/sathyam/media/post_attachments/3nVnTUrjBlpem5VpxSVm.jpg)
പാലക്കാട്: പ്രസവ സംബന്ധമായ ചികിത്സാ പിഴവിൽ ശരീരം തളർന്ന് ജീവിതം കിടക്കയിലായെങ്കിലും വർണക്കുടകൾ നിർമിച്ച് നിരാലംബർക്ക് കൂടി മാതൃകയാകുകയാണ്
കല്ലടിക്കോട് അമ്പലപ്പള്ളേൽ വീട്ടിൽ അശ്വതി.
ആർക്കു മുമ്പിലും കൈനീട്ടാതെ, പരാശ്രയമില്ലാതെ ജീവിക്കണമെന്ന ആഗ്രഹത്താലാണ് അഞ്ചുവർഷമായി അശ്വതി ജീവിതമാർഗം തേടി കുട തുന്നുന്നത്. അസുഖവും ചികിത്സചെലവും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെന്ന തോന്നൽ ഉണ്ടായെങ്കിലും മനസ്സിൽ നിറഞ്ഞ ശുഭാപ്തിവിശാസമാണ് പുതിയൊരു ജീവിതമാർഗത്തിലേക്ക് ഇവരെ കൈപിടിച്ചുയർത്തിയത്.
തടുക്കശേരിയിലെ സുഹൃത്ത് ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുവേണ്ടി നടത്തിയ സ്വയംതൊഴിൽ പരിശീലനമാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. അവിടെ നിന്ന് വിവിധതരത്തിലുള്ള കുട, വർണക്കുട, കാലൻകുട, പേപ്പർ പേന എന്നിവയുടെ നിർമാണത്തിൽ വിദഗ്‌ധ പരിശീലനം കിട്ടി.
ഇപ്പോൾ സ്വന്തമായി നിർമിച്ച് ആവശ്യക്കാരിൽ എത്തിക്കുകയാണ്. ഗുണനിലവാരമുള്ള അസംസ്കൃതവസ്തുക്കൾ കോഴിക്കോട്ട് നിന്നും എത്തിച്ച് നിർമിക്കുന്ന കുട അത്യാകർഷകമാണ്.
ഇവയുടെ വില്പന ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
സോഷ്യൽ മീഡിയ വഴിസുഹൃത്തുക്കളിലൂടെ പരിമിതമായ തോതിലെ വില്പന നടക്കുന്നുള്ളൂ.
കുടയ്ക്ക് പുറമെ റീഫിൽ മാത്രം പ്ലാസ്റ്റിക്കും മറ്റെല്ലാം പേപ്പറും കൊണ്ട് നിർമിച്ചിരിക്കുന്ന പരിസ്ഥിതിസൗഹൃദ പേനകളും വില്പനക്കുണ്ട്.
ഈ കടലാസ് പേനകൾ ഒന്നോ രണ്ടോ വിത്തുകൾ കൂടി ചേർത്തവയാണ്. ആവശ്യക്കാർക്ക് സ്ഥാപനത്തിന്റെ പേര്, ആശംസകൾ, തുടങ്ങിയവ പ്രിന്റ് ചെയ്ത് സ്റ്റിക്കർ ഒട്ടിച്ചും വിത്ത് പേനകൾ കൊടുക്കും.
പ്രതിസന്ധികളിൽ തളരാതെയും ജീവിതത്തിൽ നിരാശപ്പെടാതെയുമുള്ള അശ്വതിയുടെ ജീവിതയാത്ര ആർക്കും പ്രചോദനമാണ്. ഫോൺ: 9656604969