ലക്ഷദ്വീപസമൂഹത്തെ കേന്ദ്രീകരിച്ചുളള വാദപ്രതിവാദങ്ങളുടെ ലക്ഷ്യമെന്താണ് ? ചരിത്രമിതാണ്… ഒരന്വേഷണം – എസ്.പി നമ്പൂതിരി എഴുതുന്നു

എസ് പി നമ്പൂതിരി
Tuesday, June 1, 2021

-എസ്.പി നമ്പൂതിരി

പാരമ്പര്യം, ചരിത്രം, പൈതൃകം, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, എന്നിവയുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ മിനിക്കോയി ഒഴിച്ചുളള ദ്വീപുകളിലെ ജനങ്ങള്‍ ഒരുകാലത്ത് കേരളതീരത്തുനിന്നും കുടിയേറിയ ഹിന്ദുക്കളായിരുന്നു.

അവര്‍ പില്‍ക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ചതാണ്. മിനിക്കോയിക്കാര്‍ക്ക് മാലിദ്വീപുകളുമായി വ്യക്തമായ ബന്ധമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ മേഖലയില്‍ പോര്‍ച്ചുഗീസ് അധിനിവേശം നടക്കുന്നത്. അക്കാലം മുതലുളള ലിഖിതചരിത്രം നമ്മുടെ മുമ്പിലുണ്ട്.

പതിനാറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഈ ദ്വീപുകള്‍ കണ്ണൂരിലെ അറയ്ക്കല്‍ രാജവംശത്തിന്‍റെ കീഴിലായിരുന്നു.പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടുകൂടി ബ്രിട്ടീഷുകാരുമായുളള യുദ്ധത്തിനിടയില്‍ അറയ്ക്കല്‍ റാണിയുമായുളള കരാര്‍ അനുസരിച്ച് അമ്മേനി അടക്കമുളള അഞ്ച് ദ്വീപുകള്‍ ടിപ്പുസുല്‍ത്താനുകിട്ടി.

ആയിരത്തിഎഴുനൂറ്റിതൊണ്ണൂറ്റി രണ്ടില്‍ ടിപ്പുസുല്‍ത്താന്‍ പരാജയപ്പെട്ടതോടെ ആ ദ്വീപുകളെല്ലാം ബ്രിട്ടീഷുകാര്‍ കൈക്കലാക്കി.ആയിരത്തി തൊണ്ണൂറ്റിഒന്നില്‍ കണ്ണൂര്‍ പിടിച്ചടക്കിയതുമുതല്‍ ബാക്കി ദ്വീപുകളെ സംബന്ധിച്ച് ബ്രിട്ടീഷുകാരും അറയ്ക്കല്‍ രാജകുടുംബവുമായി നടന്ന അവകാശതര്‍ക്കങ്ങള്‍ ആയിരത്തിതൊളളായിരത്തി അഞ്ചുവരെ വരെ നീണ്ടുനിന്നു.

ഇതിനിടയില്‍ ഈസ്റ്റ്ഇന്ത്യാകമ്പനി പലതവണ ഈ ദ്വീപുകള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആയിരത്തിതൊളളായിരത്തി അമ്പത്തിയാറില്‍ സംസ്ഥാനപുനഃസംഘടന നടന്നപ്പോള്‍ കോഴിക്കോട് തലസ്ഥാനമാക്കിക്കൊണ്ട് ഈ ദ്വീപുകള്‍ മുഴുവനും യൂണിയന്‍ ഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

അപ്പോള്‍ മുതല്‍ എറണാകുളത്തെ ഹൈക്കോടതി ദ്വീപുകാരുടേയും ഹൈക്കോടതിയായിത്തീര്‍ന്നു. ഈ കേരളാബന്ധം വിച്ഛേദിക്കാനാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററുടെ ശ്രമം. പകരം മംഗലാപുരവുമായി കൂട്ടിക്കെട്ടാനാണ് പദ്ധതി. ഇതിന്‍റെ പിന്നില്‍ ചില നിഗൂഢലക്ഷ്യങ്ങളുണ്ട്. കേരളത്തിലെ ഇടതുപക്ഷസ്വാധീനവും കര്‍ണ്ണാടകത്തിന്‍റെ വലതുപക്ഷസ്വഭാവവും തന്നെയാണത്.

