ആകെ കുവൈറ്റ് സ്വദേശികളുടെ എണ്ണത്തിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടാകരുത്; പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്‌; നിര്‍ദ്ദേശങ്ങള്‍ ബാധിക്കുന്നത് എട്ടു ലക്ഷത്തോളം ഇന്ത്യക്കാരെ !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, July 4, 2020

കുവൈറ്റ് സിറ്റി: വിവിധ രാജ്യക്കാര്‍ക്കായുള്ള ‘ക്വാട്ട’ സംബന്ധിച്ചുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ അംഗീകരിച്ചതായി ലെജിസ്ലേറ്റീവ് കമ്മിറ്റി അറിയിച്ചു.

പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ആകെ കുവൈറ്റുകാരുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടാകരുതെന്നാണ് ഒരു നിര്‍ദ്ദേശം.

ഈജിപ്ത്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈറ്റ് സ്വദേശികളുടെ എണ്ണത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ല. നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മൂന്ന് ശതമാനം മാത്രമേ പാടുള്ളൂവെന്നും എന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ അനുയോജ്യമാണോയെന്ന് കമ്മിറ്റി പരിശോധിച്ചു. നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നിയമം പാസാക്കുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. 30 ലക്ഷത്തോളം പ്രവാസികളെ ബാധിക്കുന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍.

ഏകദേശം 1.45 മില്ല്യണ്‍ സ്വദേശികളാണ് കുവൈറ്റില്‍ ഉള്ളത്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റ് വിടേണ്ടി വരും. എന്നാല്‍ അത് അപ്രായോഗികമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

×