പിണറായിക്ക് ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് ഈ കോളത്തിൽ എഴുതിയിരുന്നു. അതിനെ അടിവരയിട്ട് ഉറപ്പിക്കുന്ന സംഭവ വികാസങ്ങൾ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ വിശാല ബഞ്ചിന് മുമ്പിലാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആചാര-അനുഷ്ഠാനങ്ങൾക്ക് അനുകൂലമായി നൽകിയിരുന്ന സത്യവാങ്മൂലം പിൻവലിച്ച് ലിംഗ സമത്വത്തിന് അനുകൂലമായി പിണറായി സർക്കാർ നൽകിയ സത്യവാങ്മൂലത്തെ അടിസഥാനമാക്കിയാണ് വിശ്വാസികളായ യുവതികൾക്കും ശബരിമലയിൽ പോകാം എന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
വിശ്വാസികളോടോ ഹൈന്ദവ സംഘടനകളോടോ ഒന്നും ആലോചിക്കാതെ അന്ന് പിണറായി വിജയൻ വിധി നടപ്പാക്കാൻ ശ്രമിച്ചു. പോലീസിനെ ഉപയോഗിച്ച് അന്ന് അയ്യപ്പ ഭക്തൻമാരെ കാനനപാതകളിൽ അടിച്ചോടിച്ചു, വലിച്ചിഴച്ചു. ആചാരം ലംഘിക്കുന്നതിനായി ആക്ടിവിസ്റ്റുകളായ യുവതികളെ സന്നിധാനത്തിൽ എത്തിച്ചു. പിന്നീടുണ്ടായ വിശ്വാസികളുടെ രോഷത്തെ ഭയന്ന് നിവൃത്തിയില്ലാതെ പിണറായി പിൻവാങ്ങി.
ഇത്രയും ചരിത്രം. ഇപ്പോൾ ഇതിന്റെ പ്രസക്തി എന്ത്? ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തലാണ് വിഷയം വീണ്ടും സജീവമായത്. ശബരിമലയിലേത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നെന്നും അതിൽ ഖേദമുണ്ടെന്നും ആണ് കടകംപള്ളി പറഞ്ഞത്.
അതിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മനസ്സിൽ വീർപ്പുമുട്ടി കിടന്ന ഒരു കാര്യം വെളിപ്പെടുത്തി എന്ന് കരുതിയാൽ മതി. കടകംപള്ളി അന്നും ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നതാണ് സത്യം. പിണറായി വിജയന്റെ പിടിവാശിയാണ് അന്നും പ്രശ്നം വഷളാക്കിയത്.
കടകംപള്ളി സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് മറുപടിയായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മറുപടി ഉടൻ വന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും പാർട്ടി ലിംഗ സമത്വത്തിന് വേണ്ടി തന്നെയാണ് നിൽക്കുന്നതെന്നുമായിരുന്നു യച്ചൂരി പറഞ്ഞത്.
ഇതിലെ അപകടം മനസ്സിലാക്കിയ എൻഎസ്എസ് ആഞ്ഞടിച്ചു. പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം എന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടത്. ഒപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശ്വാസികൾക്ക് വേണ്ടി രംഗത്ത് വന്നു.
പിന്നീട് സംഭവിച്ചത് എന്താണ്?
സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എൻഎസ്എസിനെ കടന്നാക്രമിച്ചു. എൻഎസ്എസ് കേസിന് പോയി തോറ്റതാണെന്നും അതുകൊണ്ട് എൻഎസ്എസിന്റെ വാക്കുകൾക്ക് ഇക്കാര്യത്തിൽ വലിയ വിലയില്ല എന്നുമാണ് കാനം പറഞ്ഞു വച്ചത്.
എൻഎസ്എസിനെപ്പോലെ പാരമ്പര്യമുള്ള ഒരു സമുദായ സംഘടനയെക്കുറിച്ച് ഇത്രയും മേച്ഛമായി സംസാരിക്കുവാൻ കാനത്തിന് ധൈര്യം എവിടെ നിന്ന് കിട്ടി? അന്വേഷിച്ച് ചെല്ലുമ്പോൾ അത് പിണറായിയിൽ ചെന്ന് നിൽക്കും. കാരണം ഇതിനോട് പിണറായി പ്രതികരിച്ച രീതി നോക്കിയാൽ മതി.
കാനം രാജേന്ദ്രന്റെ വാക്കുകളിൽ താൻ അസ്വാഭാവികത ഒന്നും കാണുന്നില്ല എന്നാണ് പിണറായി പറഞ്ഞത്. ഇതിനോടൊപ്പം പറഞ്ഞത് എന്താണ് ? വിശാല ബഞ്ചിന്റെ വിധി വിശ്വാസികൾക്ക് എതിരാണെങ്കിൽ അപ്പോൾ എല്ലാവരോടും കൂടി ആലോചിച്ച് തീരുമാനമെടുക്കും എന്നാണ് പിണറായി പറഞ്ഞത്.
എങ്കിൽ പിന്നെ പിണറായി വിജയൻ സത്യവാങ്മൂലം മാറ്റിക്കൊടുത്താൽ പോരേ? തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്നും ആചാരത്തിന് എതിരല്ല എന്നും ഒരു സമയം പറയും.
മറുവശത്ത് വിശ്വാസങ്ങളേയും ആചാരങ്ങളേയും ഇല്ലാതാക്കാൻ ഇരുട്ടിന്റെ മറവിൽ പണിയും.
ഇതാണ് പിണറായി വിജയൻ. വിശ്വാസവഞ്ചനയുടെ ആൾരൂപം...
-തിരുമേനി