള ആ ബെഞ്ചിൽ ചുകപ്പും കറുപ്പും വരകളുള്ള ഉരുണ്ട കുഷ്യനുകൾ. ചിലരുടെ മടിയിൽ ഈ വലിയ തലയണ ഒരു
താങ്ങായി പിടിച്ചിട്ടുണ്ട്. വെളുത്ത നീളൻ കുപ്പായവും തലയിൽ കത്തറയും കറുത്ത ചരടും വെച്ച കുറെ അറബികൾ അതിലിരിക്കുന്നു. ഒരു ബെഞ്ചിൽ രണ്ടോ മൂന്നോ പേരുണ്ടാവും.

ആളുകളുടെ എണ്ണം കൂടുംതോതോറും പുതിയ ബെഞ്ചുകൾ ചതുരാകൃതിക്കു പകരം നീളത്തിൽ രണ്ടു വരിയായി മുഖാമുഖം ഇട്ടിരിക്കും. ഇശാ നമസ്‍കാരത്തിനു ശേഷമാണു അറബികൾ വരുന്ന പതിവ്. അപ്പോഴേക്കും ദിവാനിയ വെടിപ്പാക്കി വക്കണം.

പ്രദേശത്തെ എല്ലാവീടുകളിലും ദിവാനിയകൾ ഉണ്ടെങ്കിലും കൂട്ടം കൂടിയിരിക്കുക ഒന്നോ രണ്ടോ പേരുടെ വീട്ടിലായിരിക്കും. രാത്രിവൈകി പിരിയുമ്പോൾ അടുത്ത ദിവസം ആരുടെ വീട്ടിലാണെന്ന പ്രഖ്യാപനമുണ്ടാവും.

ബന്ധങ്ങളും സൗഹൃദങ്ങളും അരക്കിട്ടുറപ്പിക്കുന്ന ഇത്തരം കൂടിച്ചേരലുകൾ അറബികളുടെ പൗരാണിക സംസ്കാരത്തിന്റെ പരിച്ഛേദങ്ങളായി ഇന്നും കാത്തു സൂക്ഷിക്കുന്നു. ആണുങ്ങൾ മാത്രമായിരിക്കും ദിവാനിയകളിലെ സന്ദർശകർ.

സ്ത്രീകൾക്ക് വീട്ടിനകത്തു പ്രത്യേകം ദിവാനികകളുണ്ടെങ്കിലും അവരുടെ കൂടിച്ചേരലുകൾ വളരെ കുറവായിരിക്കും. വ്യാഴ്ചയും തിങ്കളാഴ്ചയുമാണ് ദിവാനിയകളിൽ അധികവും സജീവമാകുന്നത്.

(ആധുനിക അറബികളുടെ വീട്ടിനകത്തെ ദിവാനിയ)

ദിവാനിയകളിലെത്തുന്നവർ അവിടെ ഇരിക്കുന്നവരുടെ അടുത്തുപോയി അഭിവാദ്യം
ചെയ്യണം. വലത്തു വശത്തുനിന്നും തുടങ്ങുകയാണ് പതിവ്. ആദ്യം “അസ്സലാമുഅലൈക്കും”
പറയുന്നതോടെ ഹസ്തദാനം ചെയ്യും, പിന്നെ ഇരിക്കുന്നവർ എഴുന്നേറ്റു നിന്ന് ഇരുകവിളുകളും
മാറിമാറി മൂന്നു തവണ ഉമ്മവെക്കും പിന്നെ നെറ്റിയിൽ ചുംബിച്ചശേഷം അടുത്തയാളിലേക്കു
നീങ്ങും. അതിന്നിടയിൽ ഓരോരുത്തരോടും കുശലാന്വേഷണം പറഞ്ഞു കൊണ്ടേയിരിക്കണം.
ഒടുവിലത്തെ ആളിനും ഉപചാരങ്ങൾ അർപ്പിച്ച ശേഷമേ വന്നയാൾക്കിരിക്കാൻ കഴിയൂ.

