/sathyam/media/media_files/lNsy8nEa3dHZZct6nPvx.jpg)
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഗ്ലോബല്‍ ഇവന്റില്‍ മഹീന്ദ്ര ഥാര്‍.e, സ്‌കോര്‍പിയോ N അടിസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ പിക്കപ്പ് കണ്‍സെപ്റ്റ് എന്നിവക്കൊപ്പം ഓജ ട്രാക്ടറുകളുടെ പുതിയ ശ്രേണിയും അനാവരണം ചെയ്തിരുന്നു. കൂടാതെ സ്‌കോര്‍പിയോയുടെയും ബൊലേറോയുടെയും ഇലക്ട്രിക് പതിപ്പുകള്‍ കൂടി കൊണ്ടുവന്ന് ഇവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതായും ആഭ്യന്തര വാഹന നിര്‍മാതക്കള്‍ പ്രഖ്യാപിച്ചു.
XUV.e, BE ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികള്‍ കണ്‍സെപ്റ്റ് രൂപത്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റില്‍ രണ്ട് XUV.e-യുടെയും BE ഇലക്ട്രിക് എസ്‌യുവികളുടെയും ലോഞ്ച് ടൈംലൈനും കമ്പനി പങ്കുവെച്ചു. ഇതില്‍ നിന്നുള്ള ആദ്യ മോഡല്‍ അടുത്ത വര്‍ഷം അവസാനത്തോടെ പുറത്തിറക്കും.
ആഗോള ഇവന്റില്‍ വെച്ച് മഹീന്ദ്ര തങ്ങളുടെ ബോണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പുതിയ ലോഗോയും പ്രകാശനം ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറില്‍ പുറത്തിറക്കാന്‍ പോകുന്ന BE.05 ഇവിയിലാകും ഈ പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെടുക. അതിന് മുന്നോടിയായി മഹീന്ദ്രയുടെ പ്രധാന ഡിസൈനറായ പ്രതാപ് ബോസ് പ്രൊഡക്ഷന്‍ സ്‌പെക്ക് BE.05 ഇവിയുടെ ഒരു ടീസര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ബേഡ് ഐ വ്യൂവില്‍ മുകളില്‍ നിന്നെടുത്ത ഈ ചിത്രം ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നു. മഹീന്ദ്ര BE.05 ഇവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ ചെന്നൈ പ്ലാന്റിന് സമീപം പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. മൊത്തത്തില്‍ 4,370 mm നീളവും 1,900 mm വീതിയും 1,635 mm ഉയരവും 2,775 mm വീല്‍ബേസ് നീളവുമുള്ള സ്പോര്‍ട്സ് ഇലക്ട്രിക് വാഹനമാണ് BE.05 എന്ന് മഹീന്ദ്ര അവകാശപ്പെട്ടു.
മഹീന്ദ്ര BE.05 ഇവി അഗ്രസീവ് ഡിസൈന്‍ ഭാഷയിലാണ് പണികഴിപ്പിക്കുന്നത്. സ്പോര്‍ട്ടിയായി തോന്നുന്ന ഈ ഇവിയുടെ സ്‌പൈ ചിത്രങ്ങളും പുതിയ ടീസറും സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കണ്‍സെപ്റ്റ് പതിപ്പില്‍ നിന്നുള്ള മിക്ക ഡിസൈന്‍ ഘടകങ്ങളും പ്രൊഡക്ഷന്‍ പതിപ്പിലേക്ക് മഹീന്ദ്ര കൊണ്ടുവരുന്നതായാണ്. പ്രതാപ് ബോസ് പങ്കുവെച്ച ബേഡ് ഐ വ്യൂവിലുള്ള ടീസറില്‍ ഒരു ഗ്ലാസ് റൂഫ് കാണാം.