-സമദ് കല്ലടിക്കോട്
സാമൂഹ്യ പരിഷകർത്താവായിരുന്ന വി.ടി ഭട്ടതിരിപ്പാട് സമൂഹത്തിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ ഒരു തീപ്പന്തംപോലെ വലിച്ചെറിഞ്ഞ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ' എന്ന നാടകം വീണ്ടും വീണ്ടും കേരളീയ സമൂഹത്തിൽ പ്രസക്തമാവുകയാണ്.
ആചാര പ്രധാനമായിരുന്നു ഈ നാടക സന്ദേശമെങ്കിലും ആധുനിക സ്ത്രീ നേരിടുന്ന അവഗണനയെ മുൻ നിർത്തുമ്പോൾ ഈ നാടകം മുന്നോട്ട് വച്ച നവോത്‌ഥാന ചിന്തക്ക് ഇന്നും പത്തരമാറ്റിന്റെ തിളക്കമുണ്ട്. ഒരു നൂറ്റാണ്ടോളം മുമ്പ് എഴുതപ്പെട്ട ഈ നാടകം പുതിയ കാലത്തിന്റെ സ്ത്രീ വിമോചന പ്രവർത്തനങ്ങളിൽ സംഗതമാകുന്നത് അവൾ പൊതുരംഗത്തേക്കോ, മത രംഗത്തേക്കോ കടന്നു വരാൻ പാടില്ലെന്ന് ശഠിക്കുന്നവർക്ക് മുമ്പിലാണ്.
സ്ത്രീ വിദ്യ അഭ്യസിക്കേണ്ടതില്ല, സാംസ്ക്കാരിക രാഷ്ട്രീയ കാര്യങ്ങളിൽ നിലപാട് അറിയിച്ചു കൂടാ, തുടങ്ങിയ നിഷേധ കാര്യങ്ങളിൽ സ്ത്രീകള്‍ തന്നെ അഭിമാനത്തോടെ ഈ വിലക്കുകൾ കൊണ്ടാടുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്.
കുടുംബത്തെയും തലമുറകളെയും സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത സ്ത്രീക്ക് മാത്രമായി ഒഴിച്ചിട്ടിരിക്കുന്ന ഒന്നാണെന്നു ഓര്‍മ്മിപ്പിക്കുന്നതാണ് സമകാല പ്രസ്താവങ്ങൾ.
സ്ത്രീ അഭിപ്രായം പറഞ്ഞാൽ പുരുഷനു സ്വത്വം നഷ്ടപ്പെടും എന്ന പുരുഷന്റെ കുറ്റത്തിനും ശിക്ഷ സ്ത്രീക്കാണ്. ഇതേ നീതിബോധമാണ് അവസരങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീയെ അവളുടെ വ്യക്തിത്വത്തിൽ പഴിചാര്‍ത്തി കുറ്റവാളിയാക്കുന്നത്.
പുരുഷന്റെ ആധിപത്യ ചിന്തക്കും, ആണധികാരത്തിനും ശിക്ഷ എന്നും സ്ത്രീക്ക് തന്നെ. ഈ വീക്ഷണം സാധ്യമാക്കുന്നതില്‍ അടിസ്ഥാനപരമായ ജനാധിപത്യബോധത്തിന്റെ അഭാവവും, ഇതില്‍ പൗരോഹിത്യം വഹിക്കുന്ന പങ്കും ചെറുതല്ല. സുന്നി പണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നിര്‍ബന്ധ സാഹചര്യത്തില്‍ മതതത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് സംവരണ സീറ്റില്‍ സ്ത്രീകൾ മത്സരിക്കുന്നതില്‍ തെറ്റില്ല എന്ന പക്ഷക്കാരനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ മറുപടി മുസ്‌ലിം ലീഗ് വനിതകൾ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ ആയിരുന്നു.
കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മറിച്ചു ചിന്തിച്ചാല്‍ അനന്തരഫലം അറിയുമെന്നുമാണ് ഭീഷണി.
കേരളത്തിൽ പ്രഭാഷകർ എന്ന് കരുതുന്ന പല സംഘടനാ നേതാക്കൾക്കും സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിൽ ഏതാണ്ട് ഇതേ നിലപാടുള്ളവരാണ്. ഭര്‍ത്താവിന്റെ ഫോട്ടോവച്ച് വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും വനിതാസമ്മേളനത്തിൽ പേരിനു പോലും ഒരു വനിതയെ ഇരുത്താത്തതും, വനിതാ സംഘടനയുടെ പത്ര പ്രസ്താവനയിൽ പോലും വനിതകളുടെ പേരില്ലാത്തതും വനിതാ സമ്മേളനത്തിന്റെ ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കാത്തതും വെറുതെ നമ്മൾ തന്നെ വിവാദമാക്കേണ്ട.
