ഭാവനയില്‍ കെട്ടിച്ചമച്ച ചാരക്കേസ് – തിരക്കഥയിലെ കഥാകൃത്തുക്കളുടെ മൂടുപടം അഴിഞ്ഞുവീഴാന്‍ പോകുന്നു… ആരൊക്കെ നാളെ ജയിലില്‍ പോകും എന്നത് കാത്തിരുന്നു കാണാം ! ഇത് കാലം കരുതിവച്ച നീതി…

സത്യം ഡെസ്ക്
Friday, April 16, 2021

-തിരുമേനി

കാലത്തെ ഒരു ബിന്ദുവിൽ തടഞ്ഞു നിർത്താൻ ആവില്ല. അനുസ്യൂതമായി പ്രവഹിച്ചു കൊണ്ടിരിക്കുന്ന കാലം കരുതി വയ്ക്കുന്ന ചില കാവ്യനീതിയുണ്ട്. അതിലൊന്നാണ് ചാരക്കേസിലെ ഗൂഢാലോചന പുറത്ത് വരുമ്പോൾ സംഭവിക്കുവാൻ പോകുന്നത്. പല ബിംബങ്ങളും ഉടഞ്ഞ് തകർന്ന് വീണേക്കാം. അതിൽ രാഷ്ട്രീയ നേതാക്കൾ കണ്ടെന്ന് വരാം. മാധ്യമ പ്രവർത്തകർ കണ്ടെന്ന് വരാം. പോലീസ് ഉദ്യോഗസ്ഥർ കണ്ടെന്ന് വരാം.

സാമ്രാജ്യത്വ ശക്തികളെ തകർക്കാൻ വേണ്ടി ചാരപ്രവർത്തനം നടത്തിയ ചാരസുന്ദരിമാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ ഈ കൊച്ചു കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ – കെ കരുണാകരനെ – സ്ഥാന ഭ്രഷ്ടനാക്കുന്നതിനു വേണ്ടി നടത്തിയ നെറികെട്ട ഗൂഢാലോചനയാണ് ചുരുളഴിയാൻ പോകുന്നത്. ഇതിൽ ബലിയാടുകളായ മറ്റ് ചിലർ ഐ.സ്.ആർ.ഒ യിലെ ശാസ്ത്രജ്ഞർ, രമൺ ശ്രീവാസ്തവ എന്ന ഐ.പി.സ് ഓഫീസർ, മാലി വനിതകൾ തുടങ്ങിയവരാണ്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ നൽകിയ കേസിലാണ് സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്.

അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം ഒന്ന് പരിശോധിക്കാം. നരസിംഹ റാവുവിനെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി വാഴിച്ച കിംഗ് മേക്കർ ലീഡർ എന്ന കെ കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രി. കോൺഗ്രസിൽ ഐ – എ ഗ്രൂപ്പുകൾ ശക്തമായി നിലകൊള്ളുന്നു. ഐ ഗ്രൂപ്പിന്റെ അമരത്ത് സാക്ഷാൽ കെ കരുണാകരൻ. രമേശ് ചെന്നിത്തല, ജി. കാർത്തികേയൻ, പി.പി. ജോർജ്, ടി.എച്ച് മുസ്തഫ തുടങ്ങിയവർ ഒപ്പം. കെ. മുരളീധരൻ രാഷ്ട്രീയ പ്രവേശം നടത്തിക്കഴിഞ്ഞു .

എ ഗ്രൂപ്പ് നേതാവ് എ.കെ ആന്റണി ഡൽഹിയിൽ. മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ഉമ്മൻ ചാണ്ടി കേരളത്തിൽ എ യുടെ അമരക്കാരൻ. കെ.പി.സി.സി പ്രസിഡന്റ് പദത്തിലേക്ക് തിരഞ്ഞെടുപ്പ് നടക്കുവാൻ പോവുന്നു. രണ്ട് ഗ്രൂപ്പുകളും ബലാബലം നിന്നാൽ മാത്രമേ ഭരണം പിടിക്കാൻ സാധിക്കൂ എന്നറിയാമായിരുന്ന കെ.കരുണാകരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എ.കെ.ആന്റണി വരുന്നതിൽ സമ്മതക്കുറവില്ലായിരുന്നു. എന്നാൽ കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച ആ തീരുമാനം കെ.കരുണാകരന് എടുക്കേണ്ടി വന്നത് പുത്രനായ കെ.മുരളീധരന്റെ പിടിവാശി മൂലമായിരുന്നു.

എ.കെ.ആന്റണിക്ക് എതിരെ ഐ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി വയലാർ രവി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. ജി.കാർത്തികേയൻ ഏക വൈസ് പ്രസിഡന്റായി.
എല്ലാം വെട്ടിപ്പിടിക്കാമെന്ന കെ.മുരളീധരന്റെ അതിമോഹം ഗ്രൂപ്പുകൾ തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു.

