ഫോർഡ് ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യയിൽ ബ്രാൻഡ് വിൽപ്പനയും പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കുന്നതിൻ്റെ സാധ്യതകൾ വിലയിരുത്താൻ ഫോർഡ് മോട്ടോർ കമ്പനിയുടെ ഇൻ്റർനാഷണൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡൻ്റ് കേ ഹാർട്ട്, അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.
ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മറൈമലൈ നഗർ ഉൽപാദന കേന്ദ്രവുമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്‌നാട് സംസ്ഥാന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമുകൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യത ഫോർഡ് കമ്പനി പര്യവേക്ഷണം ചെയ്യുകയാണെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021-ൽ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫോർഡിൻ്റെ ചെന്നൈ പ്ലാൻ്റിലെ വാഹന ഉൽപ്പാദനം അവസാനിപ്പിച്ചിരുന്നു. പ്രാദേശികമായി അസംബിൾ ചെയ്യാവുന്ന എൻഡവറിൻ്റെ റീലോഞ്ച് മുതൽ ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ ഫോർഡ് നോക്കുന്നതായി സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു.
ഫോർഡ് അതിൻ്റെ ചെന്നൈ ടെക് ഹബ് വിപുലീകരിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയും ഒരു റിപ്പോർട്ട് ചെയ്യുന്നു. അതിൻ്റെ ആഗോള ഇവി പ്ലാറ്റ്‌ഫോമുകൾക്കായി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 3,000 ജീവനക്കാരെ കൂടി നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു.