പ്രതികരണം

ജാതി രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞ് കേരളത്തിലെ ബിജെപി – പ്രതികരണത്തില്‍ തിരുമേനി എഴുതുന്നു

സത്യം ഡെസ്ക്
Friday, July 9, 2021

-തിരുമേനി

കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായ പ്രതീക്ഷക്ക് വകയുണ്ടെന്ന് തോന്നുന്നില്ല. പിണറായി വിജയൻ എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും തകർന്നടിഞ്ഞുവെന്നത് ആർക്കും നിഷേധിക്കുവാൻ പറ്റില്ല.

കോടികൾ വാരിയെറിഞ്ഞ് പ്രചരണം നടത്തിയിട്ടും കൈയിലുണ്ടായിരുന്ന ഒരു സീറ്റ് പോലും നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല. യു.ഡി.എഫി നാവട്ടെ സീറ്റ് കുറയുകയും ചെയ്തു. കോൺഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും കാൽച്ചുവട്ടിലെ മണ്ണ് ധാരാളം ഒഴുകിപ്പോയി. ഇവയെല്ലാം ഒഴുകിയത് പിണറായിയിലേക്കാണ്.

ഇത് പിണറായി ഒരു ദിവസം കൊണ്ട് സാധിച്ചെടുത്തതല്ല. കൃത്യമായ രാഷ്ട്രീയ സാമുദായിക നീക്കങ്ങൾ പിണറായി നടത്തി. അടിയൊഴുക്ക് മനസ്സിലാക്കുവാൻ യു.ഡി.എഫിലെ ബുദ്ധി കേന്ദ്രങ്ങൾക്ക് കഴിഞ്ഞില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുകയും സത്യപ്രതിജ്ഞ സമയം വരെ നിശ്ചയിക്കുകയും ചെയ്തിരുന്നു.

യു.ഡി.എഫ് കേന്ദ്രങ്ങൾ 78, 83, 87 എന്നിങ്ങനെ സീറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ചു. കൃത്യമായ കണക്ക് കൂട്ടൽ നടത്തിയിരുന്ന പിണറായി വിജയൻ ഫലം വരട്ടെ എന്ന് മാത്രം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടേയും മുന്നോക്ക സമുദായങ്ങളുടേയും വോട്ട് കൃത്യമായി പിണറായിക്ക് കിട്ടി. ഈഴവ വോട്ടുകൾ പതിവ് പോലെ ഏറ്റക്കുറച്ചിൽ ഇല്ലാതെ ഇടത് മുന്നണിക്ക് കിട്ടുകയും ചെയ്തു.

പാർട്ടിയിലെ കൃതഹസ്തരായ പല നേതാക്കൾക്കും മന്ത്രിമാർക്കും സീറ്റ് കിട്ടിയില്ല. ജയിച്ച് വന്ന മുൻ മന്ത്രിസഭയിലെ മന്ത്രിമാർക്ക് മന്ത്രി പദവും നൽകിയില്ല. ആദർശത്തിന്റെ പരിവേഷത്തോടെ പിണറായി അധികാരത്തിന്റെ കേന്ദ്രബിന്ദുവായി .

സ്പീക്കർ അടക്കം പത്ത് നായർ സമുദായ അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. മുന്നോക്ക സമുദായങ്ങൾക്ക് ഇത്രയും പ്രാതിനിധ്യം കിട്ടിയ മറ്റൊരു മന്ത്രിസഭ കേരളത്തിൽ ഉണ്ടായിട്ടില്ല.
യു.ഡി.എഫ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. അവരുടെ വോട്ട് ബാങ്ക് മൊത്തം ചോർന്നു.

മുസ്ലീം ലീഗിന്റേയും കേരള കോൺഗ്രസിന്റേയും തൊഴുത്തിൽ കോൺഗ്രസിനെ കൊണ്ട് കെട്ടിയ ഏമാൻമാർ ഇപ്പോഴും ഗ്രൂപ്പുകളെ കൊഴുപ്പിക്കുന്നു. ഗ്രൂപ്പ് വളർത്തൽ ആണ് പാർട്ടി വളർ ത്തൽ എന്ന് കണ്ടുപിടിച്ചവർക്ക് വർത്തമാനകാല തലമുറയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ല.

ഡി.വൈ.എഫ്.ഐ താഴേ തട്ടിൽ സഹായവുമായി എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് സ്വർണക്കടത്തിന്റെ പിറകേ പോയി. വറുതിക്കാലത്ത് സർക്കാരിന്റെ അഴിമതി സമൂഹത്തിന്റെ അടിത്തട്ട് കാര്യമായി എടുത്തില്ല. അവിടെ പ്രതിരോധിക്കാൻ പാർട്ടിക്കാരുണ്ടായിരുന്നു.