പൊതുമണ്ഡലത്തില്‍ എവിടെയും മുസ്‌ലിം വനിത പ്രത്യക്ഷപ്പെട്ട് കൂടാ എന്ന് ആഗ്രഹിക്കുന്നവരാണ് നവോത്‌ഥാന സംഘടനകളിലെ നേതാക്കൾ പോലും. സ്ത്രീകൾ തെരഞ്ഞെടുപ്പിൽമത്സരിക്കാതിരിക്കുന്നതും തൊഴിലെടുക്കാതിരിക്കുന്നതും തന്നെയാണ് നല്ലത്. പക്ഷേ സാഹചര്യങ്ങൾക്കൊത്ത് സംവരണ സീറ്റുകളില്‍ മത്സരിക്കുന്നതും
തൊഴിലിനും വിദ്യഭ്യാസത്തിനും മറ്റും താല്പര്യത്തോടെ പുറത്തിറങ്ങുന്നതും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിരാകരിക്കുന്നത് ആർക്ക് യോജിക്കാനാവും?
പൊതു രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം മുസ്‌ലിം പണ്ഡിതർക്കുണ്ടായ വിരുദ്ധ അഭിപ്രായങ്ങള്‍ എന്നിവ വനിതാ വിമോചന കാര്യങ്ങളിൽ മതം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടാൻ ഇടയായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം കൂടിപ്പോയെന്ന അഭിപ്രായമായിരുന്നു കാന്തപുരത്തിന്. മുസ്‌ലിം സ്ത്രീകളെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രംഗത്തും ഇറക്കുന്നതിനെക്കുറിച്ച് മാത്രമല്ല സ്ത്രീസാന്നിധ്യം വീടകത്ത് മാത്രമായിരിക്കണമെന്ന അഭിപ്രായക്കാരനുമായിരുന്നു കാന്തപുരം.
സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരുന്നതും പൊതു വേദികളിൽ പ്രസംഗിക്കുന്നതും അസഹനീയമായവർ തന്നെ, സ്ത്രീ സമുദ്ധാരണത്തെക്കുറിച്ചും പൈതൃക സ്വത്തിൽ അവകാശം അനുവദിച്ചതും യുദ്ധവേളയിൽ സ്ത്രീ, ഭടന്മാരെ ശുശ്രൂഷിച്ചതും ഉച്ചത്തിൽ പറയും. സ്രഷ്ടാവിന്റെ മാത്രം അധികാരത്തിലും സംരക്ഷണത്തിലും കഴിയേണ്ട ജനത, പുരോഹിതർ നിശ്ചയിക്കുകയും നിർദേശിക്കുകയും ചെയ്യുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുകയും ജീവിക്കേണ്ടിയും വരുന്നു.
സാമൂഹ്യ സഹവർത്തിത്വത്തിലൂടെയും വ്യക്തിബന്ധത്തിലൂടെയും കേരളത്തിലെ മുസ്‌ലിംകൾ ഊർജസ്വലമായി കഴിയുമ്പോഴും മുസ്‌ലിം സ്ത്രീകൾ യാതൊരു വ്യക്തിത്വവുമില്ലാത്തവരാണെന്ന് സ്ഥാനത്തും അസ്ഥാനത്തും പഴി കേൾക്കേണ്ടി വരുന്നത് ചില പ്രഭാഷകരുടെ ആഖ്യാനപരമ്പരകൾ കാരണത്താൽ തന്നെയാണ്.
അത്തരം ധാരണകളെ സഫലമാക്കുന്നത് സമൂഹമനസ്സില്‍ നിലനില്‍ക്കുന്ന യാതൊരു വ്യക്തതയുമില്ലാത്ത നീട്ടിയും വലിച്ചുമുള്ള പ്രഭാഷണങ്ങളുമാണ്. ഈ പ്രഭാഷണ ശകലങ്ങൾ പലതും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകവുമാണ്. ഇതര സമുദായങ്ങളിലെ സാമുദായിക പരിവർത്തനത്തോടൊപ്പം വിദ്യാഭ്യാസത്തിന്റെയും പൊതുഇടങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അവസരം ഉപയോഗിച്ച് മുന്നോട്ടുവന്ന സ്ത്രീകള്‍ അവരൊക്കെയും സ്വയം കാര്യശേഷി പുലർത്തിയത് കൊണ്ടു മാത്രമാണ്.
