Advertisment

തെറ്റിദ്ധാരണ പരത്തി പുകമറ സൃഷ്ടിക്കുന്നവർ ഒന്നോർക്കുക ! വസ്തുതകൾ യഥാവിധി നിരത്തി വെച്ച് അർഹമായത് നേടിയെടുക്കുന്നതിന് കാമ്പും കഴിവുമുള്ളവർ ഇപ്പുറത്ത് ജാഗ്രവത്തായുണ്ട്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-പി എം സാദിഖലി

മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങളെ കുറിച്ചുള്ള പഠനമാണ് സച്ചാർ സമിതി റിപ്പോർട്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് നിയോഗിച്ച ഈ സമിതിയുടെ റിപ്പോർട്ട് സ്വതന്ത്ര ഇന്ത്യയിൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെ മഹാന്യൂനപക്ഷ സമൂഹത്തെ കുറിച്ച് നടന്ന ആദ്യത്തെ പഠനമാണ്.

മുസ്ലിംകളെ കുറിച്ചുള്ള സമിതിയുടെ ഭീതിജനകമായ കണ്ടെത്തലുകൾക്ക് മുമ്പിൽ നിഷ്ക്രിയമായിരിക്കാൻ ഒരു ഭരണകൂടത്തിനും കഴിയുമായിരുന്നില്ല.

മുസ്ലിം ലീഗിന് കൂടി പ്രാതിനിധ്യമുണ്ടായിരുന്ന യു പി എ സർക്കാർ നിയോഗിച്ച സച്ചാർ സമിതി റിപ്പോർട്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുള്ള കേരളത്തിൽ വലിയ അലയൊലികളുണ്ടാക്കുകയും യു പി എ സർക്കാരിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുകയും ചെയ്തു.

ഇതിലെ രാഷ്ട്രീയം മനസ്സിലാക്കി ഒട്ടും ആത്മാർത്ഥതയില്ലാതെ അന്ന് കേരളം ഭരിച്ചിരുന്ന ഇടത് സർക്കാർ തട്ടിക്കൂട്ടി തരപ്പെടുത്തിയെടുത്തതാണ് പാലോളി കമ്മീഷൻ.

തൊട്ടടുത്തുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻ നിർത്തി ശരവേഗത്തിൽ പടച്ചുണ്ടാക്കിയ ആ റിപ്പോർട്ട് അത് കൊണ്ട് തന്നെ കാര്യ തല സ്പർശിയായിരുന്നില്ല.

മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂലങ്ങൾ പ്രഖ്യാപിക്കുന്നതിന് നിയമത്തിന്റെ പിൻബലമില്ലാത്തതിനാലും മുസ്ലിംകളെ അപ്പാടെ പിന്നോക്കമായി പ്രഖ്യാപിക്കാത്തതിനാലും (സച്ചാർ സമിതി കണ്ടെത്തിയതിനു ശേഷവും) മുസ്ലിം പുരോഗതി പലപ്പോഴും നിയമക്കുരുക്കുകളിൽ കുടുങ്ങി. മറുഭാഗത്ത് വർഗീയ ധ്രുവീകരണത്തിനുളള ഇന്ധനമായി പലരും അതിനെ ഉപയോഗിക്കുകയും ചെയ്തു.

ഫലത്തിൽ മുസ്ലിംങ്ങൾക്ക് വേണ്ടിയുള്ള സച്ചാർ സമിതിയുടെ പേരിലുണ്ടാക്കിയ പാലോളി കമ്മിറ്റി പ്രകാരം കേരളത്തിൽ ഒരു ന്യൂനപക്ഷ വകുപ്പും അതിനു കീഴിലുള്ള കുറച്ചു സ്കോളർഷിപ്പുകളിലുമായി നടപടികൾ ഒതുങ്ങി.

2011 ജനുവരിയിൽ വകുപ്പ് രൂപീകരിച്ചതിനു ശേഷം അത് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരിൽ രണ്ട് പേരും ഇടത് മന്ത്രിമാരാണ്. പാലോളി മുഹമ്മദ് കുട്ടിയും ഡോ. കെ ടി ജലീലും.

അഞ്ച് വർഷം മാത്രമാണ് മുസ്ലിം ലീഗ് വകുപ്പ് കൈകാര്യം ചെയ്തത്.

എന്നാൽ ന്യൂനപക്ഷ വകുപ്പിൽ തുല്യമായി വീതം വെക്കേണ്ട വിഹിതം മുസ്ലിം ലീഗിന്റെ സംഘടിത ശക്തി ഉപയോഗിച്ച് മുസ്ലിംകൾ അന്യായമായി കവരുകയാണെന്ന ആസൂത്രിത പ്രചാരണം ഈ തെരഞ്ഞെടുപ്പ് വേളയിൽ ബോധപൂർവ്വം ചിലർ അഴിച്ചു വിട്ടു.