(ഇടത്തരക്കാരുടെ ദിവാനിയ, പഴയ മാതൃകയിൽ)

സ്നേഹവും സന്തോഷവും ഇടതടവില്ലാതെ പരസ്പരം പങ്കുവെക്കുന്ന അനർഘനിമിഷങ്ങൾ. അറബ് സംസ്കാരത്തിന്റെ ഉദാത്ത മാതൃകകൾ. ഇവിടെ വലിപ്പച്ചെറുപ്പങ്ങളില്ല. ആരുവന്നാലും
ഇരിക്കുന്നവർ എഴുന്നേറ്റുനിന്നു അവരെ സ്വീകരിക്കണം. ഉപചാരങ്ങൾ അനുഷ്ഠിക്കണം. അഹങ്കാരമില്ലാത്ത എത്രനല്ല ആതിഥ്യ മര്യാദകൾ.

ഒഴിഞ്ഞ ഇരിപ്പടത്തിൽ ഇരിക്കുന്നതോടെ അറബി വേഷം ധരിച്ച ചായക്കാരൻ “ഇസ്തികാൻ” ചായയും ഈത്തപ്പഴവുമായി നിങ്ങളെ സമീപിക്കും. അത് കുടിക്കുന്നതോടെ ഒടുവിൽ വന്നയാളും അവരുടെ ചർച്ചയിൽ പങ്കാളിയാവുന്നു. തുടർന്ന് മറ്റൊരു ചായക്കാരൻ (ചിലപ്പോൾ അതെ ആളുതന്നെ) അറബിക് ഗഹ്‌വയുമായെത്തും.

ഇടതുകൈയിൽ വളരെ ചെറിയ കപ്പുകൾ കൂട്ടിപ്പിടിച്ചായിരിക്കും വരവ്. മുകളിലത്തെ കപ്പിൽ
വലതു കയ്യിലെ ഗഹ്‌വക്കൂജയിൽ നിന്നും ഒന്നോ രണ്ടോ തുള്ളി ഗഹ്‌വ ഒഴിച്ചശേഷം ഇരിക്കുന്നവർക്ക് കൊടുക്കും. ഓരോരുത്തർക്കും കൊടുത്തശേഷം അവർ വീണ്ടും ഗഹ്‌വാക്കായി കപ്പു കയ്യിൽ പിടിക്കും. വീണ്ടും രണ്ടു തുള്ളി ഒഴിക്കും.

എത്ര തവണ വേണമെങ്കിലും കൈയിൽപിടിച്ച കപ്പിലേക്കു ഗഹ്‌വ ഒഴിക്കും. ഗഹ്‌വ വേണ്ടാതാവുമ്പോൾ കയ്യിൽ പിടിച്ച കപ്പു പതിയെ ചലിപ്പിക്കണം “മതി” എന്നതിന്റെ അടയാളമാണ് ആ ചെറിയ ഇളക്കം. അതോടെ തരുന്നവന് മനസിലാകും, ഒഴിക്കൽ നിർത്തും.

ഇസ്തിക്കാൻ ചായയും ഗഹ്‌വായും ഇടതടവില്ലാതെ കൊടുത്തുകൊണ്ടിരിക്കണം. ഇടവേളകളിൽ
ഈത്തപ്പഴവും. എല്ലാ അറബികളുടെയും വൈകുന്നേരങ്ങളിലെ ഉപചാരം ഒരുപോലെയാണ്. ഉച്ചനീചത്വങ്ങളില്ലാതെ വന്നുപോകുന്നവരെ അവർ ആചാരപൂർവം ആദരിക്കുന്നു.

ഞാൻ ഓർമ്മയിൽ സൂക്ഷിക്കുന്ന ചില ദിവാനിയാ സന്ദർശനങ്ങളിൽ എന്നെ സ്പർശിച്ചതു കുവൈറ്റ് എയർവെയ്‌സ് മുൻ ചെയർമാൻ ഷേഖ് തലാൽ അൽ-സബാഹിന്റെതും കുവൈറ്റിലെ മുൻ മന്ത്രിയും സാമുദായിക നേതാവുമായ സയ്യിദ് യൂസുഫ് അൽ-സയ്യിദ് ഹാഷിം അൽ- ഫായിയുടേതുമാണ്.

ഷെയ്ഖ് തലാലിന്റേതു ആധുനിക സാങ്കേതിക വിദ്യയിൽ ഒരു നാടിന്റെ ധൈഷണികയാത്ര
എങ്ങനെ രൂപപ്പെടുത്തും എന്നതായിരുന്നെങ്കിൽ ഹാഷിം അൽ-രിഫായിയുടെ സദസ്സ് തികച്ചും
ആദ്ധ്യാൽമികവും ഇസ്ലാമികവുമായ അധ്യാപനത്തിനു പ്രാധാന്യം കൊടുക്കുന്നതായിരുന്നു.

