മദ്യവർജനം എന്ന് പറഞ്ഞാൽ മദ്യം സ്വയം ഉപേക്ഷിക്കലാണ്. അതിന് പല തലങ്ങളുണ്ട്. അതിന്റേതായ രീതികളും നടപടികളുമുണ്ട്. അതുവല്ലതും നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടോ? ഇല്ല. എത്ര പേർ ഈ നയത്തി ലൂടെ മദ്യ വർജ്ജിതരായി എന്ന കണക്കുണ്ടോ ? അതുമില്ല.
ഇനി 'ഘട്ടം ഘട്ടമായ മദ്യനിരോധനം', അതാണ് രസകരം. കേരളത്തിലെ എത്ര സ്ഥലങ്ങളിൽ ഈ ഘട്ടം ഘട്ടം നടപ്പായി ? ഇവർ ചെയ്തതാണ് വിചിത്രം. ബീവറേജ് ഔട്ട്ലെറ്റുകൾ ഓരോ പ്രദേശത്തും പൂട്ടി. എന്നിട്ട് ആ സ്ഥലത്തുള്ളവർ മദ്യം ഘട്ടം ഘട്ടമായി നിർത്തിയോ ? ഇല്ല.
മദ്യം ആവശ്യമുള്ളവർ അവിടെനിന്നും വണ്ടി പിടിച്ച് ദൂരെയുള്ള ബിവറേജുകളിൽ പോകാൻ നിര്ബന്ധിതരായി ഒപ്പം ചിലവും ഇരട്ടിയായി. അവിടെല്ലാം തിരക്കു കൂടി. അങ്ങനെ ബെവ്കോ ഔട്ട്ലെറ്റുകളിൽ ലോകത്തെ ഏറ്റവും അപഹാസ്യമായ ക്യൂ രൂപപ്പെട്ടു.
വെയിലും മഴയും പോലീസിന്റെ വിരട്ടലും ഒക്കെ സഹിച്ചു അവർ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്ന് നരകിക്കാൻ വിധിക്കപ്പെട്ടു. അന്യായ വിലകൊടുത്ത് സാധനം വാങ്ങുന്ന ഒരു കസ്റ്റമറിനോടുള്ള സമീപന മാണിത്.
ഇത് കേരളത്തിലല്ലാതെ ലോകത്ത് മറ്റെങ്ങും നമുക്ക് കാണാൻ കഴിയില്ല. വോട്ടുവാങ്ങി അധികാരം നേടിയവർ തമ്മിൽ നടന്ന പ്രതിച്ഛായ മിനുക്കൽ മത്സരത്തിന്റെ ഇരകളായത് പാവം സാധാരണ ജനങ്ങൾ.
വിലകുറഞ്ഞ ചാരായം ലഭിച്ചിരുന്നത് നിരോധിച്ചശേഷം വലിയ വിലകൊടുത്ത് വിദേശമദ്യം കഴിക്കാൻ മലയാളിയെ നിർബന്ധിതനാക്കിയ മഹാനായ ഒരു നേതാവിന് പിന്നെ കേരളത്തിലേക്ക് എത്തിനോക്കേണ്ടി വന്നിട്ടില്ല എന്നത് ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്.
ഇന്ത്യയിലെ മറ്റുള്ള പല സംസ്ഥാനങ്ങളിലും കുപ്പിക്ക് 150 രൂപ വരെ വിലയുള്ള വിലകുറഞ്ഞ നടൻ മദ്യം സർക്കാർതന്നെ വിൽക്കുകയും അത് കഴിക്കാനുള്ള സംവിധാനം ഇടനിലക്കാരെക്കൊണ്ട് അവിടെത്തന്നെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. (കൊണ്ഗ്രെസ്സ് ഭരിക്കുന്ന ഛത്തീസ് ഗഡ്, ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ് തൃണമൂൽ ഭരിക്കുന്ന ബംഗാളിൽ ഇപ്പോഴും, മുൻപ് സിപിഎം ഭരിച്ചിരുന്നപ്പോഴും ഒക്കെയാണ് ഉദാഹരണങ്ങൾ) പണമുള്ളവർക്ക് അവിടെ സർക്കാർ വക ബീവറേജ് ഔട്ട്ലെറ്റുകളിൽ വിദേശമദ്യവും ലഭ്യമാണ്. മറ്റൊന്ന് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വഴി അവിടെല്ലാം അന്നുമിന്നും മദ്യം ലഭിക്കുന്നു എന്നതാണ്.
