Advertisment

പിണറായി വിജയൻ എങ്ങിനെ കേരള ജനതക്ക് സ്വീകാര്യനായി ? രാഷ്ട്രീയ നേതാക്കൾ മനസ്സിലാക്കേണ്ട പാഠം...

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

2016 ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ കേരള സമൂഹത്തിന് അത്രമേൽ സ്വീകാര്യനായിരുന്നില്ല. കാരണം നീണ്ട 18 വർഷത്തോളം പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നു. ഇടക്കാലത്ത് മാത്രം വൈദ്യുതി മന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

ഒരു രാഷ്ട്രീയ നേതാവിന് വേണ്ട മെയ് വഴക്കം പിണറായിക്കില്ല എന്നായിരുന്നു പൊതുവെയുള്ള ആക്ഷേപം. അദ്ദേഹം ചിരിക്കുന്നത് വളരെ അപൂർവ്വമാണ് എന്ന് എല്ലാവരും പറയുമായിരുന്നു. കർക്കശ സ്വഭാവക്കാരനായ ഒരു യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് എന്ന രീതിയിലായിരുന്നു പിണറായിയെ എല്ലാവരും കണ്ടിരുന്നത്.

അദ്ദേഹത്തിന്റെ ഓഫീസ് സംവിധാനങ്ങളും ഒരു പരിധി വരെ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. മാധ്യമ പ്രവർത്തകരോടും ചില സന്ദർഭങ്ങളിൽ അദ്ദേഹം കർക്കശ നിലപാടുകൾ എടുത്തിട്ടുണ്ട്. പൊതുവിൽ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ഓഫീസ് സംവിധാനം കുറച്ച് നിയന്ത്രണ വിധേയമാണ്.

കോൺഗ്രസ് മുഖ്യമന്ത്രിമാർ ഭരിക്കുമ്പോൾ കുറെക്കൂടി സ്വതന്ത്രമായി ആവശ്യക്കാർക്ക് അവരുടെ ഓഫീസിൽ പോകാൻ പറ്റുമായിരുന്നു. എംഎൽഎമാർക്ക് പോലും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ എളുപ്പത്തിൽ കാണാൻ പറ്റുമായിരുന്നില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു.

എന്നാൽ ഭരണകാര്യത്തിൽ പിണറായി വിജയൻ ഒരു പരാജയമായിരുന്നില്ല എന്നാണ് കാലം തെളിയിച്ചത്. കർക്കശമായ നിലപാടുകൾ എങ്ങിനെ ഭരണകാര്യങ്ങളിൽ സഹായകരമാകും എന്ന് പിണറായി തെളിയിച്ചു.

അഴിമതിക്കാരെ മുഖം നോക്കാതെ പിണറായി തുടച്ച് നീക്കി. അതിൽ രാഷ്ട്രീയം കലർത്താൻ അദ്ദേഹം സമ്മതിച്ചില്ല. സ്വർണക്കടത്തും ഡോളർ കടത്തും ലൈഫ് മിഷനും സർക്കാരിനെ പിടിച്ച് ഉലച്ചപ്പോഴും സംയമനം വിടാതെ പിണറായി പിടിച്ചു നിന്നു.

സാധാരണ ഗതിയിൽ സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി ജയിലഴിക്കുള്ളിലായാൽ ഒരു മുഖ്യമന്ത്രിക്ക് പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണ്. ഇത്രയധികം അഴിമതി ആരോപണങ്ങൾ ഒരു ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേരിടേണ്ടി വന്ന മറ്റൊരു ഭരണാധികാരി സമീപകാലത്ത് ഉണ്ടായിക്കാണില്ല.

തുടരെ രണ്ട് പ്രളയങ്ങൾ പിന്നീട് നിപ തുടർന്ന് കോവിഡ് കൂടെ അഴിമതി ആരോപണങ്ങളും. തികഞ്ഞ മനോധൈര്യത്തോടെയാണ് പിണറായി ഇതിനെയെല്ലാം നേരിട്ടത്. തോറ്റ് കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

കേന്ദ്രം ഭരിക്കുന്ന ബിജെപി പിണറായിയെ ഉന്മൂലനം ചെയ്യാൻ പല തന്ത്രങ്ങളും പയറ്റി. എന്നിട്ടും അദ്ദേഹത്തെ വീഴിക്കാൻ അവർക്ക് സാധിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ടാണ്.

