/sathyam/media/media_files/isG7EdSTecBZCa8Ki9b7.png)
വളരെ സാധാരണമായ ഒരു വാഹനത്തിന്റെ അഴക് പോലും വർധിപ്പിക്കാൻ അലോയികൾക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്ന് നിസംശയം പറയാം. സ്റ്റീൽ വീലുകൾ മാറ്റി നല്ലൊരു സെറ്റ് അലോയി വീലുകൾ വാഹനത്തിൽ ഫിറ്റ് ചെയ്താൽ അതിന്റെ മട്ടും ഭാവവും ആകെ മൊത്തം മാറും. ഏതൊരു വസ്തുവും പോലെ തന്നെ അലോയികൾക്കും പല ഗുണങ്ങളും ചില ദോഷങ്ങളുമുണ്ട്.
അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഭാരം കുറഞ്ഞവയാണ്, കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും ഭാരം കുറവായതിനാൽ, ഇത് വീലുകൾ കറക്കുന്നതിന് അല്ലെങ്കിൽ ഒരു റൗണ്ട് തിരിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള ഊർജ്ജം/ എനർജി കുറയ്ക്കുന്നു, ഇത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു.
വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നു: ഭാരം കുറവായതിനാൽ, അലോയി വീലുകൾ അൺസ്പ്രംഗ് മാസ് കുറയ്ക്കുന്നു. ഇത് സാധാരണയായി വാഹനം സ്റ്റിയർ ചെയ്യാനായി നാം എടുക്കേണ്ടി വരുന്ന എഫർട്ട്/ പരിശ്രമം കുറയ്ക്കുന്നതിനും മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യുന്നതിനും കാരണമാകുന്നു. ലോ അൺസ്പ്രംഗ് മാസ് മികച്ച സുഖസൗകര്യവും വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ ഈടുറ്റത്: അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഉറപ്പുള്ളതും ഈടുറ്റതുമാണ്. അലൂമിനിയം മഗ്നീഷ്യം അലോയി കൊണ്ട് നിർമ്മിച്ചതായതിനാൽ ഇവ സ്റ്റീൽ വീലുകൾ പോലെ വളയുകയില്ല. കൂടാതെ, ഇന്ന് വിപണിയിൽ പ്രമുഖമായ ട്യൂബ്‌ലെസ് ടയറുകൾക്ക് അലോയികൾ കൂടുതൽ അനുയോജ്യമാണ്. ടയറുകളുടെ ഇവ മികവോടെ ആകൃതി നിലനിർത്തുന്നു.
തുരുമ്പ് അടിക്കുകയില്ല: അലുമിനിയം അലോയി വീലുകൾ സ്റ്റീൽ വീലുകൾ പോലെ തുരുമ്പെടുക്കില്ല എന്നത് ശ്രദ്ധേയമാണ്, അതിനാൽ തന്നെ കാറുകൾക്ക് ഇവ വളരെ നല്ലതാണ്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന അളവിൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കാറുകൾക്ക് ഇവ വളരെ അയധികം പ്രയോജകമാണ്.