ദ്വീപസമൂഹത്തെ ഇടതുപക്ഷസ്വാധീനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. പ്രകൃതിയുടേയും തദ്ദേശവാസികളുടേയും അസ്തിത്വവും,വ്യക്തിത്വവും സംരക്ഷിക്കുന്ന ഒരു ടൂറിസം പദ്ധതി കാസിനോയുടെ സാരഥി ജോസ് ഡൊമിനിക്കിന്‍റെ നേതൃത്വത്തില്‍ അവിടെ പരീക്ഷിച്ചതാണ്.

അതല്ല ശരിയായ വികസനം എന്നാണ് ബഹുരാഷ്ട്രകുത്തകകളുടേയും കേന്ദ്രസര്‍ക്കാരിന്‍റേയും കാഴ്ചപ്പാട്. ചൂതാട്ടവും മദിരയും മദിരാക്ഷിയും അരങ്ങുതകര്‍ക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ശരിയായ വിനോദസഞ്ചാരവികസനമെന്നാണ് ഉദാരവത്ക്കരണവാദികളുടെ കാഴ്ചപ്പാട്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അവരുടെ രക്ഷകര്‍ത്താക്കളാണ്.

പണമെറിഞ്ഞ് കളിക്കുന്നവരേയും,കുടിച്ച് കൂത്താടുന്നവരേയും,കാമമോഹികളേയും ആകര്‍ഷിച്ചുകൊണ്ടുളള വികസനമാണ് വ്യവസായഭീമന്മാര്‍ ലക്ഷ്യമിടുന്നത്.ഓലപ്പുരകള്‍ ഉണ്ടാക്കിയും തദ്ദേശീയരെ ഉപയോഗിച്ചും നാടന്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്തുകൊണ്ടുമുളള ജോസ് ഡൊമിനിക്കിന്‍റെ പരിസ്ഥിതിസ്നേഹപദ്ധതികളിലൊന്നും കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ല.

ഓരോ ദ്വീപും വിലയ്ക്കെടുക്കാന്‍ (മോഹവിലയ്ക്കുതന്നെ) സാര്‍വ്വദേശീയഭീമന്മാര്‍ ഒരുക്കമാണ്. ദ്വീപുകളെ സംബന്ധിച്ചിടത്തോളം ആ സാദ്ധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഈ ദ്വീപുകളിലെ ആദിമനിവാസികളേയൊ അവരുടെ സംസ്ക്കാരത്തേയോ സംരക്ഷിക്കുകയെന്നത് ഒരുത്തരവദിത്വമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ല.

ലാഭം – കൂടുതല്‍ ലാഭം – അടിയന്തിരമായി തന്നെ – ഇതാണ് നോട്ടം. തിരുവനന്തപുരം വിമാനത്താവളം പോലും സ്വകാര്യമേഖലയെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുകയാണല്ലോ ചെയ്തത്. കേരളത്തിന്‍റെ അമൂല്യമായ ഭൂമിയിലാണ് ആ വിമാനത്താവളം സ്ഥിതിചെയ്യുന്നത് എന്നതും നാം ഓര്‍ക്കണം.

വിമാനത്താവളം വിജയകരമായി നടത്തി കഴിവുതെളിയിച്ചിട്ടുളള കേരളത്തിന്‍റെ അര്‍ഹതയെ പുറംകാല്‍കൊണ്ട് തട്ടിയെറിഞ്ഞുകൊണ്ടാണ് വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കാഴ്ചവയ്ക്കുന്നത്.

പ്രകൃതിയെ മറക്കാതെയും തകര്‍ക്കാതെയും തദ്ദേശീയസംസ്ക്കാരത്തെ സംരക്ഷിച്ചുകൊണ്ടുമാണ് ബംഗാരം ദ്വീപില്‍ ശ്രീ.ജോസ് ഡൊമിനിക്ക് ഒരു റിസോര്‍ട്ട് ആരംഭിച്ചത്. തദ്ദേശീയമായ ഒരു ഭക്ഷണരീതിയാണ് ആ റിസോര്‍ട്ട് പിന്‍തുടര്‍ന്നത്. റിസോര്‍ട്ടിലെ ജീവനക്കാരില്‍ 95% അന്നാട്ടുകാര്‍ തന്നെയായിരുന്നു.

