സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കരുതലും ഉറപ്പും

സത്യം ഡെസ്ക്
Tuesday, June 1, 2021

കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. കരുതലും ഉറപ്പുമാണ് പുതിയ ഇടതുപക്ഷ ഭരണത്തിന്‍റെ പ്രഖ്യാപിത നയം അത് സ്വാശ്രയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമോ എന്നതാണ് അതുമായി ബന്ധപെട്ടു നില്‍ക്കുന്നവരുടെ ആശങ്ക.

കേരളത്തിന്‍റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടന ആക്കുന്നതിനുള്ള ഇടപെടല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമെന്ന് മുഖ്യ മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ സ്വാശ്രയ മേഖലയെ ഉള്‍പെടുത്തുമോ എന്നും കണ്ടറിയണം. ഈ സന്ദേഹങ്ങള്‍ക്കുള്ള കാരണം നിയമസഭയില്‍ ഉടനെ ചര്‍ച്ചയ്ക്കു വരേണ്ട ഒരു ഓര്‍ഡിനന്‍സ് ആണ്.

‘കേരളാ സ്വാശ്രയ കോളേജ് അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ (നിയമനവും സേവന വ്യവ സ്ഥകളും) ഓര്‍ഡിനന്‍സ്’ കേരള ഗവര്‍ണര്‍ ഒപ്പിട്ടത് 2021 ഫെബ്രുവരി 19 -ാം തിയതി ആണ്. നിയ മസഭാ ഇലക്ഷന് തൊട്ടുമുമ്പ് അടിയന്തിരമായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ആണിത്.

ഗൗരവമായ പഠനവും ചര്‍ച്ചയും നടത്തി തീരുമാനങ്ങള്‍ എടുക്കേണ്ട സമകാലിക വിഷയം തന്നെയാണ് സ്വാശ്രയ കോളേജുകളും അത് നേരിടുന്ന വെല്ലുവിളികളും. എന്നാല്‍ ഇതിനൊന്നും മുതിരാതെ ലാഘവബുദ്ധി യോടെ ചില പുകമറകള്‍ മാത്രം സൃഷിടിച്ച് വളരെ പെട്ടെന്ന് ഈ ഓര്‍ഡിനന്‍സ് ഇറക്കിയതിന്‍റെ നി ഗൂഡലക്ഷ്യം സ്വാശ്രയ കോളേജിനെ സംരക്ഷിക്കാനുള്ളതല്ലെന്ന് ഉറപ്പ്. ഇതിലെ ചതിക്കുഴികള്‍ നിയ മസഭയിലും പൊ തുസമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

1.താല്കാലിക അഫിലിയേഷനും സ്ഥിരനിയമനവും

പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഓര്‍ഡിനന്‍സ് ഉന്നം വയ്ക്കുന്നത് സ്വാശ്രയ കോളേജു കളിലെ അദ്ധ്യാപക-അനദ്ധ്യാപിക നിയമനങ്ങള്‍ ആണ്. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ജീവനക്കാരെ സ്ഥിരമായി നിയമിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം കണ്ടില്ലന്നു നടിച്ചാണ് ഈ ഓര്‍ഡിനന്‍സിലെ വകുപ്പുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

ഇവിടെയുള്ള സ്വാശ്രയ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേ ജുകള്‍ കണ്ണൂര്‍, കോഴിക്കോട്, എം.ജി, കേരള സര്‍വ്വകലാശാലകളുടെ കീഴിലാണ്. ഇതുവരെ ഈ സര്‍വ്വകലാശാലകള്‍ ഒന്നും ഒരു സ്വാശ്രയ കോളേജിനും പ്രവര്‍ത്തിക്കാനുള്ള സ്ഥിരമായ അഫിലി യേഷന്‍ നല്കിയിട്ടില്ല. ഓരോ വര്‍ഷത്തേക്കുള്ള താല്കാലിക അഫിലിയേഷനാണ് സ്വാശ്രയ കോളേ ജുകള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷം കോളേജ് നടത്താനുള്ള അനുവാദം അടുത്തവര്‍ഷം ലഭിക്കാതിരിക്കാം.

ഈ ഒരു സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാരെ ഒരു വര്‍ഷത്തേയ്ക്ക് താല്കാലികമായി നിയമിക്കാനെ നിയമം അനുവദിക്കുന്നുള്ളു. സ്ഥിരമായ നിയമനം പാടില്ലെന്നിരിക്കെ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഇ.പി.എഫിലും ഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് 4(4),4(5) എന്നീ വകുപ്പുകള്‍ അനുശ്വസിക്കുന്നു.

