Advertisment

ചാരക്കേസ് പുനർജനിക്കുന്നു... ഇത് ചരിത്രത്തിന്റെ തനിയാവർത്തനം

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

പോലീസിന് അതിവിപുലമായ അധികാര പരിധി ആണുള്ളത്. ഒരു എഫ്.ഐ.ആർ ഇടുമ്പോൾ അതിൽ ഏതെല്ലാം സെക്ഷൻ ചേർക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ആണ് തീരുമാനിക്കുന്നത്. പോലീസ് വിചാരിച്ചാൽ ആരെ വേണമെങ്കിലും പ്രതി ചേർത്ത് അകത്തിടാം. ഇതാണ് നമ്മുടെ നിയമ വ്യവസഥ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാകണമെങ്കിൽ ഹൈക്കോടതിയിൽ പോകണം.

ഈ അധികാരം സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കപ്പെട്ട അനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യഥാർത്ഥ പ്രതി പുറത്ത് വിലസി നടന്നപ്പോൾ വർഷങ്ങളോളം ജയിലിൽ കിടന്ന ഒരു നിരപരാധിയുടെ കണ്ണീർ വാർക്കുന്ന കഥ ഈയിടെ വായിച്ചു.

തങ്ങളുടെ പ്രതാപകാലത്ത് നടത്തിയ അധികാര ദുർവിനിയോഗവും ക്രൂരമായ അക്രമവും കാലമേറെ ചെന്നപ്പോൾ തിരിഞ്ഞു കൊത്തുന്ന അപൂർവമായ സാഹചര്യമാണ് പ്രമാദമായ ചാരക്കേസിൽ ഉണ്ടായിരിക്കുന്നത്.

ചാരക്കേസ് നൂറ് ശതമാനവും കെട്ടിച്ചമച്ചതാണ്. കഥ മുമ്പോട്ട് കൊണ്ടുപോയവരിൽ പോലീസ് ഓഫീസർമാരുണ്ട്, മാധ്യമ പ്രവർത്തകരുണ്ട്, രാഷ്ട്രീയ നേതാക്കൾ ഉണ്ട്. ഉദ്ദേശം പലതായിരുന്നുവെന്ന് മാത്രം.

മറിയം റഷീദ എന്ന മാലി വനിതയെ അറസ്റ്റ് ചെയ്ത വാർത്ത ആദ്യമായി വന്നത് തനിനിറം എന്ന മഞ്ഞപത്രത്തിലാണ്. പിന്നീട് അത് ദേശാഭിമാനിയിൽ വലിയ വാർത്തയായി വന്നു. സ്മാർട്ട് വിജയൻ എന്ന് വിളിപ്പേരുള്ള എസ്.വിജയൻ എന്ന പോലീസ് ഓഫീസറാണ് മറിയം റഷീദയെ അറസ്റ്റ് ചെയ്തത്.

publive-image

ബ്ലാക് മെയിലിങ് ജേണലിസത്തിലൂടെ കുപ്രസിദ്ധനായ ഒരു മാധ്യമ പ്രവർത്തകനും ചില പോലീസ് ഓഫീസർമാരും ചേർന്ന് പിന്നീട് കെട്ടിച്ചമച്ച കഥയാണ് കേരളത്തെ നടുക്കിയ ചാരക്കേസ്. ഈ മാധ്യമ പ്രവർത്തകൻ പിന്നീട് ചില ക്രിമിനൽ കേസുകളിൽ പ്രതിയായി.

ലോക പ്രശസ്ത ശാസ്ത്രജ്ഞനാകേണ്ടിയിരുന്ന നമ്പി നാരായണൻ ക്രയോജനിക് സാങ്കേതിക വിദ്യ ഐ.എസ്.ആർ.ഒ യിൽ നിന്ന് മറിയം റഷീദക്കും ഫൗസിയ ഹസനും ചോർത്തി നൽകി എന്നതാണ് കേസ്.

അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം കൂടി മനസ്സിലാക്കണം. നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രി. സർവ പ്രതാപിയായ കെ.കരുണാകരൻ കേരള മുഖ്യമന്ത്രി. കോൺഗ്രസിലെ ഐ - എ ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തി നിൽക്കുന്ന സമയം. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും കെ. കരുണാകരനെ വലിച്ച് താഴെയിടാൻ തക്കം പാർത്തിരിക്കുന്ന സമയം.

കരുണാകരന്റെ വിശ്വസ്തനായിരുന്ന രമൺ ശ്രീവാസ്തവ യാതൊരു ബന്ധവുമില്ലാത്ത ചാരക്കേസിലേക്ക് വലിച്ചിഴകപ്പെടുന്നു. രമൺ ശ്രീവാസ്തവ ആയിരുന്നില്ല ലക്ഷ്യം. കെ. കരുണാകരൻ ആയിരുന്നു.