സാമൂഹ്യ വൈജ്ഞാനിക മേഖലയിൽ മിന്നുന്ന വനിതകളിൽ അധികവും പുരോഹിത വാക്യങ്ങളെ ഉപേക്ഷിച്ചവരാണെന്ന പോലെ തന്നെ പലരും മത സംഘടനകളെ തന്നെ ഉപേക്ഷിച്ചവരുമാണ്. നന്മയും സ്നേഹവും കർമ്മാനുഷ്ഠാനവും പഠിപ്പിച്ചു കൊടുക്കുന്ന ദീനീ പ്രഭാഷകർ മതരാഷ്ട്രീയ രംഗങ്ങളിലും പൊതുരംഗത്തും മുസ്‌ലിം സ്ത്രീ പ്രത്യക്ഷപ്പെടുന്നതിനെ നിശിതമായി നിരാകരിക്കുന്നുവെന്നാണ് പലരും ഈ ലേഖകനോട് പറഞ്ഞത്.
എഴുത്തും സാഹിത്യവും സർഗ്ഗപരതയും ഇതോടൊപ്പം ചോർന്നു പോകുന്നു. മുസ്‌ലിം സ്ത്രീകളെപ്പറ്റിയുള്ള പൊതുവ്യവഹാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം സംഘടനകൾ പോലും പരിഗണിക്കുന്നത് മതാനുഷ്ഠാനങ്ങളുടെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് മാത്രമാണ്. മുസ്‌ലിം സ്ത്രീയുടെ ജീവിതാവസ്ഥകളെ സാമൂഹികമായോ, വൈജ്ഞാനികമായോ ആയി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മുസ്‌ലിം ലീഗിനെ പോലും തടയുന്നത്
യാഥാസ്ഥിക മത സംഘടനയുടെ ആധിപത്യമാണ്.
മുസ്‌ലിം ലീഗിൽ ജനശ്രദ്ധയാകര്‍ഷിക്കുന്ന വനിതാ വിവാദങ്ങള്‍ക്കെപ്പോഴും ചില പ്രത്യേകതകളുണ്ട്: ഒന്ന്, അവ എപ്പോഴും അവളുടെ വിമോചനവുമായി ബന്ധപ്പെട്ടിരിക്കും. അല്ലെങ്കിൽ അവളുടെ ആരാധന സ്വാതന്ത്ര്യത്തെ കേന്ദ്രീകരിച്ചായിരിക്കും. അതുമല്ലെങ്കിൽ അവൾ പുരുഷനോടൊപ്പം വേദി പങ്കിട്ടതിനെ ചൊല്ലി ആയിരിക്കും.
ഈ പ്രതിനിധാനം യഥാർത്ഥ സ്ത്രീയവസ്ഥകളുടെ സാമാന്യതയില്‍ നിന്ന് ഏറെ അകലെയാണ്. ഏതു വിവാദവും സമുദായ നേതൃത്വത്തോടും ഭൂരിപക്ഷ മത സംഘടനയോടും കീഴ്‌വഴക്കം സൃഷ്ടിക്കുന്നതുമാണെന്ന് കാണാം. ഈ മത- ഷ്ട്രീയ ചട്ടക്കൂട്ടില്‍ ഇരയും ശബ്ദം നഷ്ടപ്പെട്ടവളും ആയി ബാക്കിയാവുന്ന രൂപം മുസ്‌ലിം സ്ത്രീ മാത്രമാണ്.
ജനാധിപത്യരാഷ്ട്രത്തിൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ മാത്രമായി അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളില്ലേ? ഉണ്ടെന്ന്
നവോത്‌ഥാന ആശയവും പുരോഗമന നിലപാടുമുള്ള ഏതൊരു പണ്ഡിതനും
അംഗീകരിക്കും. പക്ഷേ പ്രമാണങ്ങളുടെ കാലികമായ പുനർവായന ഇഷ്ടപ്പെടാത്ത, ലീഗിലെ ആത്മീയർ അതംഗീകരിക്കില്ല.
മറ്റു സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം സ്ത്രീകള്‍ വേറെയേതോ സാമൂഹ്യസാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. ആണുങ്ങൾക്ക് സേവ ചെയ്യലാണ് പെണ്ണിന്റെ സമ്പൂർണ്ണനിയോഗമെന്ന് വളർന്നു വരുന്ന അഭ്യസ്ത വിദ്യരായ പെൺകുട്ടികളോട് പറഞ്ഞാൽ അതവർ പുച്ഛിച്ചു തള്ളും.
സ്ത്രീവിരുദ്ധതയുടെ പരിണിതഫലം മനസ്സിലാക്കുന്നതിലൂടെ മാത്രമേ പ്രശനങ്ങൾ അഭിമുഖീകരിക്കാനും പരിഹരിക്കാനും കഴിയൂ. അല്ലാതെ പുരോഹിത ജൽപനങ്ങളുടെയോ, സംഘടനാ സാമുദായികതയുടെയോ കാഴ്ചപ്പാടിൽ മാത്രം ചര്‍ച്ചകൾ എങ്ങുമെത്തുകയില്ല.