വ്യാഴ്ച രാത്രികളിലെ ദിവാനിയകളിൽ മത പ്രഭാഷണങ്ങളും വരുന്നവർക്കൊക്കെ ഭക്ഷണവും
ഒരുക്കും. അൽ-രിഫായിയുടെ സദസ്സിൽ എല്ലാ രാജ്യക്കാരുമുണ്ടായിരിക്കും. 1963-ലെ കുവൈറ്റിന്റെ ആദ്യ മന്ത്രിസഭയിൽ ക്യാബിനറ്റ് അഫയർ മന്ത്രിയായിരുന്ന ഹാഷിം അൽ-രിഫായി വേൾഡ് ഇസ്ലാമിക് ഫെഡറേഷൻ ഫോർ ഇൻഫർമേഷൻ ആൻഡ് പ്രീച്ചിങ് ഓഫ് ഇസ്ലാം എന്ന സംഘടനയുടെ തലവനും അറിയപ്പെടുന്ന വാഗ്മിയും കൂടിയായിരുന്നു.മനുഷ്യനിൽ സന്മാർഗ്ഗ ചിന്തകൾ വീണ്ടെക്കാനുതകുന്ന പ്രഭാഷണ പരമ്പരകാളായിരുന്നു ഈ ദിവാനിയയുടെ പ്രത്യേകത.

(ഒരടുപ്പിൽ ഇസ്തികാൻ ചായയും അറബിക് ഗഹ്‌വയും ചൂടാറാതെ നിൽക്കുന്നു)

എല്ലാ അറബികളുടെ വീടുകളിലും ദിവാനിയകൾ നിർബന്ധമാണ്. വീടുകൾ ഡിസൈൻ ചെയ്യുമ്പോൾ ആണിനും പെണ്ണിനും ഇരിക്കാൻ പ്രത്യേക ദിവാനിയകാളുണ്ടാവും. കൂടാതെ പുരുഷന്മാർക്ക് പുറത്തെ മുറ്റത്തു മറ്റൊരു ഓപ്പൺ എയർ ദിവാനിയായും.

അതികഠിനമായ തണുപ്പിലും മരുഭൂമിയിലെ തീഷ്ണമായ പൊടിക്കാറ്റിലും മാത്രമേ പുരുഷന്മാർ അകത്തെ ദിവാനിയകൾ ഉപയോഗിക്കാറുള്ളൂ. ദിവാൻ എന്ന പേർഷ്യൻ വക്കിൽ നിന്നാണ് ദിവാനിയ ഉണ്ടായതു. ഇരിക്കാനും സൊറപറയാനുമുള്ള പ്രത്യേക മുറികൾ എന്നാണ് ഈ വാക്കിന്റെ അർഥം.

പണ്ടുകാലത്തു നാട്ടുപ്രമാണിമാരുടെ കൂടിച്ചേരലുകൾ ദിവാനിയകളിലായിരുന്നു. ഒരു പ്രദേശത്തിന്റെ, പ്രവിശ്യയുടെ എല്ലാ വിലപ്പെട്ട തീരുമാനങ്ങളും എടുത്തിരുന്നതും വിധികല്പിക്കുന്നതും ഇത്തരം ദിവാനിയകളാണ്.

അപൂർവമായി കോടതി മുറികളായിമാറുന്ന അവസ്ഥയും ദിവാനിയകൾക്കുണ്ടായിരുന്നു. പത്രങ്ങളോ ടെലിവിഷനുകളോ ഇല്ലാതിരുന്ന കാലത്തു ദിവാനികൾ ന്യൂസ്റൂമുകളായി മാറും. ലോകത്തും ആ നാട്ടിലും നടക്കുന്ന സകല വാർത്ത വിതരണ കേന്ദ്രമായും ദിവാനികൾ പ്രവർത്തിക്കും.

കാലക്രമേണ ദിവാനിയകൾക്കു ഒരു ചെറു പാർലമെന്റിന്റെ പ്രാധാന്യവും കൂടി കൈവരിച്ചു.
രാജകീയ ഭരണത്തിലെ രാഷട്രീയ ചർച്ചകളും പ്രതിവിധികൾക്കും ദിവാനിയകൾ സാക്ഷ്യം വഹിച്ചു.