മലയാളത്തിലെ പ്രധാന പത്രം ഇതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ചരിത്രത്തിലെ ചാരസുന്ദരിമാരുടെ കഥകൾ ഓരോ ദിവസവും വായനാക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. പ്രധാന പത്രം ചാരക്കഥകൾ എഴുതിത്തുടങ്ങിയപ്പോൾ മറ്റ് പത്രങ്ങൾക്ക് നിവൃത്തിയില്ലാതായി.

publive-image

നിറം പിടിപ്പിച്ച കഥകൾ അവരും എഴുതിത്തുടങ്ങി. ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന ആർ.ബി ശ്രീകുമാറിന്റെ ബാംഗ്ലൂരിലെ ഓഫീസിലേക്ക് തിരുവനന്തപുരത്ത് നിന്ന് മാധ്യമ പ്രമുഖർ ഫ്ലൈറ്റുകളിൽ പറന്നെത്തി. അഭിമുഖം നടത്തി. രാജ്യത്തെ നടുക്കിയ ചാരക്കേസ് കണ്ടെത്തിയ സ്മാർട്ട് വിജയനും, ജോഷ്വായും, ആർ.ബി.ശ്രീകുമാറും, സിബി മാത്യൂസും മലയാളികളുടെ ഹീറോകളായി.

അന്ന് കെ.കരുണാകരൻ പറഞ്ഞിരുന്നു ചാരക്കേസ് വെറും ചാരമാകും എന്ന്. നരസിംഹ റാവുവിന്റെ ഉദ്ദേശ്യം വേറെയായിരുന്നു. സർവ പ്രതാപിയായ കെ.കരുണാകരന്റെ അപ്രമാദിത്വം ഇല്ലാതാക്കുക. ഇതിന് വേണ്ടി ഐ.ബിയെ ഉപയോഗിച്ചതിന്റെ തെളിവാണ് ആർ.ബി.ശ്രീകുമാറിന്റെ കേസിലെ സാന്നിദ്ധ്യം.

കെ.കരുണാകരൻ എന്ന വൻമരം കടപുഴകി വീണു. അദ്ദേഹത്തിന്റെ ശത്രുക്കൾ കൈകൊട്ടി ചിരിച്ചു. നമ്പി നാരായണൻ, ശശികുമാർ തുടങ്ങിയ ശാസ്ത്രജ്ഞർ അഴിക്കുള്ളിലായി. ഇവരുടെ കുടുംബാംഗങ്ങൾ അപമാനിതരായി വീട്ടിനുള്ളിൽ കഴിഞ്ഞു.

publive-image

കാലം തിരിഞ്ഞു കൊണ്ടേയിരുന്നു. ശക്തമായ നിയമ യുദ്ധത്തിനൊടുവിൽ നമ്പി നാരായണനുൾപ്പടെയുള്ള ശാസ്ത്രജ്ഞർ കുറ്റവിമുക്തരാക്കപ്പെട്ടു. നമ്പിനാരായണന് നഷ്ടപരിഹാരം നൽകാൻ വിധിയായി.

മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവർ വർഷങ്ങളോളം ജയിലിൽ കിടന്നു. കേരളത്തിലേക്ക് വരാൻ തോന്നിയ അഭിശപ്തമായ നിമിഷത്തെ ശപിച്ചു കൊണ്ട്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ ഹർജിയിൽ പരമോന്നത നീതിപീഠം സി.ബി.ഐ യെ അന്വേഷണം ഏൽപ്പിച്ചു കൊണ്ട് ഉത്തരവായി.

publive-image

ഏറ്റവുമവസാനം എസ്.വിജയൻ, ആർ ബി. ശ്രീകുമാർ, സിബി മാത്യൂസ്, ജോഷ്വ തുടങ്ങിയവരെ പ്രതി ചേർത്ത് കേസ് എടുത്തിരിക്കുന്നു. കള്ളക്കേസുണ്ടാക്കിയതിൽ ഇവർക്കെല്ലാമെതിരെ തെളിവുണ്ട് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരമോന്നത നീതിപീഠം ഉത്തരവ് നൽകിയിരിക്കുന്നത്.

കേസ് നല്ല രീതിയിൽ നടന്നാൽ ഇവരെല്ലാം അകത്താകാൻ സാധ്യതയുണ്ട്. കാലം എല്ലാത്തിനും സാക്ഷിയായി നിൽക്കുന്നുവെന്ന സത്യം മറക്കുന്നവർക്കാണ് ഇത്തരം ദുരനുഭവം ഉണ്ടാകുന്നത്. അധികാരം കൈയിലിരിക്കുമ്പോൾ മറ്റുള്ളവരെ നശിപ്പിക്കാൻ അത് ഉപയോഗിക്കുന്നവരെ പിന്നീട് അതേ ചക്രായുധം പിന്തുടരും എന്ന സത്യം മറക്കരുത്.

ഇതിലുൾപ്പെട്ട തത്വദീക്ഷയില്ലാത്ത ബ്ലാക്മയിലിങ് ജേണലിസ്റ്റുകളെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കണം. ചുക്കാൻ പിടിച്ച നേതാക്കളേയും. ചാരക്കേസിലൂടെ തകർന്നടിഞ്ഞ ജീവിതങ്ങൾക്ക് തങ്ങളെ ഇല്ലാതാക്കിയവരെ അഴിക്കുള്ളിലാക്കുന്ന ചരിത്രത്തിന്റെ തനിയാവർത്തനം അങ്ങിനെയെങ്കിലും നീതി നൽകട്ടെ.

voices
Advertisment