-തിരുമേനി
നമ്മുടെ കേരളം സംസ്ക്കാര സമ്പന്നമെന്ന് നാം വീമ്പിളക്കുന്നു. ലക്ഷദ്വീപിനെക്കുറിച്ച് ഓർത്ത് വിലപിക്കുന്നു. നിയമസഭയിൽ പ്രമേയം പാസ്സാക്കുന്നു. എന്നിട്ട് നമ്മുടെ കൺമുമ്പിൽ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനാണ് കാപട്യം എന്ന് പറയുന്നത്.
കേരളത്തിൽ പാലക്കാട് ജില്ലയിലാണ് നെന്മാറ എന്ന സ്ഥലം. നെന്മാറയിൽ ഒരു വീട്ടിലെ ഒരു മുറിയിൽ ഒരു പെൺകുട്ടിയെ ലോകം കാണിക്കാതെ, സൂര്യപ്രകാശം കാണിക്കാതെ 10 വർഷം തടവിലാക്കി പൂട്ടിയിട്ടിരുന്ന വാർത്ത കേട്ടപ്പോൾ എല്ലാവരും ഞെട്ടി.
പൂട്ടിയിട്ടത് ഒരു യുവാവ്. വാർത്ത വെളിയിൽ വന്നതിന് ശേഷവും ഒന്നും സംഭവിക്കാത്തതു പോലെ കേരള സമൂഹം. പെൺകുട്ടിയെ കാണാനില്ല എന്ന് പറഞ്ഞ് മാതാപിതാക്കൾ പത്ത് വർഷം മുമ്പ് കൊടുത്ത പരാതിയിൽ കേരള പോലീസ് ഇപ്പോഴും അന്വേഷണം നടത്തുന്നുവത്രെ.
എങ്കിൽ ഈ വാർത്ത വെളിയിൽ വന്നപ്പോൾ പോലീസ് എന്തുകൊണ്ട് ഈ യുവാവിനെ കസ്റ്റഡിയിൽ എടുക്കുന്നില്ല? 10 വർഷം മുറിയിൽ, ഇരുളിൽ കഴിയാൻ വിധിക്കപ്പെട്ട ഈ സാധു യുവതിയുടെ മാനസിക ആരോഗ്യം പരിശോധിക്കാൻ എന്തുകൊണ്ട് യുവതിയെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയില്ല?
ഇവിടുത്തെ സ്ത്രീവിമോചന, സ്ത്രീ സ്വാതന്ത്ര്യ പ്രവർത്തകർ എവിടെ? വനിതാ കമ്മീഷൻ എവിടെ? എന്തുകൊണ്ട് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകുന്നില്ല?
ഒരു യുവതിയുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷങ്ങളാണ് തടവറക്കുള്ളിൽ ഹോമിച്ചത്. ഇത് മനുഷ്യാവകാശ ലംഘനമല്ലേ? എന്നിട്ടും നികൃഷ്ടനായ ഈ യുവാവ് യാതൊരു ജാള്യതയുമില്ലാതെ ചാനലുകളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.
ഇതിനേക്കാൾ ഭയാനകം നെന്മാറ എം.എൽ.എ കെ.ബാബു മനോരമ ചാനലിന് നൽകിയ പ്രതികരണമാണ്. (നിയമസഭ ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് ഇന്നലെയാണ് അവിടെ പോകാൻ കഴിഞ്ഞത്. ഞാൻ ആ വീട്ടിൽ പോയി. പെൺകുട്ടിയോട് സംസാരിച്ചു. വളരെ സന്തോഷവതിയാണ്. അവർക്ക് പ്രശ്നമൊന്നുമില്ല. ഇതിൽ മനുഷ്യാവകാശ ലംഘനമൊന്നുമില്ല. അവരെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടത്.)
എങ്ങിനെയുണ്ട്? ഇയാൾ ഒരു എം.എൽ.എ ആണോ? 10 വർഷം മുറിയിൽ അടച്ചിടപ്പെട്ട ഒരു പെൺകുട്ടിയോട് സംസാരിച്ചപ്പോൾ അവൾ സന്തോഷവതിയാണ് എന്ന് പറഞ്ഞുവത്രെ. 10 വർഷം പൂട്ടിയിട്ടതിൽ യാതൊരു മനുഷ്യാവകാശ ലംഘനവുമില്ലത്രെ. ഇയാളെയാണ് നെന്മാറക്കാർ ജയിപ്പിച്ച് നിയമസഭയിൽ വിട്ടത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെക്കുറിച്ച് ഇയാൾക്ക് ആവലാതിയില്ല. മകൾ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വേദനയെക്കുറിച്ച് ഇയാൾക്ക് ചിന്തയില്ല. ഇയാളാണോ എം.എൽ.എ?
നമ്മുടെ നിയമമനുസരിച്ച് പ്രായപൂർത്തിയായാൽ ഇതിന് നിയമ സാധുത ഉണ്ടായിരിക്കാം.
നിഷേധിക്കുന്നില്ല. എന്നാൽ ഒരു പെൺകുട്ടിയെ 10 വർഷം അടച്ചിട്ട് പീഡിപ്പിക്കാൻ നിയമം ഉണ്ടോ ഈ രാജ്യത്ത്? എം.എൽ.എ മറുപടി പറയണം.
എന്തുകൊണ്ട് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്യുന്നില്ല? ഇതേ എം.എൽ.എ ആണ് ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തിന് കൈ പൊക്കിയത്.
എന്തിനാണ് 10 വർഷം പൂട്ടിയിട്ട് പീഡിപ്പിച്ചത്? വിവാഹം കഴിക്കാനായിരുന്നെങ്കിൽ രജിസ്റ്റർ ചെയ്യാമായിരുന്നല്ലോ. രജിസ്റ്റർ വിവാഹം ചെയ്യാതെ ലിവിങ് ടുഗെതർ ആയിരുന്നെങ്കിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതെന്തിനാണ്? വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ?
ഇതെല്ലാം അറിയാൻ സമൂഹത്തിന് അവകാശമില്ലേ? ഇത്രയും കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്?
നമുക്കറിയാം എരുമേലിയിൽ നിന്ന് കാണാതായ ജെസ്ന. വർഷമെത്രയായി. എവിടെയെങ്കിലും ഇതുപോലെ തടവറക്കുള്ളിൽ അടയ്ക്കപ്പെട്ടിരിക്കാം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ സുരഭിലമാകേണ്ടിയിരുന്ന 10 വർഷമാണ് തടവറക്കുള്ളിൽ നശിപ്പിക്കപ്പെട്ടത്. എന്നിട്ടും അവൾ സന്തോഷവതിയാണ് എന്ന് പറയുന്ന ജനപ്രതിനിധി ഉള്ള നാടാണ് കേരളം.
എവിടെ നമ്മുടെ സാംസ്ക്കാരിക നായകർ? എവിടെ നമ്മുടെ സ്ത്രീവിമോചന പ്രവർത്തകർ ?
കേരളമേ നീ ലജ്ജിച്ച് തല താഴ്ത്തൂ...