കേരളത്തിൽ ഓൺലൈൻ മദ്യവ്യാപാരത്തിന് നയം മാറ്റേണ്ടിവരുമെന്നാണ് സർക്കാർ വാദം. അത് വെറും നുണയാണ്. ബാറുകൾ വഴി മദ്യം പാഴ്സ്‍ലായി നൽകിയപ്പോൾ ഈ നയം മാറ്റമൊന്നും ആരും കണ്ടില്ലല്ലോ ?
ഒരു കാര്യം വ്യക്തമാണ്. ഓൺലൈൻ മദ്യവ്യാപാരം ഏറ്റവും കൂടുതൽ ബാധിക്കുക ബാറുകളെയാണ്. മദ്യം ഓൺലൈൻ വഴി വീടുകളിൽ ലഭ്യമായാൽ ബാറുകളിൽ ആളുകൾ പോകുന്നത് സ്വാഭാവികമായും കുറയും.
ധാരാളം പണവും കമ്മീഷനുകളും അതുവഴി അഴിമതിയുമൊക്കെ നടക്കുന്ന ഒരു ബിസിനസ്സാണ് മദ്യം. പല രാഷ്ട്രീയക്കാർക്കും ചില സമുദായ നേതാക്കൾക്കുo ഇവരുടെയൊക്കെ ബന്ധുക്കൾക്കും ബാറുകളുണ്ട്.
പല ഉന്നതർക്കും മദ്യം നിർമ്മിക്കുന്ന ഡിസ്റ്റിലറികളുണ്ട്. പുതുതായി ബീവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നിടത്തൊ ക്കെ അത് പൂട്ടിക്കാൻ സമരം നടക്കുന്നത് കേരളത്തിൽ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ബാറുകൾ തുടങ്ങു മ്പോൾ ഒരു ഭാഗത്തുനിന്നും ഒരെതിർപ്പുമുണ്ടാകില്ല.എന്തുകൊണ്ട് ?
ടൗണുകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പല ഔട്ട്ലെറ്റുകളും ബാറുകളുടെ സൗകര്യാർത്ഥമാകാം ഉൾനാടുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതിനുപിന്നിൽ ഇരട്ടക്കളിയാണ്. ബാറുകൾക്ക് സഹായം എന്നത് കൂടാതെ 10,000 രൂപ പോലും വാടക ലഭിക്കാൻ അർഹതയില്ലാത്ത പല കെട്ടിടങ്ങൾക്കും ബീവറേജ് പ്രവർത്തിക്കാൻ ഒരു ലക്ഷം വരെയാണ് മാസവാടക നൽകപ്പെടുന്നത്. ചിലപ്പോൾ അതിലും കൂടുതലാണ് വാടക. ഇതിലോക്കെ അഴിമതിയില്ലെന്ന് പറയാനാകുമോ ? മാത്രവുമല്ല ഇവയിലൊക്കെ വളരെ ദുരൂഹമായ രാഷ്ട്രീയ ഇടപെട ലുകളും ഉണ്ടെന്നാണ് ജനസംസാരം.
മദ്യം ലഭ്യമല്ലാതിരുന്ന ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ വ്യാജമദ്യവും ,മദ്യക്കടത്തും വാറ്റും വ്യാപക മായിരുന്നു. എക്സൈസ് വകുപ്പുകൾക്കും ചാകരകൊയ്ത്തുകാലമാണ് കടന്നുപോയത്.ഇന്ന് പത്തനാപു രത്തെ പട്ടാഴിയിൽ സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേർ മരിക്കാൻ കാരണം നമ്മുടെ സർക്കാരിന്റെ വികലമായ മദ്യനയം തന്നെയാണ്. നേരായ മാർഗ്ഗത്തിലൂടെ മദ്യം ലഭിച്ചിരുന്നെങ്കിൽ ഇതുണ്ടാകുമായി രുന്നില്ല.
മദ്യം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കണം.അവ വാങ്ങാനും കഴിക്കാനുമുള്ള മാന്യമായ സംവിധാനം സർക്കാർ ഒരുക്കണം.ഔട്ട്ലെറ്റുകൾ,ബാറുകൾ എന്നിവിടങ്ങളിൽ പോകാൻ കഴിയാത്തവർക്ക് ,അല്ലെങ്കിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈൻ വഴി മദ്യം ലഭ്യമാക്കണം.
