Advertisment

വി.സി ജോർജ് ഇനി ഓർമ്മ... ആ പുല്ലാങ്കുഴൽ നാദവും - രവിമേനോന്‍റെ ഓര്‍മ്മക്കുറിപ്പ്

New Update

publive-image

Advertisment

പാതി ചാരിയ ചന്ദനമണിവാതിലിലൂടെ മലയാളികളുടെ സംഗീതമനസ്സിൽ പറന്നിറങ്ങിയ നാദശലഭങ്ങൾ. ബി ശശികുമാറിന്റെ വയലിനും വി സി ജോർജിന്റെ ഫ്ലൂട്ടുമില്ലാതെ ``മരിക്കുന്നില്ല ഞാനി''ലെ ചന്ദനമണിവാതിൽ പാതിചാരി എന്ന വേണുഗോപാൽ ഗാനമുണ്ടോ?

അവരിൽ, വി സി ജോർജ് ഇനി ഓർമ്മ. മലയാളത്തിലെ ഒട്ടനവധി മനോഹര ചലച്ചിത്രഗാനങ്ങൾക്കും തരംഗിണി ആൽബങ്ങൾക്കും പിന്നിൽ പുല്ലാങ്കുഴൽ നാദമായി നിറഞ്ഞുനിന്ന ജോർജേട്ടന്‍ വിടപറഞ്ഞത് കഴിഞ്ഞ വ്യാഴാഴ്ച.

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾ, എൻ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ... ജോർജേട്ടന്റെ മുരളീനാദം കൂടിയുണ്ട് ആ പാട്ടുകളുടെ ആസ്വാദ്യതയ്ക്ക് പിന്നിൽ.

publive-image

ഗുണസിംഗിന്റെ ശിഷ്യൻ, ജോൺസന്റെ ഹാർമോണിയം ഗുരു, ഗിറ്റാറിസ്റ്റ് ആറ്റ്ലിക്കും ഗായകൻ അക്ബർ ഷായ്ക്കുമൊപ്പം വോയിസ് ഓഫ് തൃശൂർ എന്ന പേരെടുത്ത ഗാനമേളാ ട്രൂപ്പിന്റെ ശില്പികളിലൊരാൾ... വിശേഷണങ്ങൾ പലതുണ്ട് വി സി ജോർജിന്.

ജന്മനാടായ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയ്ക്കും ലൂർദ് പള്ളിക്കും വേണ്ടി ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ട് സംഗീതലോകത്ത് അരങ്ങേറുമ്പോൾ ജോർജിന് പ്രായം കഷ്ടിച്ച് പതിനഞ്ച് വയസ്സ്.

പിൽക്കാലത്ത് സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം പാരമൗണ്ട് റെവൽറി എന്ന പേരിലൊരു ഗാനമേളാ ഗ്രൂപ്പിന് രൂപം കൊടുത്തു അദ്ദേഹം. അതു കഴിഞ്ഞായിരുന്നു എത്രയോ പ്രഗത്ഭരുടെ പരിശീലനക്കളരിയായിരുന്ന വോയിസ് ഓഫ് തൃശൂരിന്റെ പിറവി.

നെല്ലിക്കുന്നിൽ ജോർജ്ജേട്ടന്റെ വീടിനടുത്തായിരുന്നു ജോൺസന്റെ വീട്. ഹാർമോണിയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാനായി പിതാവിനൊപ്പം തന്റെ വീടിന്റെ പടികടന്നുവന്ന പത്തുവയസ്സുകാരന്റെ ചിത്രം ജോർജേട്ടൻ എന്നും വാത്സല്യത്തോടെ ഓർമ്മയിൽ സൂക്ഷിച്ചു.

publive-image

നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു കൊച്ചു ജോൺസൺ എന്നോർക്കുന്നു അദ്ദേഹം. ജാനകിയുടെയും സുശീലയുടേയുമൊക്കെ ഗാനങ്ങൾ മധുരമായി പാടും. പെട്ടി വായിക്കാൻ പഠിപ്പിച്ചതോടൊപ്പം ശിഷ്യനെ തൃശൂരിലെ ഗാനമേളക്കാർക്ക് പരിചയപ്പെടുത്തുക കൂടി ചെയ്തു ജോർജേട്ടൻ.

സ്പെഷ്യൽ എഫക്റ്റ്സിനായി ഉപയോഗിച്ചിരുന്ന കബാസ എന്ന ഉപകരണമാണ് ആദ്യകാലത്ത് ജോൺസൺ ഗാനമേളകളിൽ കൈകാര്യം ചെയ്തത്. മലയാളികൾ വിസ്മയത്തോടെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു സംഗീത ജൈത്രയാത്രയുടെ തുടക്കം അവിടെനിന്നായിരുന്നു. ആ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എന്നും അഭിമാനിച്ചു വി സി ജോർജ്.

കൊച്ചിൻ കലാഭവനിൽ വെച്ചായിരുന്നു യേശുദാസുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. 1970 കളുടെ തുടക്കത്തിൽ. ചെന്നൈയിലേക്ക് ക്ഷണിച്ചതും സിനിമയിലെ ഏറ്റവും തിരക്കേറിയ ഫ്ലൂട്ടിസ്റ്റായ ഗുണസിംഗിനെ പരിചയപ്പെടുത്തിക്കൊടുത്തതും യേശുദാസ്.

