കുവൈറ്റില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസിനായുള്ള സന്ദേശങ്ങള്‍ അയച്ചുതുടങ്ങി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 4, 2021

കുവൈറ്റ് സിറ്റി: അസ്ട്രാസെനെക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് 12 ആഴ്ച മുമ്പ് സ്വീകരിച്ചവര്‍ക്ക്, രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സന്ദേശം അയച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്.

മിഷ്രെഫിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ കുവൈറ്റ് വാക്‌സിനേഷന്‍ സെന്ററിലും, മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും അസ്ട്രാസെനെക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫൈസര്‍ വാക്‌സിന്റെ 15-ാമത്തെ ബാച്ച് ബ്രസല്‍സില്‍ (ബെല്‍ജിയം) നിന്ന് ഞായറാഴ്ച എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിനെത്തിയാല്‍ ഇത് ഉടന്‍ തന്നെ വാക്‌സിനേഷന്‍ സെന്ററിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, 1.110 മില്യണിലധികം പേര്‍ കുവൈറ്റില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായും, ഈയാഴ്ച അവസാനത്തോടെ ഈ എണ്ണം 1.250 മില്യണായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

×