/sathyam/media/media_files/1mIbRekMUVlgiqv2ZkGv.webp)
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അടുത്തിടെ പുതിയ SP160 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരുന്നു. അതിനൊപ്പം ജാപ്പനീസ് വാഹന നിര്‍മ്മാതാവ് തങ്ങളുടെ മോഡല്‍നിരയില്‍ ഒരു മാറ്റവും കൊണ്ടുവന്നു. എക്സ്-ബ്ലേഡ് (honda x blade) മോട്ടോര്‍സൈക്കിള്‍ നിര്‍ത്തലാക്കിയതാണ് അത്. ഉത്സവ സീസണില്‍ ധാരാളം ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഒഴുകാന്‍ സാധ്യതയുള്ള സമയത്ത് ഇത്തരമൊരു തീരുമാനം പലരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ പ്രതീക്ഷിച്ച വില്‍പ്പന നേടിയെടുക്കാന്‍ മോഡലിന് സാധിക്കാത്തതിനാല്‍ ഈ നീക്കം ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. 160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ യൂണികോണ്‍ ആണ് ഹോണ്ടക്ക് ഭൂരിഭാഗം വില്‍പ്പനയും നേടിക്കൊടുക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തില്‍ ബൈക്കുകള്‍ തേടിയെത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ എക്സ്-ബ്ലേഡിനായിരുന്നില്ല. അതിനുപുറമെ പുതിയ ഹോണ്ട SP160 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുക കൂടി ചെയ്തതോടെ എക്സ്-ബ്ലേഡിന്റെ ആവശ്യമില്ലെന്ന അവസ്ഥയുണ്ടാകുകയായിരുന്നു.
അതുപോലെ എക്സ്-ബ്ലേഡിനെ പോലുള്ള കുറഞ്ഞ അളവില്‍ നിര്‍മിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നിര്‍ത്തുന്നത് വാഹന നിര്‍മ്മാതാവിന്റെ നിര്‍മ്മാണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഇന്‍പുട്ട് ചെലവ് കുറയ്ക്കുകയും ചെയ്യും. ഹോണ്ടയുടെ മോഡല്‍ നിരയില്‍ ഹോണ്ട യൂണികോണിനും സ്‌പോര്‍ട്ടിയര്‍ ഹോണ്ട ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിനും ഇടയിലായിരുന്നു എക്സ്-ബ്ലേഡ് മോട്ടോര്‍സൈക്കിള്‍ സ്ഥാനം പിടിച്ചിരുന്നത്. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും സവിശേഷതകള്‍ ഏകോപിപ്പിച്ച ഒരു ഉല്‍പ്പന്നമെന്നും വേണമെങ്കില്‍ ഹോണ്ട എക്സ്-ബ്ലേഡിനെ പറയാവുന്നതാണ്.
ഹോണ്ട യൂണികോണ്‍ മോട്ടോര്‍സൈക്കിളിന്റെ യാത്ര സുഖവും ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ യൗവനം നിറഞ്ഞ ഡിസൈനും കൂട്ടിയിണക്കിയായിരുന്നു ഈ ബൈക്ക് ഹോണ്ട കൊണ്ടുവന്നത്. എന്നാല്‍ ഈ ആശയം കടലാസില്‍ മാത്രമായി ഒതുങ്ങിപ്പോയെന്നാണ് വിമര്‍ശനം. എന്നാല്‍ പുതിയ SP160 മോട്ടോര്‍സൈക്കിളില്‍ കുറച്ചുകൂടി അഗ്രസീവ് യൂത്ത് ലുക്കിലാണ് വരുന്നത്. തരക്കേടില്ലാത്ത പവറുള്ള ഒരു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ തേടിയെത്തുന്ന യുത്തന്‍മാരെയാണ് പ്രധാനമായും പുതിയ ലോഞ്ചുവഴി ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ഹോണ്ട ലക്ഷ്യമിടുന്നത്.
പള്‍സര്‍, അപ്പാച്ചെ തുടങ്ങിയ ജനപ്രിയ ബൈക്കുകളെപ്പോലെ തന്നെ എക്സ്-ബ്ലേഡിനും ഒരു സ്പോര്‍ട്ടി പ്രൊഫൈല്‍ ഉണ്ടായിരുന്നു. റോബോ-ഫേസ് എല്‍ഇഡി ഹെഡ്ലാമ്പ്, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പ് ബോഡി പാനലിംഗ്, സ്പോര്‍ട്ടി ഗ്രാഫിക്സ്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, സ്ലീക്ക് ഗ്രാബ് റെയിലുകള്‍, എഡ്ജ് ടെയില്‍ ലാമ്പ് എന്നിവയായിരുന്നു ബൈക്കിന്റെ ചില പ്രധാന ഡിസൈന്‍ സവിശേഷതകള്‍.