മദ്രസ്സാ അദ്ധ്യാപകർക്ക് ന്യൂനപക്ഷ വകുപ്പിൽ നിന്ന് 7580 കോടി രൂപ ശമ്പള- പെൻഷൻ ഇനത്തിൽ നൽകുന്നുവെന്ന കല്ലുവെച്ച നുണ വകുപ്പ് മന്ത്രിയുടെ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കി വ്യാജമായി പ്രചരിപ്പിച്ചപ്പോൾ മന്ത്രി മൗനം പാലിച്ചു.

ക്രിസ്ത്യാനികളെ മുസ്ലിംകൾക്കെതിരാക്കി ചോര കുടിക്കുന്ന മുട്ടനാടിന്റെ സ്വഭാവം ആർ എസ് എസ് പയറ്റിയപ്പോൾ അതിന്റെ ഒപ്പം നിന്ന് പുരോഗമന ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനവും വിളവ് കൊയ്യുന്നതാണ് കേരളം കണ്ടത്.

ന്യൂനപക്ഷ വകുപ്പിൽ നിന്നും മുസ്ലിംകൾ അനർഹമായത് നേടുന്നുവെന്നത് പൊള്ളയായ ആരോപണമാണെങ്കിലും വകുപ്പ് സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രിയോട് 'അതങ്ങിനെയെങ്കിൽ മുമ്പ് കൂടുതൽ കാലവും വകുപ്പ് കൈകാര്യം ചെയ്ത രണ്ടു ഇടതു മന്ത്രിമാരല്ലേ യഥാർത്ഥ വർഗീയ വാദികളാവുക' എന്ന് ആരും ചോദിച്ചില്ല !

ഏറ്റവും ഒടുവിൽ വകുപ്പിന് കീഴിൽ നാമമാത്രമായി ഉണ്ടായിരുന്ന സ്കോളർഷിപ്പ് അനുപാതവും ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം വന്നു ചേർന്നിരിക്കുന്നു. കോടതിയിൽ സർക്കാർ ഭാഗം കാര്യമായി അവതരിപ്പിക്കാതെ ഇടത് സർക്കാർ ഒരു പാവം സമുദായത്തെ കരുവാക്കി സമർത്ഥമായ രാഷ്ട്രീയ മുതലെടുപ്പ് നാടകങ്ങൾ കളിക്കുകയും മുസ്ലിം സമുദായത്തെ വഞ്ചിക്കുന്നത് തുടരുകയും ചെയ്യുന്നു.

പിന്നോക്ക വിഭാഗങ്ങൾക്കാണ് പുരോഗതിക്ക് ആവശ്യമായ കൈതാങ്ങ് വേണ്ടത്. അത് ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകരുത്. മുസ്ലിംകൾ പിന്നോക്കമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അവർക്കതിനർഹതയുണ്ട്.

ഇടത് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മിറ്റി കൃസ്ത്യൻ വിഭാഗത്തിൽ പിന്നോക്കാവസ്ഥ കണ്ടെത്തിയാൽ അവർക്കും അതിനർഹതയുണ്ട്. അത് മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ അന്യായമായി കവരുന്നതിനാകരുത് എന്നു മാത്രം.

നിലവിലെ കൃസ്ത്യൻ വിഭാഗത്തിലെ പിന്നോക്കാവസ്ഥ കണക്കിലെടുത്താകണം ലത്തീൻ കാത്തലിക്സിനും പരിവർത്തിത കൃസ്ത്യാനികൾക്കും ജനസംഖ്യാനുപതികമായി ന്യൂനപക്ഷ വകുപ്പിനു കീഴിൽ സ്കോളർഷിപ്പ് വിഹിതം 20% മാക്കിയത്.

അതിൽ സന്തോഷമേയുള്ളൂ. സച്ചാർ സമിതി പ്രകാരമുള്ള നടപടിയിൽ 80% / 20% അനുപാതം ഒരു മഹാ പാതകവും കൊള്ളയുമായി അവതരിപ്പിക്കുന്നത് തീർത്തും വസ്തുതാ വിരുദ്ധമായതിനാൽ അത് വെറുതെ കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് ആരും ധരിക്കരുത്.

മുസ്ലിം സമുദായം അനർഹമായി എന്തെങ്കിലും നേടിയിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടാൽ അത് ആർക്ക് മുമ്പിലും അടിയറ വെക്കാൻ സമുദായം ഒരുക്കമാണ്. എന്നാൽ അർഹമായത് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അത് തരിമ്പ് പോലും ബാക്കി വെക്കാതെ നേടിയെടുത്തിട്ടേ ഈ സമുദായം അടങ്ങുകയുള്ളൂ. ചരിത്രമതാണ്. അതിനാണ് മുസ്ലിം ലീഗ് !

തെറ്റിദ്ധാരണ പരത്തി പുകമറ സൃഷ്ടിക്കുന്നവർ ഒന്നോർക്കുക ! വസ്തുതകൾ യഥാവിധി നിരത്തി വെച്ച് അർഹമായത് നേടിയെടുക്കുന്നതിന് കാമ്പും കഴിവുമുള്ളവർ ഇപ്പുറത്ത് ജാഗ്രവത്തായുണ്ട്.

-പി എം സാദിഖലി

(സെക്രട്ടറി, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി)

voices
Advertisment