അല്ലെങ്കിലും കോൺഗ്രസ് പ്രവർത്തകർക്ക് സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ല. പഴയ കാല രാഷ്ട്രീയ ശൈലി കൊണ്ട് ജയിച്ച് കയറാമെന്ന് യു.ഡി.എഫ് വിചാരിച്ചു. മറ്റൊന്ന് പിണറായി വിജയൻ നടത്തിയ ക്രൈസിസ് മാനേജ്മെന്റ് ആണ്. ഉദ്യോഗസ്ഥരെ എങ്ങിനെ ഉപയോഗിക്കണം എന്ന് കൃത്യമായി അറിയാവുന്ന ഒരു ഭരണാധികാരിയാണ് പിണറായി .

യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇനി അധികാരത്തിലേക്ക് വരിക എന്നത് എളുപ്പമല്ല. കാരണം ഇന്നത്തെ കേരളത്തിലെ സമുദായ സമവാക്യങ്ങൾ അങ്ങിനെയാണ്. ഇത്രയും കാലം കാലത്ത് കോൺഗ്രസിനേയും യുഡിഎഫിനേയും കണ്ണുമടച്ച് പിന്തുണച്ചിരുന്ന ക്രൈസ്തവ സഭകൾ കളം മാറ്റി ചവിട്ടിയത് യുഡിഎഫിനെ അമ്പരപ്പിച്ചു.

എൽ.ഡി.എഫിന്റെ നയങ്ങൾ സഭകളുടെ താൽപര്യത്തിനനുസൃതമായി വ്യാഖ്യാനിച്ച് കൊടുക്കാൻ സി.പി.എം നേതൃത്വത്തിനായി. അതേ പോലെ ന്യൂനപക്ഷത്തിന്റെ സംരക്ഷകൻ താൻ തന്നെയാണ് എന്ന് ഉറപ്പിച്ചെടുക്കാൻ പിണറായിക്ക് കഴിഞ്ഞു. ഒരു സുധാകരനോ വി.ഡി.സതീശനോ രക്ഷിച്ചെടുക്കാൻ കഴിയുന്ന അവസഥയിലല്ല യു ഡി.എഫും കോൺഗ്രസും.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം വളരെ ദൂർബ്ബലമാണ്. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയം ഒരു വിനോദമാണ്. രാഷ്ട്രീയത്തിൽ ഊന്നിയുള്ള പ്രവർത്തനം രാഹുലിനില്ല. അദ്ദേഹത്തെ നിയന്ത്രിക്കുന്നത് തന്നെ മറ്റ് ചിലരാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ വളർച്ചക്ക് പരിമിതികൾ ഉണ്ട്.

ജാതി രാഷ്ട്രീയത്തിൽ തകർന്ന മറ്റൊരു പാർട്ടിയാണ് കേരളത്തിലെ ബി.ജെ.പി. വി.മുരളീധരനും കെ.സുരേന്ദ്രനും ചേർന്ന് കേരള ബി.ജെ.പിയെ ഹൈജാക്ക് ചെയ്യാൻ നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. കേരളത്തിലെ ഭൂരിഭാഗം ഈഴവരും സി.പി.എമ്മിന്റെ വോട്ടർമാരാണ്. ബി.ജെ.പിയുടെ വോട്ട് ബാങ്ക് യഥാർത്ഥത്തിൽ നായർ സമുദായമാണ്.

നായർ സമുദായത്തിന് കേരള ബി.ജെ.പിയിൽ നേരിടേണ്ടി വന്ന അവഗണനയാണ് ബി. ജെ.പി ഇവിട തകരാൻ കാരണം. കെ.സുരേന്ദ്രൻ പ്രഫഷണലിസം ഒട്ടുമില്ലാത്ത നേതാവാണ്. അല്ലെങ്കിൽ പ്രസീത അഴിക്കോട് എന്ന ഘടക കക്ഷി നേതാവിനോട് ഫോണിൽ പണത്തിന്റെ കാര്യം സംസാരിക്കുമോ?

രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠം പോലും സുരേന്ദ്രന് അറിയില്ല. എന്തായാലും കാര്യമായ വളർച്ച തൽക്കാലം ബി.ജെ.പിക്ക് കിട്ടില്ല. കേരളം ഭരണ തുടർച്ചയിലേക്ക് പോകുന്നുവെന്ന സത്യം മുമ്പിൽ നിൽക്കുന്നു. തൽക്കാലം പിണറായി എന്ന യാഗാശ്വത്തിനെ പിടിച്ച് കെട്ടാൻ കെൽപ്പുള്ള രാഷ്ട്രീയ എതിരാളി കേരളത്തിൽ ഇല്ല.

×