കോവിഡ് കാലത്ത് സാധാരണയിൽക്കവിഞ്ഞ സഹായമൊന്നും കേന്ദ്രം കേരളത്തിന് നൽകിയില്ല. സാമ്പത്തികമായി കേരളത്തെ വരിഞ്ഞ് മുറുക്കാനാണ് കേന്ദ്രം ശ്രമിച്ചത്. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനാവട്ടെ കോവിഡ് പോലും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റി.

കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിൽ കാര്യമായ ഒരു സമ്മർദ്ദവും വി. മുരളീധരൻ നടത്തിയില്ല. പ്രിതിപക്ഷത്തിനാവട്ടെ കാര്യമായി ഒന്നും ചെയ്യാനും ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ കേരള ജനതയുടെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് മാത്രമായി ഏറ്റെടുക്കേണ്ടി വന്നു.

കാലിടറാതെ ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിച്ചപ്പോഴാണ് പിണറായി വിജയൻ എന്ന ഭരണാധികാരിയെ ജനം തിരിച്ചറിഞ്ഞത്. രാഷ്ട്രീയമായി ഭിന്നത ഉണ്ടായിരുന്നിട്ടും പിണറായി കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിന് മുതിർന്നില്ല.

ഇത് ദൗർബ്ബല്യമായിരുന്നില്ല മറിച്ച് ഭരണതന്ത്രജ്ഞത ആയിരുന്നു. ഒരിക്കലും പിണറായി മോദിയെ വിമർശിച്ചില്ല.കാരണം കേന്ദ്രവുമായി ഏറ്റുമുട്ടാൻ പിണറായി തയ്യാറായിരുന്നില്ല. മോദിയെ പ്രധാനമന്ത്രിയായി മാത്രം കാണാനാണ് അദ്ദേഹം ശ്രമിച്ചത്. ആ നിലപാട് ശരിയുടേതായിരുന്നു. എന്നിട്ടും കേരളത്തിലെ ബിജെപി നേതാക്കളോ കേന്ദ്രമന്ത്രി വി. മുരളീധരനോ വറുതിക്കാലത്ത് കേരളത്തെ സഹായിച്ചില്ല.

എന്നാൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയ സഹായവും മറ്റ് രീതിയിൽ സമാഹരിക്കപ്പെട്ട സഹായങ്ങളും വഴി തെറ്റി പോകാതെ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ പിണറായിക്ക് കഴിഞ്ഞു. ഇതിനായി പാർട്ടി മെഷീനറി യും ഉദ്യോഗസ്ഥ സംവിധാനവും സമാന്തരമായി പ്രവർത്തിപ്പിക്കാൻ പിണറായിക്ക് സാധിച്ചു.

പഞ്ചായത്ത് തോറും നടന്ന സമൂഹ അടുക്കള , ധാന്യക്കിറ്റ് വിതരണം ഇതെല്ലാം വിജയകരമായി നടപ്പാക്കി. കോവിഡ് ചികിൽസ സൗജന്യമാക്കി. ഇതോടൊപ്പം മറ്റ് വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സമാന്തരമായി നടന്നു.

വലിയ കാര്യങ്ങൾ പറഞ്ഞ് നടക്കുന്നതിലും പ്രധാനം ചെറിയ കാര്യങ്ങൾ ചെയ്യുന്നതാണ് എന്ന തത്വം ജനം അംഗീകരിച്ചു. പട്ടിണിയുടെ സമയത്ത് അവർക്ക് ഭക്ഷണമെത്തിച്ച പിണറായിയെ അവർ നെഞ്ചോട് ചേർത്തു. എന്നാൽ ഇതിന് വേണ്ടി തന്റെ രാഷ്ട്രീയ നിലപാടുകളിൽ പിണറായി ഒട്ടും വെള്ളം ചേർത്തതുമില്ല.

ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു ഭരണാധികാരി എങ്ങിനെ ആയിരിക്കണം എന്ന് തെളിയിച്ച് കൊടുത്ത പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രി പദത്തിലേക്ക് കേരളം തിരഞ്ഞെടുത്തത് വെറുതെയല്ല. അർഹത ഉള്ളതു കൊണ്ടാണ്.

voices
Advertisment