``വെള്ള ഫിയറ്റ് കാറിൽ എന്നെ സ്വീകരിക്കാൻ സെൻട്രൽ സ്റ്റേഷനിൽ കാത്തുനിന്ന യേശുദാസിന്റെ രൂപം ഇന്നുമുണ്ട് ഓർമയിൽ.''  ജോർജ്. ഹിന്ദുസ്ഥാനിയിൽ സാമുവൽ മാസ്റ്ററും കർണ്ണാട്ടിക്കിൽ പൊതുവാൾ മാസ്റ്ററുമായിരുന്നു പുല്ലാങ്കുഴലിലെ ആദ്യ ഗുരുക്കന്മാരെങ്കിലും റെക്കോർഡിംഗിൽ വായിക്കാൻ ഗുണസിംഗിന് കീഴിലെ ഹ്രസ്വ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടന്ന് ജോർജ്.

ഗായകൻ ജെ എം രാജുവിനെപ്പോലുള്ളവരുടെ പിന്തുണയും മറക്കാനാവില്ല. 1970 കളുടെ അവസാനം നാട്ടിൽ തിരിച്ചെത്തിയ ശേഷം തരംഗിണിയിലെ റെക്കോർഡിംഗുകളുടെ ഭാഗമായി അദ്ദേഹം. ഒപ്പം ആകാശവാണിയിലും. തിരക്കേറിയ വർഷങ്ങൾ.

സംഗീതത്തിന്റെ സൂക്ഷ്മവശങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ജോർജിന്‍റെ പാടവം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് പറയും സംഗീത സംവിധായകൻ ഔസേപ്പച്ചൻ. "കാതോട് കാതോരത്തിലെ നീ എൻ സർഗ സൗന്ദര്യമേ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട സമയം.

എല്ലാവരും പാട്ടിനെ പറ്റി നല്ലത് പറയുന്നുണ്ടെങ്കിലും ജോർജേട്ടന്റെ നിരീക്ഷണമാണ് എന്റെ മനസ്സിനെ തൊട്ടത്. എടാ, ബി ജി എമ്മിൽ നീ പരീക്ഷിച്ച ആ സ്കെയിൽ പ്രോഗ്രഷൻ അസ്സലായി... എന്ന് അദ്ദേഹം പറഞ്ഞുകേട്ടപ്പോൾ ഉണ്ടായ സന്തോഷം വലുതായിരുന്നു. അദ്ദേഹത്തെപ്പോലൊരാൾ തുടക്കക്കാരനായ എന്റെ പാട്ടിനെ അത്രയും സൂക്ഷ്മമായി വിലയിരുത്തി എന്നത് ചെറിയ കാര്യമല്ലല്ലോ.''

publive-image

ജീവിതത്തെ ഒരു പരിധി വരെ ലാഘവത്തോടെ നോക്കിക്കണ്ട ആളായിരുന്നു ജോർജ് എന്ന് തോന്നിയിട്ടുണ്ട് ഔസേപ്പച്ചന്. ഗൗരവമാർന്ന വിഷയങ്ങളിൽ പോലും നർമ്മം കാണാൻ കഴിവുള്ള ആൾ. താൻ വ്യാപരിക്കുന്ന മേഖല വെട്ടിപ്പിടിക്കണം എന്ന അമിതമോഹമൊന്നും ഒരിക്കലും വെച്ചുപുലർത്തിയിരുന്നില്ല.

``സംഗീതത്തിലായാലും ബിസിനസ്സിലായാലും വേറിട്ട ചിന്തകളായിരുന്നു ജോർജേട്ടന്റെത്. ആദ്യകാലത്ത് അദ്ദേഹത്തിന് ഒരു പിക്കിൾ ബിസിനസ്സ് ഉണ്ടായിരുന്നു. പിക്കിളിന് അദ്ദേഹം നൽകിയ പേരാണ് രസകരം: മുഖ്യമന്ത്രി അച്ചാർ.

അന്നോ ഇന്നോ ആകട്ടെ, ഒരു അച്ചാറിന് അത്തരമൊരു പേര് ആരുടെയെങ്കിലും തലയിൽ ഉദിക്കുമോ?'' പല കാലങ്ങളിലായി ചിക്കൻ, ഫിഷ് ഫ്രൈ ബിസിനസ്സുകളിലും ഭാഗ്യപരീക്ഷണം നടത്തി വി സി ജോർജ്. റെക്കോർഡിംഗിനിടെ തനിക്ക് വായിക്കാനുള്ള ഫ്ലൂട്ട് ബിറ്റ് വായിച്ചുതീർത്ത ശേഷം ചിക്കൻ പാഴ്‌സൽ ആവശ്യക്കാരനെത്തിക്കാൻ വേണ്ടി സ്റ്റുഡിയോയിൽ നിന്ന് ``മുങ്ങി''ക്കളഞ്ഞ കഥ ജോർജേട്ടൻ തന്നെ രസകരമായി വിവരിച്ചുകേട്ടിട്ടുണ്ട്.

വി സി ജോർജിനൊപ്പം ഒരു കാലഘട്ടം കൂടി ഓർമ്മയാകുന്നു. സിന്തസൈസറും കീബോർഡുമൊക്കെ പ്രചുരപ്രചാരം നേടും മുൻപ്, ഗാനങ്ങളുടെ പിന്നണിയിൽ മൗലിക വാദ്യോപകരണങ്ങൾ മാത്രം നിറഞ്ഞുനിന്ന കാലം. ആ പാട്ടുകൾക്കൊപ്പം അവയ്ക്ക് പിന്നിലെ സൂക്ഷ്മമായ നാദശകലങ്ങൾ പോലും നാം ഓർമ്മയിൽ സൂക്ഷിക്കുന്നുവെങ്കിൽ, അതുതന്നെ ആ പ്രതിഭകൾക്കുള്ള ഏറ്റവും വലിയ അംഗീകാരം.

-രവിമേനോന്‍

voices
Advertisment