1961-ൽ കുവൈറ്റ് ഭരണഘടനാനുസ്തൃതമായ ജനാതിപത്യ രാജ്യമായി മാറിയെങ്കിലും ഭരണസാരഥ്യം അൽ-സബാഹ് കുടുംബത്തിൽ നിക്ഷിപ്തമാണ്. ഓരോ അഞ്ചു വർഷവും തെരഞ്ഞെടുപ്പുകൾ നടത്തി എം.പി.മാരെ തെരഞ്ഞെടുക്കും. അവരിൽനിന്നു മന്ത്രിമാരെ നിശ്ചയിക്കും.

രാത്രി നേരം വളരെ വൈകിമാത്രമേ ദിവാനികൾ അവസാനിക്കുക. റമസാനിൽ ദിവാനികൾ അത്താഴം വരെനീളും. തണുപ്പുകാലത്തു അറബികളുടെ വേഷം കറുത്ത വൂളൻ നീളക്കുപ്പായവും ചെമപ്പിലോ കറുപ്പിലോ ചെറിയ വെള്ളപുള്ളികളുള്ള കത്തറയും
കറുത്ത ചരടുമായിരിക്കും.

പുറത്തു ശക്തിയായി തണുത്ത കാറ്റടിക്കുമ്പോൾ കത്തറയുടെ ഇരുതലകളുംകൊണ്ട് മുഖം മൊത്തമായി മൂടുക അറേബികളുടെ പതിവാണ്. കടുത്ത തണുപ്പിലും രൂക്ഷമായ പൊടിക്കാറ്റിലും അവർക്കു രക്ഷാകവചമാവുന്നത് അവരുടെ തലയിലെ കത്തറകളാണ്. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ചുള്ള വേഷങ്ങൾ.

അറബികളിൽ നോമ്പുതുറ പാർട്ടികൾ (ഇഫ്‌താർ) വളരെ കുറവാണു. നമ്മുടെ നാട്ടിലെപോലെ ഇഫ്‌താർ വിരുന്നിനു പകരം അവരിൽ ഏറെ സജീവമായ കൂടിച്ചേരൽ “ഗബ്ഗഅ റമദാനിയ” (Ghabga) എന്ന സൽക്കാര ചടങ്ങാണ്.

ഇശാ നിസ്കാരവും തറാവീഹും കഴിഞ്ഞ ശേഷം രാത്രി പത്തുമണി മുതൽ “സുഹൂർ” (സുബഹ് ബാങ്കിന് മുമ്പുള്ള ഭക്ഷണം) വരെ നീളുന്ന അറബികളുടെ കൂടിച്ചേരൽ ഒരു പരമ്പരാഗത സംസ്കാരത്തിന്റെ ഭാഗമായി ഇന്നും അവർ കൊണ്ടാടുന്നു.

വിഭവ സമൃദമായ ഭക്ഷണം ഒരുക്കുക വളരെ പ്രാധാന്യമാണ്. വൈവിധ്യമാർന്ന അറേബ്യൻ മധുര പലഹാരങ്ങളും, വിവിധതരം ബിരിയാനിയും, മന്തിയും, ഒട്ടക ഇറച്ചിയും കലർന്ന അറബ്
ഭക്ഷണങ്ങളും സുലഭമായുണ്ടാവും. രാത്രിയുടെ അവസാനംവരെ തിന്നും കുടിച്ചും സൊറപറഞ്ഞും രാഷ്ട്രീയം ചർച്ച ചെയ്‌തും തമാശകൾ പറഞ്ഞും പിരിമുറുക്കങ്ങളില്ലാതെ അനായാസേന സമയം ചെലവിടുക കൂടിയാണ് ഈ അത്താഴ വിരുന്നിന്റെ പ്രത്യകത.

(പഴയകാല അറബികളുടെ ഒരുമിച്ചുള്ള ഭക്ഷണരീതി)

റമസാനിലെ രാത്രികൾ ആനന്ദദായകമാകുന്നതോടെ മനസ്സും ശരീരവും ശാന്തമാവുന്നു. പണ്ടുകാലത്തു വീടുകളിൽ മാത്രമായിരുന്ന “ഗബ്ഗഅ”കൾ ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒരുക്കുന്നുണ്ട്.