വ്രണിത ഹൃദയനായ എ.കെ.ആന്റണിയും കൂട്ടാളികളും അവസരം പാർത്തിരുന്നു. അപ്പോഴാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വരുന്നത്. എ ഗ്രൂപ്പിന്റെ ഡോ. എം.എ കുട്ടപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഇതും കെ.മുരളീധരൻ സമ്മതിച്ചില്ല. ഇതോടെ ഉമ്മൻ ചാണ്ടി ധനകാര്യ മന്ത്രി സ്ഥാനം രാജിവച്ചു. എ ഗ്രൂപ്പിലെ ഇരുപത് എം.എൽ.എമാർ നേതൃമാറ്റം ആവശ്യപ്പെട്ട് എ.ഐ.സി.സി ക്ക് കത്തയച്ചു. തുടർന്ന് കെ.കരുണാകരനെ താഴെയിറക്കാൻ ഉമ്മൻ ചാണ്ടി കെ.എം മാണിയുടെയും പി.കെ  കുഞ്ഞാലിക്കുട്ടിയുടേയും സഹായം അഭ്യർത്ഥിച്ചു.

ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണ് ചാരക്കേസ് ഉയർന്ന് വരുന്നത്. മാലി വനിതയായ മറിയം റഷീദയെ ചാരപ്രവർത്തനം നടത്തിയതിന്റെ പേരിൽ സ്മാർട്ട് വിജയൻ എന്ന സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. പിന്നീടങ്ങോട്ട് നടന്നത് സമാനതകളില്ലാത്ത ഗൂഢാലോചനയാണ്.

ഉമ്മൻ ചാണ്ടിക്ക് ഓശാന പാടുന്ന ചില മാധ്യമ പ്രവർത്തകർ, ഉമ്മൻ ചാണ്ടിയോട് അടുപ്പമുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍, എ ഗ്രൂപ്പിലെ ചില നേതാക്കൾ എന്നിവർ മത്സരിച്ച് കഥ മെനഞ്ഞു.
മലയാളത്തിലെ പ്രമുഖ ദിനപത്രം ചാരസുന്ദരികളുടെ കഥകൾ ഖണ്ഡശ്ശ എഴുതി. ശശികുമാർ, നമ്പി നാരായണൻ എന്നീ ഐ.സ്.ആർ.ഒ ശാസ്ത്രജ്ഞരെ ചാര പ്രവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു. കെ.കരുണാകരന്റെ ഇഷ്ടക്കാരനായിരുന്ന രമൺ ശ്രീവാസ്തവയെ ചോദ്യം ചെയ്തു.

ഇതോടെ കെ.കരുണാകരന്റെ രക്തത്തിന് വേണ്ടി മുറവിളി തുടങ്ങി. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന അമ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കെ.കരുണാകരനെ കൂക്കിവിളിക്കാൻ എ ക്കാർ ആളെ നിയോഗിച്ചു. താൻ പ്രധാനമന്ത്രി പദത്തിൽ അവരോധിച്ച നരസിംഹറാവുവും കൂടി കൈവിട്ടതോടെ കെ.കരുണാകരൻ രാജി വച്ചു.

ഇരുളിന്റെ മറവിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ എ.കെ.ആന്റണി കേരള മുഖ്യമന്ത്രിയായി. ഒരു ഭരണാധികാരിയെ താഴെയിറക്കുവാൻ നടത്തിയ നികൃഷ്ടവും നീചവുമായ ഒന്നാണ് ചാരക്കേസ്. ചാരക്കേസിൽ വെന്തെരിഞ്ഞു പോയത് മറ്റ് ചില ജീവനുകൾ ആണ്. അതിലൊരാളാണ് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ.

ശശികുമാർ, നമ്പി നാരായണൻ എന്നിവർ സമൂഹത്തിൽ വെറുക്കപ്പെട്ടവരായി. സിബി മാത്യൂസ്, കെ.കെ. ജോഷ്വ, സ്മാർട്ട് വിജയൻ എന്നീ പോലീസ് ഓഫീസർമാരാണ് അന്വേഷണം നടത്തിയത്.
സുപ്രീം കോടതി കേസ് സി.ബി.ഐക്ക് വിട്ടപ്പോൾ സ്മാർട്ട് വിജയൻ സുപ്രീം കോടതിക്ക് നേരെ ആക്രോശിക്കുന്നത് കണ്ടു .

എന്തായാലും ഭാവനയിൽ കെട്ടിച്ചമച്ച ഈ തിരക്കഥയിലെ കഥാകൃത്തുക്കളുടെ മൂടുപടം അഴിഞ്ഞ് വീഴാൻ പോകുന്നു. ആരൊക്കെ നാളെ ജയിലിൽ പോകും എന്നത് കാണാൻ കാത്തിരിക്കാം. അതിൽ ആരാധനയും പരിചയവും ഒക്കെയുള്ള മുഖങ്ങൾ കണ്ടേക്കാം.

ഏറ്റവും വലിയ വിരോധാഭാസം കെ.മുരളീധരന്റെ നിലാപാടാണ്. സ്വന്തം പിതാവിനെ പിടിയിറക്കി പിണ്ഡം വച്ചവരുടെ കൂടെയാണ് ഇന്ന് അദ്ദേഹം. ഉമ്മൻ ചാണ്ടിയോടൊപ്പം നിൽക്കുന്നതാണ് നേട്ടമുണ്ടാക്കാൻ നല്ലത് എന്നതായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ്. ചാരകേസ് അടഞ്ഞ അധ്യായമാണെന്ന കെ.മുരളീധരന്റെ നിലപാട് സ്വന്തം പിതാവിനോടുള്ള അവഹേളനമായിട്ട് മാത്രമേ കാണാൻ പറ്റൂ.

×