ഈ നിയമങ്ങളൊക്കെ പൊതുജനങ്ങൾക്കായി നിർമ്മിക്കുന്ന ഉദ്യോഗസ്ഥർ അവർക്ക് സ്വന്തമായി ബാർ തന്നെ ആവശ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക. അവർക്ക് മറ്റുള്ളവർക്കൊപ്പം സാധാരണ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാൻ പല ബുദ്ധിമുട്ടുകളുമുണ്ട്. അതേപോലെതന്നെ ആ ബുദ്ധിമുട്ടുകൾ സമൂഹത്തിലെയും പലർക്കുമുണ്ട് എന്നറിയണം.
ലോകത്തെങ്ങുമില്ലാത്ത അന്യായ വിലകൊടുത്ത് മദ്യം വാങ്ങി വഴിയേ നടന്നുപോകുന്നവരെയും മദ്യപിച്ചു വീട്ടിലേക്കു പോകുന്നവരെയും പിടികൂടി വ്യാജ പെറ്റിക്കേസ് എടുക്കുന്ന പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
ഏതച്ഛൻ വന്നാലും .... എന്ന് പറയുംപോലെ എന്തുകാര്യം വന്നാലും ഉടൻ തോന്നു മ്പോൾ തോന്നുമ്പോൾ മദ്യത്തിന് വിലകൂട്ടി ഖജനാവ് നിറയ്ക്കുന്ന പരിപാടിയും കേരളത്തിനുമാത്രം സ്വന്തം. ബാർ കോഴ വിഷയം ( സത്യമായാലും മിഥ്യയായാലും ) ഈയവസരത്തിൽ ഓർക്കേണ്ടത് അനിവാര്യമാണ്.
ഒരു മര്യാദയുമില്ലാത്ത അന്യായമായ വിലയാണ് കേരളത്തിൽ മദ്യത്തിന്, സർക്കാർ ജനങ്ങളിൽ നിന്നും വാങ്ങുന്നത്. ഇത് പകൽകൊള്ളയല്ല, പിടിച്ചുപറിതന്നെയാണ്. .കഴിഞ്ഞതവണ വിലകൂട്ടിയതാണ് ആരെയും അമ്പരപ്പിക്കുന്നത്.
മദ്യക്കമ്പനികൾ മദ്യത്തിന് വിലകൂട്ടണമെന്ന് ആവശ്യപ്പെട്ട അവസരം മുതലെടുത്ത് അവർ ആവശ്യപ്പെട്ടതിന്റെ ഇരട്ടിയിലധികം വിലകൂട്ടി ബാക്കിത്തുക ഖജനാവിലേക്ക് മുതലാക്കി മാറ്റി. എങ്ങനെയുണ്ട് ? സർക്കാരിന് ചെലവ് നടത്താനുള്ള അലാഹുദീന്റെ അത്ഭുതവിളക്കു പോലെയാണ് മദ്യരംഗം.
മറ്റു ലഹരിവസ്ത്തുക്കൾ പോലെ മദ്യ ഉപയോഗത്തിനെതിരേ വ്യാപകമായ ബോധവൽക്കരണം സ്‌കൂൾ തലം മുതലും സന്നദ്ധസംഘടനകൾ , കുടുംബശ്രീ പോലുള്ള വനിതാ സംഘങ്ങൾ വഴിയും വീടുവീടാന്തരം നടത്തണം. മദ്യത്തിന്റെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. അതാകണം ഉത്തരവാദിത്വ മുള്ള ഒരു സർക്കാരിന്റെ മദ്യനയം. വികസിത രാജ്യങ്ങൾ ഈ രീതിയാണ് അവലംബിക്കുന്നത്.
മദ്യവർജ്ജനം ,ഘട്ടം ഘട്ടമായ മദ്യനിരോധനം ഇതൊക്കെ കാലഹരണപ്പെട്ട പഴഞ്ചൻ രീതികളാണ്. ഇവയുടെ ഉദ്ദേശശുദ്ധിയും ദുരൂഹമാണ്. വിരലിലെണ്ണാവുന്ന ചില നിക്ഷിപ്ത താല്പര്യക്കാരുടെ തടവറയിൽ നിന്ന് മദ്യനയത്തെ മോചിപ്പിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത, മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലുള്ള സുതാര്യമായ ഒരു നയം കേരളത്തിൽ നടപ്പാക്കാനുള്ള ആർജ്ജവം നമ്മുടെ സർക്കാരിനുണ്ടാകണം. കാരണം എല്ലാ രംഗത്തും പ്രബുദ്ധമായ കേരളം ഈ രംഗത്ത് കുറഞ്ഞത് 50 വർഷം ഇപ്പോഴും പിന്നിലാണ്.
-പ്രകാശ് നായര്‍