ഞാൻ ജോലിചെയ്ത കുവൈറ്റ് എയർവെയ്സ് എല്ലാവർഷവും സെയിൽസ് പ്രൊമോഷന്റെ ഭാഗമായി നടത്താറുള്ള കസ്റ്റമേഴ്‌/ട്രാവൽ ഏജൻസി മീറ്റ് ഇഫ്താറിന് പകരം “ഗബ്ഗഅ”കൾ ഒരുക്കുമായിരുന്നു. വലിയ ഓയിൽ കമ്പനികളിലും “ഗബ്ഗഅ” നടത്തുമായിരുന്നു.

കുവൈറ്റിലെ ദിവാനികളെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. എണ്ണയുടെ കണ്ടുപിടിത്തത്തിന് മുമ്പുള്ള കാലഘട്ടം. (1938-നു മുമ്പ്.) രണ്ടാംഘട്ടം ആരംഭിക്കുന്നത് എണ്ണയുടെ അനുസ്യൂതമായ പ്രവാഹത്തിന് ശഷം. മൂന്നാം ഘട്ടം ഇറാഖികൾ കുവൈറ്റിൽ അധിനിവേശം നടത്തിയ 1990-നു
ശേഷമുള്ള കാലം.

എണ്ണയുടെ കണ്ടുപിടിത്തത്തിന് മുമ്പുള്ള ദിവാനികൾ സമൂഹത്തിലെ ഉയർന്ന കുലീനരായ അറബികളുടേതായിരുന്നു. എ.ഡി.1613-മുതൽ കുവൈറ്റ് ഒരു രാജ്യമായി അംഗീകരിച്ചതോടെ
സാമൂഹിക സ്വാതന്ത്രം അവർ അനുഭവിച്ചു തുടങ്ങി. അന്നുമുതൽ കുടുംബങ്ങളുടെയും
സുഹൃത്തുക്കളുടെയും ഒത്തുചേരലിൽ നിന്നാണ് ദിവാനിയകൾ ഉണ്ടാവുന്നത്.

രാക്ഷ്ട്രീയം, കച്ചവടം, കായികം, സാഹിത്യം, സാംസ്കാരികം, യാത്രാനുഭവങ്ങൾവരെ ഇവിടെ ചർച്ച ചെയ്യുമായിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ, മരണങ്ങൾ എല്ലാം ദിവാനിയകളിൽ എത്തുന്ന വിഷയങ്ങളായിമാറി.

സബാകുടുംബം, അൽ-ബദർ, സാഗർ, മർസൂഖ് എന്നീ ഉയർന്ന കുടുംബംങ്ങളിൽ വലിയ ദിവാനിയകൾ ഉയർന്നു. കുവൈറ്റിലെ ഭരണ സാരഥ്യമുള്ള സബാഹിന്റെ തീരുമാനങ്ങളും, ഭരണ വർത്തമാനങ്ങളും ചർച്ച ചെയ്തിരുന്നത് ഇവിടെവെച്ചായിരുന്നു.

ആ കാലഘട്ടത്തിൽ സാമൂഹ്യ സാംസ്‌കാരിക വാർത്ത വിതരണ കേന്ദ്രങ്ങൾ കൂടിയായി ദിവാനിയകൾ. കുവൈറ്റിലെ ആദ്യ ആശുപത്രി “അമേരിക്കൻ ഹോസ്പിറ്റൽ” വരുന്നത് വരെ
ഹാജ് മുഹമ്മദ് ഹമദ് ബൂതായിയുടെ ദിവാനി ആശുപത്രിയായി പ്രവർത്തിച്ചു.

1923-ൽ മുഹമ്മദ് സലേഹ് അൽ-ജുവാൻ തന്റെ ദിവാനിയെ കുവൈറ്റിലെ ബുദ്ധിജീവികളുടെയും ധിഷണാശാലികളായവരുടെയും പ്രത്യേക കേന്ദ്രമായിമാറ്റി. ഇവിടെ നിന്നാണ് ഭരണസിരാകേന്ദ്രത്തിലേക്കു നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തുകൊണ്ടിരുന്നത്.

എണ്ണയുടെ കണ്ടുപിടുത്താനന്തരം ദിവാനികൾ സർവസാധാരണമായിമാറി. ദിവാനിയകളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ഇറാഖികൾ കുവൈറ്റിൽ കയറിവരുന്നതോടെയാണ്. ഓർക്കാപ്പുത്തുണ്ടായ അധിനിവേശം കുവൈറ്റിനെ അക്ഷരാർത്ഥത്തിൽ തകർത്തു. അമീറും കുടുംബവും രായ്ക്കുരാമാനം നാടുവിട്ടു.