ബംഗാരം ഹെറിട്ടേജ് റിസോര്‍ട്ട് ഒരു വിജയമായിരുന്നു. ലക്ഷദ്വീപിന്‍റെ വിനോദസഞ്ചാരസാദ്ധ്യത തിരിച്ചറിഞ്ഞത് രാജീവ് ഗാന്ധിയാണ്. അതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഒരു കോണ്‍ഫ്രറന്‍സിലാണ് ശ്രീ.ജോസ് ഡൊമിനിക്ക് ഹെറിറ്റേജ് റിസോര്‍ട്ടിന്‍റെ നിര്‍ദ്ദേശമവതരിപ്പിച്ചത്. ടൂറിസ്റ്റ് മേഖലയിലെ വന്‍കിടക്കാരെല്ലാം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടു.

ജോസ് ഡൊമിനിക്ക് അപ്പോള്‍ത്തന്നെ ഹെറിട്ടേജ് റിസോര്‍ട്ട് എന്ന ആശയം അവതരിപ്പിച്ചു. മൂന്ന് മാസത്തിത്തിനകം റിസോര്‍ട്ട് ആരംഭിക്കുകയും ചെയ്തു. വിനോദസഞ്ചാരത്തിന്‍റെ ലോകഭൂപടത്തില്‍ ബംഗാരം സ്ഥാനം പിടിയ്ക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം ആ ദ്വീപ് വിലയ്ക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. പറഞ്ഞവിലയ്ക്ക് ആ ദ്വീപ് വിലയ്ക്കെടുക്കാന്‍ തയ്യാറുളള മൂലധനശക്തികള്‍ കാത്തുനില്‍ക്കുമ്പോള്‍ ജോസ് ഡൊമിനിക്കിനെപ്പോലുളളവര്‍ വികസനത്തിന് വിഘ്നമായിതീരുന്നു – അതുപോലെ തന്നെ അന്നാട്ടിലെ ദ്വീപനിവാസികളും.

ദ്വീപനിവാസികളെ അവിടെനിന്നും മാറ്റേണ്ടിവരും. ഓലപ്പുരകള്‍കെട്ടി നാട്ടുകാരെക്കൊണ്ട് നാടന്‍ഭക്ഷണം വിളമ്പിക്കുന്ന ദരിദ്രറിസോര്‍ട്ടുകളാണോ വികസനം കൊണ്ടുവരിക? മണിമന്ദിരങ്ങളുയര്‍ത്തി അവിടെ മദിരയും, മദിരാക്ഷിയും മത്സരിച്ച് മദിമോഹനമദനൃത്തമാടുകയും ധനികര്‍ കൈമറന്ന് കാശെറിയുന്ന കാസിനോകള്‍ അരങ്ങുതകര്‍ക്കുകയും ചെയ്യുന്ന പഞ്ചനക്ഷത്രറിസോര്‍ട്ടുകള്‍ അല്ലേ വികസനം കൊണ്ടുവരിക? ധനികര്‍ വരണം. ധനമിവിടെ തിരമാലകള്‍ പോലെ ഈ ദ്വീപിനെ കെട്ടിപ്പുണരണം.

സബര്‍മതിയാശ്രമം പോലെ ഒരു റിസോര്‍ട്ടുണ്ടാക്കിവയ്ക്കുകയും അവിടെ കുറെ ദരിദ്രവിദേശികള്‍ വന്ന് താമസിക്കുകയും ചെയ്തിട്ട് എന്തുകാര്യം? ശ്രീ.ജോസ് ഡൊമിനിക്ക് പിന്‍തളളപ്പെട്ടു. മക്കാവോ പോലെ അല്ലെങ്കില്‍ ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ് ഡിസ്ട്രിക്ട് പോലെ വിനോദസഞ്ചാരികളെ മോഹവലയത്തിലാഴ്ത്തുന്ന സാര്‍വ്വദേശീയനിലവാരമുളള കാമകലാപദ്ധതികളാണ് ലക്ഷദ്വീപിനാവശ്യം.

