‘അസുരന്‍’ നൂറ് കോടി ക്ലബ്ബില്‍

ഫിലിം ഡസ്ക്
Wednesday, October 16, 2019

ധനുഷ് നായക കഥാപാത്രമായെത്തുന്ന അസുരന്‍ എന്ന ചിത്രം. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ വിജയം മലയാളികള്‍ക്കും അഭിമാനമാണ്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്റര്‍ കളക്ഷന് പുറമെ, വിദേശ രാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റല്‍, ഓഡിയോ, സാറ്റ്‌ലൈറ്റ് റൈറ്റുകളും ഉള്‍പ്പെടെയാണ് ചിത്രം നൂറ് കോടി നേടിയിരിക്കുന്നത്.

തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുക്കിയിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരനില്‍ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.

×