കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ കടന്ന ഭീകരര്‍ നടത്തിയ വെടിവയ്പിലും ചാവേര്‍ ബോംബാക്രമണത്തിലും 19 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ട വെടിവയ്പാണ് ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്‌സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്‌ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.
മൂന്ന് അക്രമികളാണ് വെടിവയ്പ് നടത്തിയത്. ഒരാള്‍ ചാവേര്‍ സ്‌ഫോടനം നടത്തി. മറ്റു രണ്ടു പേരെ രക്ഷാസേന വെടിവച്ചു കൊന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് താരിഖ് അരിയാന്‍ പറഞ്ഞു.