അതാണിപ്പോള്‍ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അപ്പോഴവിടെ റോഡുകള്‍ വീതികൂട്ടേണ്ടിവരും അതിനുവേണ്ടി ചില ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റേണ്ടിവരും. മദ്യശാലകള്‍ തുറക്കേണ്ടിവരും. ദ്വീപുനിവാസികള്‍ മദ്യം കഴിക്കാത്തവരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

ദ്വീപിന്‍റെ തനിമ തകര്‍ക്കപ്പെടുന്നു എന്ന് പറഞ്ഞ് പരിസ്ഥിതിവാദികള്‍ ബഹളം വച്ചുവെന്ന് വരാം. പൃഥ്വിരാജിനെപ്പോലുളള ചില സിനിമാനടന്മാരോ, പാര്‍വ്വതിയെപ്പോലെയോ, റീമാകല്ലിങ്കലിനെപ്പോലെയോയുളള നടികളോ, കേരളാ മുഖ്യമന്ത്രി പിണറായി വിജയനോ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോ, പ്രകൃതിസ്നേഹികളായ ചില ബുദ്ധിജീവികളോ ഒച്ചപ്പാടുണ്ടാക്കിയെന്നും വരാം.

അതൊക്ക നേരിടാന്‍ തന്‍റേടമുളള ആദര്‍ശധീരനെയാണ് കേന്ദ്രസര്‍ക്കാര്‍ അവിടെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചിട്ടുളളത്. അദ്ദേഹത്തെപ്പോലുളളവര്‍ മാതൃകയായി കാണുന്ന പാശ്ചാത്യസംസ്കാരത്തിന്‍റെ പറുദീസകളിലൊന്നായ ആംസ്റ്റര്‍ഡാം സന്ദര്‍ശനം ഞാന്‍ ഓര്‍ത്തുപോകുന്നു. കാസിനോകള്‍ക്ക് അവിടെ നിയന്ത്രണങ്ങള്‍ ഇല്ല.

പല രാജ്യങ്ങളിലെയും സൗന്ദര്യധാമങ്ങളെ പ്രദര്‍ശിപ്പിക്കുന്ന റെഡ്സ്ട്രീറ്റ് അവിടെ ഒരു മുഖ്യആകര്‍ഷണമായി തിളങ്ങിനില്‍ക്കുന്നു എല്ലാത്തരം ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അവിടെ സ്വച്ഛന്ദവിഹാരം അനുവദിച്ചിട്ടുണ്ട്. ലോകമാകെ നീതിപാലനവും,സമാധാനസംരക്ഷണവും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ലോകകോടതിയും അവിടെഅടുത്തുതന്നെ. ദ്വീപിലെ നിറസാന്നിദ്ധ്യമായ തെങ്ങ് ചെത്തി കളള് എടുക്കാനോ, കുടിയ്ക്കാനോ, കളളുവാറ്റി ചാരായം ഉണ്ടാക്കാനോ തയ്യാറില്ലാത്ത ദ്വീപിലെ നിഷ്കളങ്കമനുഷ്യരെ ആധുനികലോകത്തിന്‍റെ പഞ്ചനക്ഷത്രസംസ്ക്കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നത്.

ലക്ഷദ്വീപ് നിവാസികള്‍ക്ക് സ്വന്തമായുളളത് കൊപ്രയും,മത്സ്യവും,വെളളവും മാത്രമാണ്. ഈ കൊപ്രയും, മത്സ്യവും കൈമാറിയിട്ടാണ് കേരളത്തില്‍നിന്ന് അവര്‍ അവര്‍ക്ക് വേണ്ടതെല്ലാം വാങ്ങിയ്ക്കുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയെല്ലാം കേരളത്തില്‍ നിന്ന് വരണം. ചികിത്സയ്ക്ക് ആശുപത്രികള്‍,പഠിക്കാന്‍ വിദ്യാലയങ്ങള്‍, നീതിപാലനത്തിന് ഹൈക്കോടതി – എന്തിനുമേതിനും കേരളമാണ് അവര്‍ക്കൊരു സഹായഹസ്തം.