ഈ വൃവസ്ഥ പാലിക്കപ്പെടണമെങ്കില്‍ സ്വാശ്രയ കോ ളേജുകള്‍ക്ക് സ്ഥിരമായ അഫിലിയേഷന്‍ നല്കാനുള്ള തീരുമാനം ഉണ്ടാകണം. ഇതിനു ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുമോ ? ഇതിനെ ആശ്രയിച്ചാണ് ഈ ഓര്‍ഡിനന്‍സിന്‍റെ നിലനില്‍പ്.

യു.ജി.സിയുടെ നിബന്ധനകളാണല്ലോ സര്‍വ്വകലാശാലകളും കോളേജുകളും പാലിക്കേണ്ടത്. സ്ഥാപിതമായിട്ട് അഞ്ചുവര്‍ഷം കഴിയുന്നമുറയ്ക്ക് മതിയായ പരിശോധന നടത്തി സര്‍വ്വകലാശാലകള്‍ കോളേജുകള്‍ക്ക് സ്ഥിരമായ അംഗീകാരം നല്‍കണമെന്നാണ് യു.ജി.സിയുടെ നിബന്ധന. സ്ഥാപിതമായിട്ട് ഇരുപത്തിയഞ്ചു കൊല്ലത്തിലേറെയായ എത്രയോ സ്വാശ്രയ കോളേജുകള്‍ കേരളത്തിലുണ്ട്.

യു.ജി.സിയുടെ ഈ നിബന്ധന പാലിക്കാനുള്ള ഒരു ശ്രമവും സര്‍വ്വകലാശാലകള്‍ നടത്തിയിട്ടില്ല എന്നത് നിരാശാജനകവും ദുഃഖകരവുമായ കാര്യമാണ്. സ്ഥിരമായ അഫിലിയേഷന്‍ ലഭിച്ചിരുന്നുവെങ്കില്‍ അത്തരം സ്വാശ്രയ കോളേജുകളും യു.ജി.സിയുടെ 2 എഫ് ലും, 12 ബി യിലും പെടുമായി രുന്നു. ഇതില്ലാത്തതുകൊണ്ട് യു.ജി.സി (റൂസ) നല്‍കുന്ന വികസന സാമ്പത്തിക സഹായവും മറ്റ് ആനു കൂല്യങ്ങളും ലഭിക്കുന്നതിന് സ്വാശ്രയ കോളേജുകള്‍ക്ക് അര്‍ഹതയില്ല.

കേരളത്തില്‍ ഉന്നത വിദ്യാഭ്യാ സത്തിന് എഴുപതു ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് സ്വാശ്രയ കോളേജുകളെയാണ് എന്നിട്ടും വിദ്യാഭ്യാസ സെസ്സിലൂടെ സമാഹരിക്കുന്ന തുകയില്‍ നിന്നുള്ള ധനസഹായവും മറ്റ് ആനു കൂല്യങ്ങളും ഈ മേഖലക്ക് നിഷേധിക്കുന്നത് കടുത്ത അനീതിയാണ്.

2. നിയമാനാധികാരവും ശിക്ഷണ നടപടിയും

ഓര്‍ഡിനന്‍സിന്‍റെ 3 -ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസ ഏജന്‍സിക്കാണ് നിയമനാധികാരം. വകുപ്പ് 4(7) പ്രകാരം വിദ്യാഭ്യാസ ഏജന്‍സി തന്നെയാണ് ശിക്ഷണ നടപടി എടുക്കേണ്ടതും. എന്നാല്‍ വകുപ്പ് 5 അനുസരിച്ച് വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിമൂലം സങ്കടമനുഭവിക്കുന്ന ജീവക്കാരന് സര്‍വ്വകലാശാ ലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാം. സിന്‍ഡിക്കേറ്റാണ് അപ്പീല്‍ തീര്‍പ്പാക്കേണ്ടത്. ഈ തീരുമാനമാണ് അന്തിമം. ഇത് വകുപ്പ് 3 നു എതിര് നില്‍ക്കുന്ന ഒന്നാണ്.