ഒരു രാത്രി അവസനിച്ചതോടെ കുവൈറ്റ് ഇറാഖിന്റെ പത്തൊമ്പതാമത്തെ പ്രവിശ്യയാക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി “കുവൈറ്റി ദിനാർ” പിൻവലിക്കുകയും കേവലം കടലാസിന്റെ വിലപോലുമില്ലാതെയാക്കി.

കുവൈറ്റിനകത്തു ഇറാഖികൾ തേരോട്ടം നടത്തി. ഒടുവിൽ ഒരു ഘോരയുദ്ധത്തിന്റെ അവസാനത്തോടെ ഇറഖികൾ പിന്മാറിയതോടെയാണ് ദിവാനിയകൾ വീണ്ടും സജീവമായത്. പൂർവാധികം ശക്തിയോടെ ഒരു പ്രഹരത്തിന്റെ നെടുവീർപ്പോടെ അവർ സദ്ദാം ഹുസൈനെ ശപിച്ചുകൊണ്ടുള്ള ചർച്ചകളും വാർത്തകളും പത്ര-ചാനലുകളെക്കാൾ വേഗത്തിൽ ദിവാനിയകളിൽ ചർച്ചചെയ്യപ്പെട്ടു.

അധിനിവേശത്തിൽനിന്നും താങ്കളുടെ രാജ്യത്തെ രക്ഷിച്ചത് അമേരിക്കയും യുറോപ്യൻ അല്ലൈൻസുമാണെന്ന് വർഷങ്ങളോളം അവരുടെ ദിവാനിയകളിൽ അന്തിച്ചർച്ചയായി മാറിയത്
സ്വാഭാവികം മാത്രം.

ദിവാനിയകൾ അറബികളുടെ ജീവിതത്തിൽ വഹിക്കുന്ന പങ്കു അതിവിപുലമാണ്. അവരുടെ
സാമൂഹ്യമായ സന്ധ്യകൾക്കു നിറം പകരുന്ന വേദികൾ കൂടിയാണ് ദിവാനിയകൾ. ഒരു ജനതയുടെ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ-സാമ്പത്തിക-രാക്ഷ്ട്രീയ രൂപീകരണത്തിൽ അനന്യമായ സ്ഥാനം ദിവാനിയകൾക്കുണ്ട്. മുനിസിപ്പാലിറ്റി, പാർലിമെന്റ് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി നിർണ്ണയം മുതൽ ഇലക്ഷൻ അവസാനിക്കും വരെ എല്ലാ ചർച്ചകളും പ്രചാരണങ്ങളും നടക്കുന്നത് ഇവിടെവെച്ചാണ്.

ദിവാനിയകളിൽ വന്നുപോവുന്ന അറബികൾ വാർത്താ വാഹകരും കൂടിയായി മാറുന്നു. അറബ്
ലോകത്തു ദിവാനിയകൾ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
അറബികളുടെ രാത്രിക്കാലങ്ങൾ സജീവമാക്കുന്നത് ദിവാനിയകളിലാണ്.

വിലപ്പെട്ട പല നയപരമായ തീരുമാനങ്ങളും ഉടലെടുക്കുന്നതിൽ ദിവാനിയകൾ വഹിക്കുന്ന പങ്കു എടുത്തു പറയേണ്ടതാണ്. ഇസ്തികാൻ ചായവും അറബിക് ഗഹ്‌വായും ഈത്തപ്പഴങ്ങളും ദിവാനിയകളിൽ അനിവാര്യമാണ്. പുരാതന അറബ് സംസ്കാരത്തിന്റെ ഈറ്റില്ലമാണ് മറ്റൊരുതരത്തിൽ ദിവാനിയകൾ.

ഇന്നിന്റെ ആധുനിക സാങ്കേതിക കാലഘട്ടത്തിൽ യുവാക്കളുടെ കൂടിച്ചേരലുകൾ ഡിജിറ്റൽ
ദിവാനിയയിലേക്കു മാറിയെങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവർ വീടുകളിൽ ഒന്നിക്കാനും പഴമയുടെ ഗൃഹാതുരത്വം അയവിറക്കാനും മടിക്കാറില്ല. (തുടരും)

-ഹസ്സൻ തിക്കോടി

phone: 9747883300

×