ആ ബന്ധം വിച്ഛേദിക്കണം. മംഗലാപുരവുമായുളള ബന്ധം ശക്തിപ്പെടുത്തണം. കാരണം, കേരളം പോലെയല്ല കര്‍ണ്ണാടകം.അല്‍പം അകലെയാണെങ്കിലും അവിടെ ദേശസ്നേഹികളാണ് ഭരിക്കുന്നത്. കേരളമുണ്ടായപ്പോള്‍ മുതല്‍ തന്നെ ദേശസ്നേഹമില്ലാത്തവരുടെ സാന്നിദ്ധ്യം ഭരണരംഗത്തുണ്ടായിരുന്നു.

ഈയൊരു ഗൂഢപദ്ധതിയും പുതിയ ലക്ഷദ്വീപ് ഭരണാധികാരിക്ക് ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്‍റയും, സര്‍ക്കാര്‍ പ്രതിനിധിയുടേയും പദ്ധതി വിജയിച്ചാല്‍ വിദേശനാണ്യം ലക്ഷദ്വീപിലേക്ക് ഒഴുകിയെത്തിയേക്കാം.

പക്ഷേ, ആ ഒഴുക്കില്‍ ഒരു ജനതയുടെ സംസ്ക്കാരവും,അസ്തിത്വവും,വ്യക്തിത്വവും മുങ്ങിപ്പോയെന്നും വരാം.ഇന്ത്യയുടെ മനഃസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഒരവസരമാണിത്. ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ കേരളത്തിന് പ്രത്യേകിച്ചൊരു ഉത്തരവാദിത്വമുണ്ട്. മിനിക്കോയി ഒഴികെയുളള ദ്വീപുകളില്‍ ജനങ്ങളുടെ സംസാരഭാഷ മലയാളമാണ്. സംസ്ക്കരിക്കപ്പെടാത്ത ഒരു മലയാളം. അറബിയിലും തമിഴിലുമുളള ഒട്ടേറെ വാക്കുകള്‍ അതില്‍ കലര്‍ന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി മലയാളം തന്നെ – ഒരു മണിപ്രവാളമലയാളം എന്ന് വേണമെങ്കില്‍ പറയാം.

കേരളവുമായുളള നാഭീനാളബന്ധത്തെയാണിത് സൂചിപ്പിക്കുന്നത്.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനപുനഃസംഘടന നടന്നപ്പോള്‍ കന്യാകുമാരിജില്ല കേരളത്തിന് നഷ്ടപ്പെട്ടു. കാരണം, അന്നാട്ടുകാരുടെ സംസാരഭാഷ തമിഴ് ആയിരുന്നുവെന്നതുതന്നെ. ആ മാനദണ്ഡം വച്ചാണെങ്കില്‍ ലക്ഷദ്വീപ് കേരളത്തിന് അവകാശപ്പെട്ടതാണ്. അറയ്ക്കല്‍ രാജകുടുംബം വകയായിരുന്നല്ലോ ഈ ദ്വീപസമൂഹം.

ചില സാമ്രാജ്യത്വതന്ത്രങ്ങളാണ് അറയ്ക്കല്‍ രാജകുടുംബത്തിന് ഈ അവകാശം നഷ്ടപ്പെടാനിടയാക്കിയത്. ചുരുക്കത്തില്‍ ലക്ഷദ്വീപിന്‍റെ തനിമ നിലനിര്‍ത്തുന്നതില്‍ ഇന്ത്യയ്ക്കൊരുത്തരവാദിത്യമുണ്ടെന്ന് പറയുമ്പോള്‍ തന്നെ കേരളത്തിന് അധികമായ ഒരു ഉത്തരവാദിത്വമുണ്ടെന്നും പറയേണ്ടിവരുന്നു.

വികാരങ്ങള്‍ വിചാരങ്ങള്‍
ആകൃതിയ്ക്കൊള്‍വൂ ഭാഷയില്‍
ഭാഷാടിസ്ഥാനത്തിലാണല്ലോ
സംസ്ഥാനങ്ങള്‍ ജനിച്ചതും.

മലയാളവുമായ് പൊക്കിള്‍ –
ക്കൊടിബന്ധം പ്രസിദ്ധമാം.
ലക്ഷദ്വീപസമൂഹത്തിന്‍
പെറ്റമ്മ മലയാളമാം.

×