ശിക്ഷണ നടപടിയെടുക്കാനുള്ള അധികാരം നി യമനാധികാരമുള്ളവര്‍ക്ക് എന്നതാണ് പ്രഖ്യാപിത രീതി. സിന്‍ഡിക്കേറ്റ് നിയമനയാധികാരിയല്ലാത്തതു കൊണ്ട് ശിക്ഷണ നടപടിയില്‍ അന്തിമ തീരുമാനത്തിനുള്ള അവരുടെ അധികാരം നിലനില്‍ക്കുന്നതല്ല. ശിക്ഷണ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ ഏജന്‍സിയോട് ശുപാര്‍ശ ചെയ്യാനേ സിന്‍ഡിക്കേറ്റിനു കഴിയു.

മാനേജരുടെ ഈ അധികാരം കവര്‍ന്ന് സിന്‍ഡിക്കേറ്റിന് കൊടുക്കുന്നത് നിലനില്‍ക്കുന്നതല്ല. വീണ്ടും 11 -ാം വകുപ്പ് പ്രകാരം സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം കഴിയാതെ സിവില്‍ കോടതിക്ക് പോലും പ്രസ്തുത കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ല. സിന്‍ഡിക്കേറ്റിനു നല്‍കുന്ന നിയമപരമല്ലാത്ത ഈ പരമാധികാരം ദുരുദ്ദേശപരമാകാനെ വഴിയുള്ളു.

3. റെഗുലേറ്ററി ബോഡി

സ്വാശ്രയ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളുടെ റെഗുലേറ്ററി ബോഡി ഓര്‍ഡിനന്‍സ് 2(ജി) പ്രകാരം യു.ജി.സിയാണ് അതില്‍ സര്‍വ്വകലാശാലയും ഉള്‍പ്പെടുന്നു. സ്വാശ്രയ കോളേജുകളു മായി ബന്ധപ്പെട്ട ഏറ്റവും ഖേദകരമായ കാര്യം കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും സര്‍വ്വകലാശാലകളിലെ ആക്ട്, സ്റ്റാറ്റ്യൂട്ട്സ് ആന്‍ഡ് റെഗുലേഷന്‍സ് എന്നിവ സ്വാശ്രയ കോളേജുകളെ കൂടി ഉള്‍പ്പെടുത്തി പരി ഷ്കരിച്ചിട്ടില്ല എന്നതാണ്. നിലനില്‍പ്പിന് ആവശ്യമായ നിയമപരമായ അടിത്തറ സ്വാശ്രയ മേഖലയ്ക്ക് ഇനിയും കൈ വന്നിട്ടില്ല.

4. അദ്ധ്യാപകരാകാനുള്ള യോഗ്യത

ആവശ്യ തസ്തികകളിലേയ്ക്ക് നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് റെഗുലേറ്ററി ബോഡി നിശ്ചയി ക്കുന്ന യോഗ്യത ഉണ്ടാകണം (വകുപ്പ് 2). കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിക്കപെടുവാന്‍ യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യത നെറ്റ് പാസ്സായിരിക്കണം എന്നതാണ്.

2021 ജൂലൈ മുതല്‍ അദ്ധ്യാപകരാകാനുള്ള മിനിമം യോഗ്യത പി.എച്ച്.ഡി ആണ്. യോഗ്യത ഇല്ലാതെ നിയമിക്കപ്പെട്ടിട്ടുള്ളവര്‍ സര്‍ക്കാര്‍ പറയുന്ന തിയതിക്കുള്ളില്‍ യോഗ്യത സ്വന്തമാക്കിയിരിക്കണം. സ്വാശ്രയ കോളേജുകളില്‍ പി. എച്ച്.ഡി ക്കാര്‍ ഇന്ന് ഒരു ശതമാനം പോലും കാണില്ല.

ഈ ഓര്‍ഡിനന്‍സ് നടപ്പിലായാല്‍ ഇന്നുള്ള ബഹുഭൂരിപക്ഷം അദ്ധ്യാപകര്‍ക്കും സ്വാശ്രയ കോളേജില്‍ തുടരാനാവില്ല. അദ്ധ്യാപക ക്ഷേമത്തിനെന്നുള്ള ലേബലില്‍ ഇറക്കുന്ന ഈ ഓര്‍ഡിനന്‍സ് നിലവിലുള്ള അമ്പതിനായിരത്തോളം അദ്ധ്യാപകരുടെ തൊ ഴില്‍ നഷ്ടപ്പെടുത്താന്‍ ഇടനല്‍കും.

