/sathyam/media/media_files/wmRoeP4oFzehdFPItymO.jpg)
ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയ്ക്കായി പ്രീമിയം ബൈക്കുകൾ അവതരിപ്പിക്കാൻ പോകുന്നു എന്ന വാർത്ത വാഹനപ്രേമികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. കാത്തിരിപ്പിനിടയിൽ ഹാർലി ഡേവിഡ്സൺ എക്സ് 400 വിപണിയിലവതരിപ്പിക്കുകയും ചെയ്തു. 2.29 ലക്ഷം മുതൽ 2.69 ലക്ഷം വരെയായിരുന്നു ബൈക്കിന്റെ എക്സ് ഷോറൂം വില. എന്നാൽ ഇതിനിടയിലാണ് ഏവരെയും ഞെട്ടിച്ച് ട്രയംഫ് മോട്ടോർ സൈക്കിൾസ് അവരുടെ വിപണിപ്രവേശം നടത്തുന്നത്.
ബജാജ് മോട്ടോഴ്സുമായി കൈകോർത്ത് ട്രയംഫ് അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400 ന്റെ വിലവിവരം കൂടി പുറത്തുവന്നതോടെയാണ് പലരും ബൈക്ക് ബുക്ക് ചെയ്തേ അടങ്ങു എന്ന തീരുമാനത്തിലെത്തിയത്. കാരണം മൂന്ന് ലക്ഷമെങ്കിലും എക്സ് ഷോറും വില വരുമെന്ന് കരുതിയിടത്ത്. 2.34 ലക്ഷം രൂപയ്ക്കാണ് ബൈക്ക് അനൗൺസ് ചെയ്തത്. കൂടാതെ ഇരട്ടിമധുരമെന്ന പോലെ അടുത്ത ഓഫറും ഉടനടി തന്നെ വന്നു. ആദ്യ 10,000 ബുക്കിംഗുകൾക്ക് ബൈക്ക് 2.33 ലക്ഷത്തിന് സ്വന്തമാക്കാം.
എന്തായാലും ബുക്കിംഗ് തകൃതിയായി നടന്നതോടെ ആ ഓഫർ അവസാനിച്ചതായി കമ്പനി തന്നെ വ്യക്തമാക്കി. അതായത് ഇതിനോടകം തന്നെ 10,000ത്തിലധികം ബുക്കിംഗുകളാണ് ട്രയംഫ് സ്പീഡ് 400ന് ലഭിച്ചത്. 40 പിഎസ് @ 8000 ആർപിഎം ഉത്പാദിപ്പിക്കുന്ന 398.15 സിസി എയർ കൂൾഡ് ഫോർ വാൽവ്ഡ് ഡിഒഎച്ച്സി സിംഗിൾ സിലിണ്ടർ എൻജിനാണ് ട്രയംഫ് സ്പീഡ് 400-ന് കരുത്തേകുന്നത്. 13 ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി. ഡ്യുവൽ ചാനൽ എബിഎസോടു കൂടിയുള്ള ഡിസ്ക് ബ്രേക്കുകളാണ് സ്പീഡ് 400-ന് കമ്പനി നൽകിയിരിക്കുന്നത്.
ബജാജുമായി കരാറുണ്ടാക്കിയാണ് നിർമാണമെങ്കിലും വിൽപ്പനയും സർവീസുമെല്ലാം ട്രയംഫ് ഷോറും വഴിയാണ് നടക്കുക. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും. 16,000 കി. മീയിലാണ് വണ്ടിയുടെ ആദ്യ സർവീസ്. 4,000-5,000 വരെ സർവീസ് തുകയായി പ്രതീക്ഷിക്കാമെന്നാണ് വിവരം. 29 കി.മീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഫാന്റം ബ്ളാക്ക്, കാസ്പിയൻ ബ്ളൂ, കാർണിവൽ റെഡ് എന്നീ നിറഭേദങ്ങളിലാണ് ബൈക്ക് ലഭ്യമാകുന്നത്. കൂടാതെ ട്രയംഫ് സ്ക്രാംബ്ളർ മോഡലിന്റെ വിലവിവരങ്ങൾ കമ്പനി ഒക്ടോബറിൽ പുറത്തുവിടും.