/sathyam/media/media_files/uNFA1B4Fqa4ioc5nLAe6.jpg)
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങാണ് ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം മാത്രമല്ല, ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന വിശേഷണവും ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്.
ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളാ സ്ത്രീകളുടെ എണ്ണത്തിൽ വൻ വര്‍ധനവാണുള്ളത്. അന്നപൂർണ്ണേശ്വരി ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്നാണ് വിശ്വാസം.
കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഏറ്റവും അധികം ജനങ്ങൾ എത്തിച്ചേരുന്ന ഒരു ദിവസമാണ് പൊങ്കാല ദിവസം.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 7 നാണ് 2022 ലെ ആറ്റുകാൽ പൊങ്കാല ഉത്സവം നടക്കുന്നത്. ഫെബ്രുവരി27 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 7ന് രാവിലെ പത്തരയോടെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും.
ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദിക്കുന്നത്. 8ന് ഉത്സവം അവസാനിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ.
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റു. അതിന്‍റെ ഓർമ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികൾ ചേർത്തു വായിക്കുന്നു