റെഗുലേറ്ററി ബോഡി നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ള അദ്ധ്യാപകരെ ആവശ്യത്തിനു ലഭിക്കാനും ഇടയില്ല. അദ്ധ്യാപകരില്ലാത്ത സ്വാശ്രയ കോളേജുകളിയിരിക്കും ഓര്‍ഡിനന്‍സിന്‍റെ അനന്തരഫലം.

5.വേതന വ്യവസ്ഥ

ഓര്‍ഡിനന്‍സില്‍ സ്വാശ്രയ കോളേജുകളിലെ ജീവനക്കാരുടെ സേവന വ്യവസ്ഥ എയിഡഡ് കോളേജിനു സമാനമാണെന്നു പറഞ്ഞിട്ടുണ്ട്. അവരുടെ വേതനം എപ്രകാരമായിരിക്കണം എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വേതനവും എയിഡഡ് കോളേജിലേതു പോലെയാവണം എന്ന് വാദിക്കാവുന്ന താണ്.

അങ്ങനെയെങ്കില്‍ സ്വാശ്രയ കോളേജില്‍ പുതുതായി നിയമിക്കപ്പെടുന്ന അദ്ധ്യാപകന് എഴുപതിനായിരം രൂപയെങ്കിലും മാസം നല്‍കേണ്ടിവരും. ഗസ്റ്റ് അദ്ധ്യാപകന് 43500 രൂപയും നല്‍കണം. സ്വാശ്രയ കോളേജുകള്‍ ഇന്ന് നല്‍കുന്ന ശമ്പളത്തിന്‍റെ നാലിരട്ടിയാണിതെന്നു മനസ്സിലാക്കണം. കുട്ടികളില്‍ നി ന്ന് ഇന്നുള്ളതിന്‍റെ നാലിരട്ടി ഫീസ് പിരിച്ചാലേ സ്വാശ്രയ കോളേജുകള്‍ക്കു മുന്നോട്ടു പോകാനാവൂ. സ്വാശ്രയ മേഖല സമീപ നാളുകളില്‍ കലുഷിതമാകും എന്നത്രെ സൂചന.

6. ട്യൂഷന്‍ ഫീസ്

സ്വാശ്രയ കോളേജുകള്‍ സര്‍വ്വകലാശാലകള്‍ക്ക് നല്‍കേണ്ട ഫീസ് പ്രതിവര്‍ഷം 5% വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ 2013 നു ശേഷം ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ട്യൂഷന്‍ ഫീസ് ഗണ്യമായ വിധത്തില്‍ വര്‍ധിപ്പിച്ചാല്‍ മാത്രമേ കോളേജുകള്‍ക്ക് ചിലവുകള്‍ താങ്ങാനാവു.

ഓരോ വര്‍ഷവും അഫിലി യേഷന്‍ പുതുക്കുന്നതിന് ഭാരിച്ച ചിലവുണ്ട്. ഈ മഹാ മാരിക്കാലത്ത് ഫീസടക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണമാണ് കൂടുതലും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്വാശ്രയ കോളേജുക ളുടെ അതിജീവനത്തിനുള്ള വഴി ഇരുളടഞ്ഞതാണ് എന്നതില്‍ സംശയമില്ല.

അടയ്ക്കാനുള്ള ട്യൂഷന്‍ ഫീസെങ്കിലും കോളേജില്‍ കൊടുക്കണമെന്ന് യൂണിവേഴ്സിറ്റിയോ, അധികൃതരോ,ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പറഞ്ഞിരുന്നെങ്കില്‍ തല്കാലമെങ്കിലും പിടിച്ചു നില്‍ക്കാമായിരുന്നു.

പുകമറകള്‍ മാത്രം സൃഷ്ടിച്ച് യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നു പോകാതെ സ്വാശ്രയ മേഖ ലയിലെ പ്രശ്നങ്ങള്‍ വസ്തു നിഷ്ഠമായി പഠിച്ചും പരിഹാരം കണ്ടെത്തിയും മുമ്പോട്ടു പോകാനുള്ള ആര്‍ജ്ജവം ഉന്നത വിദ്യാഭ്യാസത്തിനു വലിയ പ്രാധ്യാന്യം നല്‍കുന്നുവെന്ന് പറയുന്ന ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നു കരുതുന്നു. അങ്ങനെ സ്വാശ്രയ മേഖലയിലും സര്‍ക്കാരിന്‍റെ കരുതലും ഉറപ്പും ഉണ്ടാകട്ടെ.

-റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി
(സെക്രട്ടറി കേരളാ കത്തോലിക്കാ അൺ എയിഡഡ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ)

×