ഓസ്‌ട്രേലിയയില്‍ വീണ്ടും കാട്ടുതീ

New Update

കാന്‍ബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ശക്തമായ കാട്ടുതീ. ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി അധികൃതര്‍ (എസിടി) കാന്‍ബറയുടെ ദക്ഷിണ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Advertisment

publive-image

രണ്ട് ദശാബ്ദത്തിനിടെ ഈ മേഖലയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കാട്ടുതീയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഏതാണ്ട് 18,500-ല്‍ അധികം ഹെക്ടര്‍ കത്തിനശിച്ചു. കാന്‍ബറയുടെ പരിസരപ്രദേശത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2003-ല്‍ ഉണ്ടായ കാട്ടുതീയ്ക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് മുഖ്യമന്ത്രി ആന്‍ഡ്രൂ ബാര്‍ പറഞ്ഞു. സിഡ്‌നിയ്ക്കും മെല്‍ബണിനും ഇടയ്ക്കുള്ള ചെറിയൊരു ഭാഗത്താണ് അപകടം. ഏതാണ്ട് 400,000 ആളുകളാണ് ഈ മേഖലയില്‍ ഉള്ളത്. 2003ല്‍ കാന്‍ബറയില്‍ ഉണ്ടായ കാട്ടുതീയില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും 470 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ചിലപ്പോള്‍ നിയന്ത്രണത്തില്‍ നിന്നും നഷ്ടമാകുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കി. താപനില 40 സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. ശക്തമായ കാറ്റും തീപടരാന്‍ കാരണമാകുന്നു. ഒരാഴ്ച മുന്‍പാണ് കാട്ടുതീ ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച കാന്‍ബറ വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു. ജനുവരി ആദ്യവാരം ഓസ്‌ട്രേലിയയുടെ പൂര്‍വ തീരത്ത് വലിയ രീതിയില്‍ കാട്ടുതീ പടര്‍ന്നിരുന്നു.

australian fire
Advertisment