/sathyam/media/media_files/7N8KdJCBDdI6icQDMZHP.jpg)
2023 മേഴ്സിഡസ് ബെൻസ് ജിഎൽസി ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ജർമ്മൻ ബ്രാന്റിന്റെ രണ്ടാം തലമുറ ജിഎൽസിയുടെ ബുക്കിങ്ങും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ട് വേരിയന്റുകളിലാണ് മേഴ്സിഡസ് ബെൻസ് ജിഎൽസി ലഭ്യമാകുന്നത്. 73.5 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
2023 മേഴ്സിഡസ് ബെൻസ് ജിഎൽസി രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. മേഴ്സിഡസ് ബെൻസ് ജിഎൽസി 300 എന്ന വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിഎൽസി 220ഡി എന്ന വേരിയന്റിന് 74.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ വാഹനത്തിന്റെ ബുക്കിങ്ങിനായി നൽകേണ്ടത് 1.5 ലക്ഷം രൂപയാണ്. നിലവിൽ വാഹനത്തിന് 1,500 ബുക്കിങ്ങുകൾ ലഭിച്ചതായി മേഴ്സിഡസ് ബെൻസ് അറിയിച്ചു. നാളെ (ആഗസ്റ്റ് 10) മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.
രണ്ടാം തലമുറ മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ നീളം 4,716 എംഎം ആണ്. പഴയ മോഡലുമായി താരമ്യപ്പെടുത്തുമ്പോൾ നാളം 60 എംഎം വർധിച്ചിട്ടുണ്ട്. വാഹനത്തിന്റെ വീൽബേസ് 15 എംഎം വർധിച്ച് 2,888 എംഎം ആയിട്ടുണ്ട്. വീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ പുതിയ മോഡലിന് 1,640 എംഎം ഉയരമാണുള്ളത്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരം 4 മില്ലിമീറ്റർ കുറയുകയാണ് ചെയ്തത്. വാഹനത്തിന്റെ ബൂട്ട് സ്‌പേസ് കപ്പാസിറ്റി 70 ലിറ്റർ വർധിപ്പിച്ച് 620 ലിറ്ററായിട്ടുണ്ട്.
2023 മെഴ്‌സിഡസ്-ബെൻസ് ജിഎൽസിയിൽ വലിയ മെഴ്‌സിഡസ് ബെൻസ് ലോഗോയാണ് കമ്പനി നൽകിയിട്ടുള്ളത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം ഫിനിഷിംഗ് എന്നിവ ഉൾപ്പെടുന്ന റേഡിയേറ്റർ ഗ്രില്ലാണ് ഈ വാഹനത്തിലുള്ളത്. 19 ഇഞ്ച് ഫൈവ് സ്‌പോക്ക് അലോയ് വീലാണ് മേഴ്സിഡസ് ബെൻസ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. പിന്നിൽ ത്രീ ഡൈമൻഷണൽ ലുക്കിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും പവർഡ് ടെയിൽഗേറ്റും ഗാർഡിൽ ക്രോം ഫിനിഷും നൽകിയിട്ടുണ്ട്.
2023 മേഴ്സിഡസ് ബെൻസ് ജിഎൽസിയെ ആദ്യ തലമുറ ജിഎൽസിയിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇന്റീരിയറാണ്. പുതിയ ജിഎൽസിടിൽ പിൻസ്‌ട്രൈപ്പ് പാറ്റേൺ ഉള്ള ഒരു പുതിയ ഡാഷ്‌ബോർഡാണുള്ളത്. 2023 ജിഎൽസി മൂന്ന് അപ്ഹോൾസ്റ്ററി കളർ ഓപ്ഷനുകളിൽ ലഭിക്കും. സിയന്ന ബ്രൗൺ, ബ്ലാക്ക്, മക്കിയാറ്റോ ബീജ് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. 360-ഡിഗ്രി ക്യാമറ, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, എയർ പ്യൂരിഫയർ, വലിയ പനോരമിക് സൺറൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്.